സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം; അടിയന്തര നടപടി സ്വീകരിക്കും: വിദ്യാഭ്യാസ മന്ത്രി

Posted on: February 8, 2018 7:50 pm | Last updated: February 12, 2018 at 1:40 am

അജ്മാന്‍: തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യു എ ഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരുടെ പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു. വിഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളില്‍ പഠനം പൂര്‍ത്തിയാക്കിയ യു എ ഇയിലെ അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിന് വിവിധ ഏജന്‍സികളില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടേണ്ടതുണ്ട്. മാര്‍ച്ചിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.
നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്നാണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവന്നിരുന്നത്.
സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ലഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ വിഭാഗംവഴി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്ത കാലത്തായി യു എ ഇയില്‍ വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ജെന്യൂനിറ്റി പരിശോധിക്കാന്‍ അയക്കുന്ന രേഖയില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് എന്ന് സര്‍വകലാശാല രേഖപ്പെടുത്തുന്നതുകൊണ്ടാണ് ഈ പ്രശ്‌നം. ഈ ഭാഗം ഒഴിവാക്കി പകരം ഫുള്‍ ടൈം എന്നോ, റെഗുലര്‍ എന്നോ സര്‍വകലാശാല അയക്കുന്ന മറുപടിയില്‍ രേഖപ്പെടുത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും.

അതേസമയം ഇക്കാര്യത്തിന് സര്‍വകലാശാലകള്‍ തയ്യാറാകാത്തതാണ് അഞ്ഞുറോളം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത്.