റാഫേല്‍ കരാറും ഒളിച്ചുകളികളും

Posted on: February 9, 2018 6:01 am | Last updated: February 8, 2018 at 11:43 pm

എന്താണ് റാഫേല്‍ വിമാനക്കമ്പനിയുമായുള്ള ഇടപാടില്‍ മോദി സര്‍ക്കാറിന് മറച്ചുവെക്കാനുള്ളത്? ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളിന്റെ ചോദ്യത്തിനുള്ള മറുപടിയായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ പറഞ്ഞത്. ഇടപാടിന്റെ വിശദാംശങ്ങള്‍ കരാറിന്റെ പത്താം വ്യവസ്ഥ പ്രകാരം രഹസ്യ സ്വഭാവമുള്ളതായതിനാലാണ് വെളിപ്പെടുത്താത്തതെന്നും മന്ത്രി പറയുന്നു. അതേസമയം കരാര്‍ സുതാര്യമാണ്, അതിന്റെ വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതില്‍ സര്‍ക്കാറിന് വിമുഖതയില്ലെന്നായിരുന്നു മൂന്ന് മാസം മുമ്പ് ഇതേ മന്ത്രി പറഞ്ഞത്. അന്നില്ലാത്ത എന്ത് രഹസ്യ സ്വഭാവമാണ് കരാറിന് പിന്നീട് കൈവന്നത്?
യു പി എ സര്‍ക്കാറാണ് വ്യോമസേനക്ക് വേണ്ടി വിദേശത്ത് നിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും 2012ല്‍ ഫ്രഞ്ച് കമ്പനിയായ ദാസൂദുമായി ഇത് സംബന്ധിച്ച കരാറുണ്ടാക്കിയതും. 126 വിമാനങ്ങളില്‍ 18 എണ്ണം പൂര്‍ണമായും കമ്പനി നിര്‍മിച്ചുനല്‍കാനും 108 എണ്ണം ഡസാള്‍ട്ടില്‍ നിന്നുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തോടെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച് എ എല്‍) നിര്‍മിക്കണമെന്നുമായിരുന്നു വ്യവസ്ഥ. അന്ന് 10.2 ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം 54,000 കോടി രൂപ) കരാര്‍. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് 2014 മാര്‍ച്ചില്‍ ദാസൂദും എച്ച് എ എല്ലും നിര്‍മാണ പങ്കാളിത്ത കരാറില്‍ ഒപ്പിടുകയും ചെയ്തു.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ അടുത്ത വര്‍ഷം 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചതോടെ കരാര്‍ തകിടം മറിഞ്ഞു. 126ല്‍ നിന്നു വിമാനങ്ങളുടെ എണ്ണം കുറച്ചു 36 എണ്ണം വാങ്ങുന്നതിന് പുതിയ കരാറുണ്ടാക്കി. പഴയ കരാറനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ മോദി വന്ന ശേഷമുള്ള കരാറനുസരിച്ച് അത് 1600 കോടി മുതല്‍ 1700 കോടി വരെ ഉയര്‍ന്നു. മൂന്നിരട്ടി വര്‍ധന. പാരീസ് യാത്രയില്‍ മോദിയെ അനുഗമിച്ചിരുന്നത് റിലയന്‍സ് ഉടമ അനില്‍ അംബാനിയായിരുന്നുവെന്നതും കരാര്‍ ഒപ്പിട്ടതിന് പിന്നാലെ മുകേഷ് അംബാനി ദാസൂദി കമ്പനിയില്‍ പങ്കാളിയായി എന്നതുമാണ് ഇടപടിലെ ശ്രദ്ധേയമായ വശം. കരാറില്‍ വ്യവസ്ഥ ചെയ്ത നിര്‍മാണപ്രവൃത്തികളുടെ പകുതിയോളം വരുന്ന തുകക്കുള്ള (30,000 കോടി രൂപ) നിര്‍മാണ ജോലികള്‍ ദാസൂദ് ഏവിയേഷന്‍സും റിലയന്‍സ് എയ്‌റോസ്‌പേസും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ദാസൂദ് റിലയന്‍സ് ആരോസ്‌പെയ്‌സ് ആണ് നിര്‍വഹിക്കുക. റിലയന്‍സിന്റെ നാഗ്പൂരിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മോദി നേരിട്ടു ഒപ്പ് വെച്ച കരാറില്‍ ആയുധ നിര്‍മാണത്തില്‍ തഴക്കവും പഴക്കവുമുള്ള എച്ച് എ എല്ലിനെ ഒഴിവാക്കി ഈ രംഗത്ത് തീരെ പരിചയമില്ലാത്ത റിലയന്‍സിനെ ഏല്‍പ്പിച്ചതിന് പിന്നിലെ താത്പര്യമെന്താണ്? 2015ല്‍ മാത്രമാണ് റിലയന്‍സ് ആയുധ നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് 70 കൊല്ലത്തെ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തുമുണ്ട്. കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും റിലയന്‍സ് മുന്‍കൈയെടുത്ത് ദാസൂദ് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനി തുടങ്ങിയത് തന്നെ വിമാനകരാര്‍ ലക്ഷ്യമിട്ടാണെന്നും ആരോപിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ ഉത്തരം മുട്ടുന്നതും കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നതും ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നു. കരാറുറപ്പിക്കാനുള്ള പാരീസ് യാത്രാ സംഘത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ പ്രതിനിധികളെയോ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറേയോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നതും ഓര്‍ക്കേണ്ടതാണ്. സര്‍ക്കാറിന്റെ എല്ലാ ഇളവുകളും ആനുകൂല്യങ്ങളും ലഭിച്ച സ്ഥാപനമാണ് റിലയന്‍സിന്റെ പുതിയ കമ്പനി. പുതിയ കരാറിലൂടെ സ്ഥാപനം സഹസ്രകോടികളുടെ ലാഭമുണ്ടാക്കുമ്പോള്‍ സര്‍ക്കാറിന് അതില്‍ നിന്ന് നികുതിപ്പണം പോലും കിട്ടില്ല.

