Connect with us

National

സ്വന്തം പതാക: കര്‍ണാടകക്ക് കടമ്പകളേറെ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകക്ക് സ്വന്തം പതാക തയ്യാറാക്കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത പതാകയുടെ രൂപഘടന അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍. കര്‍ണാടകയുടെ രൂപവത്കരണ ആഘോഷവേളകളില്‍ ഉയര്‍ത്തുന്ന ചുവപ്പും മഞ്ഞയും അടങ്ങിയ പതാക തന്നെ സംസ്ഥാനത്തിന്റെ പതാകയായി അംഗീകരിക്കണമെന്നും സമിതി നിര്‍ദേശിച്ച ത്രിവര്‍ണ പതാക അംഗീകരിക്കില്ലെന്നും കന്നഡ ഒക്കൂട്ട നേതാവ് വാട്ടാള്‍ നാഗരാജ് പറഞ്ഞു. മഞ്ഞ, വെള്ള, ചുവപ്പ് എന്നീ നിറത്തിലുള്ള പതാകക്കാണ് സമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്. വെള്ള നിറത്തിന്റെ മധ്യത്തില്‍ സര്‍ക്കാറിന്റെ ചിഹ്നവും നിര്‍ദേശിച്ചിട്ടുണ്ട്. ഈ പാതകക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, വിശദമായ പരിശോധനക്ക് ശേഷം മാത്രമേ സമിതി ശിപാര്‍ശ ചെയ്ത പതാകക്ക് അനുമതി നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിന് സ്വന്തം പതാക ഉണ്ടാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാലും നിര്‍ണായകമാവുക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. സ്വന്തം പതാകയുണ്ടാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച വിദഗ്ധ സമിതി കഴിഞ്ഞ ദിവസമാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ സ്വന്തം പതാക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുകയുള്ളൂ.
മന്ത്രിസഭയുടെ അനുമതിക്ക് ശേഷം പതാകക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളുമോ എന്നത് സംബന്ധിച്ച് സംശയമുയര്‍ന്നിട്ടുണ്ട്. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സ്വന്തം പതാക എന്ന സ്വപ്‌നം വൃഥാവിലാകും. അനുമതി നല്‍കുകയാണെങ്കില്‍ ജമ്മുകശ്മീരിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറും.

സംസ്ഥാനത്തിന് സ്വന്തം പതാകയുണ്ടാക്കുന്നതില്‍ നിയമ തടസമില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പതാകയുടെ നിറം, മാതൃക എന്നിവ തീരുമാനിക്കുന്നതിന് ഒമ്പതംഗ വിദഗ്ധ സമിതിയെ രൂപവത്ക്കരിച്ചത്. മഞ്ഞ, വെള്ള, ചുവപ്പ് എന്നീ നിറത്തിലുള്ള പതാകക്കായിരിക്കും അംഗീകാരം നല്‍കുന്നത്. വെള്ള നിറത്തില്‍ മധ്യത്തില്‍ സര്‍ക്കാര്‍ ചിഹ്നവുമുണ്ടായിരിക്കും.
സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപവത്കരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പു പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പതാക എന്ന അനുമതി നല്‍കിയത്. കര്‍ണാടകക്ക് മാത്രമായി സ്വന്തം പതാക ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരമൊരു നടപടിയിലൂടെ കന്നഡവികാരം അനുകൂലമാക്കി പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും.

2012ല്‍ ബി ജെ പിയും സ്വന്തം പതാക എന്ന ആശയവുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും ഇത് ഫലപ്രദമായിരുന്നില്ല. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ സ്വന്തം പതാക നീക്കവുമായി മുന്നോട്ടുപോകില്ലെന്ന് അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാനങ്ങള്‍ സ്വന്തം പതാകയുണ്ടാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമാണെന്ന വാദം സംസ്ഥാനത്ത് ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന് മാത്രമായി പതാകക്ക് രൂപം നല്‍കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ ബാധിക്കുമെന്ന വാദഗതിയും ശക്തമാണ്.

 

Latest