യുപിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Posted on: February 8, 2018 10:07 am | Last updated: February 8, 2018 at 12:50 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തിയിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്‌ഐവി വൈറസ് ബാധിച്ച സംഭവത്തില്‍ ആരോപണവിധേയനായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. രാജേന്ദ്ര കുമാര്‍ എന്നയാളാണ് ബുധനാഴ്ച കോട്വാലി പോലീസിന്റെ പിടിയിലായത്. സംഭവം പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു. ചെറിയ പട്ടണമായ ബംഗര്‍മൗ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍
ഇയാള്‍ നടത്തിയ വ്യാജ ചികിത്സക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്കാണ് എച്ച്‌ഐവി വൈറസ് ബാധിച്ചത്. അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണം.

കഴിഞ്ഞ പത്ത് മാസത്തിനിടെ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജനുവരി 24,25 തീയതികളില്‍ പ്രേംഗഞ്ച്, ചക്മര്‍പുര്‍, കിര്‍വിദിയാപുര്‍ എന്നിവിടങ്ങളില്‍ നടത്തിയ ആരോഗ്യ ക്യാമ്പില്‍ 33 പേര്‍ക്ക് എച്ച് ഐവി ബാധസ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി ചൗധരി പറഞ്ഞു. ഇതില്‍ ആറുവയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. ഇവരെ കാര്‍പൂരിലെ എആര്‍ടി സെന്ററിലേക്ക് മാറ്റി.