കരാറിന്റെ വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ രാജ്യതാത്പര്യവും ദേശസുരക്ഷയുമൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറുന്ന സര്‍ക്കാര്‍ നിലപാടിനെ അഴിമതി മറച്ചുപിടിക്കാനുള്ള തന്ത്രമായി വേണം കാണാന്‍. ഇന്ത്യയുടെ ഒരു സൈനിക കേന്ദ്രത്തെക്കുറിച്ചു വെളിപ്പെടുത്താനല്ല പ്രതിപക്ഷം സര്‍ക്കാറിനോടാവശ്യപ്പെട്ടത്. പൊതുജനത്തിന്റെ നികുതിപ്പണമുപയോഗിച്ചു നടത്തുന്ന ഒരു വ്യാപാരത്തിന്റെ വിശദാംശങ്ങളെക്കുറിച്ചാണ്. അതു വെളിപ്പെടുത്തുന്നതില്‍ രാജ്യസുരക്ഷക്ക് എന്ത് ഭീഷണിയാണുള്ളത്? 2014ലെ തിരഞ്ഞെടുപ്പില്‍ മോദിക്കും ബി ജെ പിക്കും ഉയര്‍ത്തിക്കാണിക്കാനുണ്ടായിരുന്നത് യു പി എ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതികളായിരുന്നു. അഴിമതിമുക്തമായ ഭരണം വാഗ്ദാനം ചെയ്താണ് അദ്ദേഹം ജനങ്ങളെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം അധികാരത്തിലേറിയ ശേഷം അഴിമതിക്കേസുകളുടെ പരമ്പരയാണ് ഉയര്‍ന്നു വരുന്നത്. റാഫേല്‍ ഇടപാടില്‍ മോദി നേരിട്ടു അഴിമതി നടത്തിയോ എന്ന് സന്ദേഹിപ്പിക്കുന്ന വിധമാണ് കാര്യങ്ങള്‍. തന്റെ കൈകള്‍ സംശുദ്ധമെങ്കില്‍ കരാറിന്റെ വിശദാംശങ്ങള്‍ തുറന്നു പറഞ്ഞു അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മോദിക്കുണ്ട്.