Connect with us

Kerala

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ഹ്യൂമേട്ടന്‍ ടീമിന് പുറത്ത്

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ടീമില്‍ നിന്ന് പുറത്തായി. സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ ഹ്യൂം കളിച്ചേക്കാന്‍ സാധ്യതയില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. എഫ് സി ഗോവക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരുക്കേറ്റത്. അതേസമയം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ടൂര്‍ണമെന്റില്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന് രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷനാണ്. അതിനാല്‍ ജിങ്കനും ഇന്ന് കളിക്കില്ല. ഇവരുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിപ്രേമികള്‍.

അതേസമയം,സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുമ്പോഴും എടികെയുടെ ക്യാമ്പില്‍ ആത്മവിശ്വാസം കുറവാണ്. ടെഡി ഷെറിംഗ്ഹാം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായിട്ടും എടികെ ട്രാക്കിലായിട്ടില്ല. പകരമെത്തിയ കോച്ച് ആഷ്‌ലി വെസ്റ്റ് വുഡിന് തുടരെ മൂന്ന് മത്സരങ്ങളില്‍ തോല്‍വിയാണ് സമ്മാനിക്കാന്‍ സാധിച്ചത്. ബെംഗളുരു എഫ് സിയുടെ മുന്‍ കോച്ചായ ആഷ്‌ലി ഇപ്പോഴും എടികെക്ക് പിറകില്‍ ഉറച്ചു നില്‍ക്കുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ 27 പോയിന്റുമായി ടോപ് ഫോറിലേക്ക് കയറാനുള്ള സാധ്യത നിലനില്‍ക്കുമെന്നാണ് ആഷ്‌ലിയുടെ വിശ്വാസം. പക്ഷേ, ഇതെല്ലാം കണക്കിലെ പ്രതീക്ഷകള്‍ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ്.

14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 13 മത്സരങ്ങളില്‍ 17 പോയിന്റുമായി കൊല്‍ക്കത്ത എട്ടാം സ്ഥാനത്തും. ഇന്ന് ജയിക്കാനായാല്‍ ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്ത് എത്താം.

Latest