തലയോട്ടിയുടെ ഭാഗം കാണാനില്ല; രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Posted on: February 9, 2018 12:06 am | Last updated: February 9, 2018 at 12:06 am

ബെംഗുളൂരു: ശസ്ത്രക്രിയക്ക് വിധേയനായ 25 കാരന്റെ തലയോട്ടിയുടെ ഭാഗം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ രണ്ട് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. വൈദേഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ചിക്മംഗളൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ തലയോട്ടിയുടെ വലതുഭാഗമാണ് നഷ്ടമായത്. ഫെബ്രുവരി രണ്ടിനാണ് തലവേദനയെ തുടര്‍ന്ന് മഞ്ജുനാഥിനെ വൈദേഹി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചത്.

യുവാവിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ചെറുതായൊന്ന് തല ചൊറിയുന്നതുപോലും തലച്ചോറിന് ക്ഷതമുണ്ടാക്കാറുണ്ടെന്ന് മഞ്ജുനാഥ് പറഞ്ഞു. തലയോട്ടിയുടെ ഭാഗം മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നുവെന്നാണ് ഡോ. ഗുരുപ്രസാദിന്റെ വിശദീകരണം.