ഈടയും കണ്ണൂരിന്റെ രാഷ്ട്രീയവും

നമ്മുടെ പല വിവാഹങ്ങളും ഹൃദയങ്ങളുടെ ഐക്യത്തില്‍  നിന്നല്ല ഒത്തുതീര്‍പ്പുകളില്‍ നിന്നു സംഭവിക്കുന്നവയാണ്. അത്തരം വിവാഹങ്ങള്‍ അല്‍പ്പായുസ്സായി പോകുന്നത് സ്വാഭാവികം. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഒരുതരം അഴകുഴമ്പന്‍ മതാത്മകതയില്‍ അകപ്പെട്ടു പോയ ഇടതുപക്ഷത്തിന്റെ അടവുനയങ്ങളിലെ പാളിച്ചകള്‍ പോലും എതിര്‍പക്ഷത്തിനു മുതല്‍ക്കൂട്ടാകുന്നുണ്ട്. തെയ്യം, കാവ്, അമ്പലം, തിറ,  അയ്യപ്പന്‍ വിളക്ക് തുടങ്ങിയ പുരാവസ്തു പ്രതീകങ്ങളെ ഉപയോഗിച്ച് തങ്ങളുടെ നഷ്ടപ്രതാപം എങ്ങനെ വീണ്ടെടുക്കാനാകും എന്ന പര്യാലോചനയിലാണ് ഇവിടങ്ങളില്‍ വേരുപിടിച്ചു തുടങ്ങിയ കാവിരാഷ്ട്രീയത്തിന് അവസരങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുന്നത്.          
Posted on: February 8, 2018 6:11 am | Last updated: February 7, 2018 at 10:22 pm

ലോകത്തിലെ ഏറ്റവും യുവത്വമാര്‍ന്ന മതം ഏതെന്നതിനെക്കുറിച്ച് മതചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഏറ്റവും പുതിയ മതം സിനിമയാണെന്ന്. മതത്തിനെന്ന പോലെ സിനിമക്കും വിശുദ്ധപദവികളാര്‍ജിച്ച സംവിധായകരും നടീനടന്മാരും മാത്രമല്ല വത്തിക്കാനും ജറൂസലമും പോലെയുള്ള പുണ്യസ്ഥലങ്ങളും ഉണ്ട്. ഹോളിവുഡും ബോളിവുഡും കോടമ്പാക്കവും ഒക്കെയാണ് തീര്‍ഥാടനകേന്ദ്രങ്ങള്‍. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ എന്തിനു  ദിലീപിന്റെയോ സുരേഷ്‌ഗോപിയുടെയോ പോലും ഫാന്‍സ് ഏറെക്കുറെ അവരുടേതായ രൂപതാകേന്ദ്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ തല്ലിപ്പൊളി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ മന്ദബുദ്ധികളായ സിനിമാസ്വാദകര്‍ ക്ഷേത്രവും പള്ളിയും  പോലെ പവിത്രസ്ഥലങ്ങളായി കരുതുന്നു. ചില വെള്ളിയാഴ്ചകളിലെ നമ്മുടെ തീയേറ്ററുകളിലെ തിക്കും തിരക്കും കണ്ടിട്ടില്ലേ? എന്തൊരാരാധന!  ഈ പോക്ക് എന്തിനുള്ള പുറപ്പാടാണ് എന്നു ആരും തലയില്‍ കൈവെച്ച് ചോദിച്ചു പോകും. സിനിമയെന്താണെന്നറിയാത്ത ധനാര്‍ഥിപൂണ്ട നിര്‍മാതാക്കളും അവരുടെ പാവകളായ സംവിധായകരും പണത്തിന്റെ മുമ്പില്‍ വായ് പൊളിക്കുന്ന പിണങ്ങളായി മാറിക്കഴിഞ്ഞ നടീനടന്മാരും ഒന്നുചേര്‍ന്നു നശിപ്പിച്ചു കുളമാക്കിയ മലയാള സിനിമാരംഗത്ത് വല്ലപ്പോഴുമെങ്കിലും ചില നല്ല കലാസൃഷ്ടികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തിയേറ്ററുകളിലെ അടി, പിടി, ഇടി, തൊഴി തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കു മുഖം കൊടുക്കാതെ സിനിമയെ ഒരു രാഷ്ട്രീയ സാംസ്‌കാരിക പഠനവിഷയമായി സമീപിക്കുന്ന ഒരു ചെറിയ ന്യൂനപക്ഷത്തെ ആശ്രയിച്ചാണ് ഇത്തരം സിനിമകളുടെ പിറവി. ലോകത്തിലെ ഏറ്റവും യുവത്വമാര്‍ന്ന മതം ഏതെന്നതിനെക്കുറിച്ച് മതചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഏറ്റവും പുതിയ മതം സിനിമയാണെന്ന്. മതത്തിനെന്ന പോലെ സിനിമക്കും വിശുദ്ധപദവികളാര്‍ജിച്ച സംവിധായകരും നടീനടന്മാരും മാത്രമല്ല വത്തിക്കാനും ജറൂസലമും പോലെയുള്ള പുണ്യസ്ഥലങ്ങളും ഉണ്ട്. ഹോളിവുഡും ബോളിവുഡും കോടമ്പാക്കവും ഒക്കെയാണ് തീര്‍ഥാടനകേന്ദ്രങ്ങള്‍. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ എന്തിനു  ദിലീപിന്റെയോ സുരേഷ്‌ഗോപിയുടെയോ പോലും ഫാന്‍സ് ഏറെക്കുറെ അവരുടേതായ രൂപതാകേന്ദ്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ തല്ലിപ്പൊളി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ മന്ദബുദ്ധികളായ സിനിമാസ്വാദകര്‍ ക്ഷേത്രവും പള്ളിയും  പോലെ പവിത്രസ്ഥലങ്ങളായി കരുതുന്നു. ചില വെള്ളിയാഴ്ചകളിലെ നമ്മുടെ തീയേറ്ററുകളിലെ തിക്കും തിരക്കും കണ്ടിട്ടില്ലേ? എന്തൊരാരാധന!  ഈ പോക്ക് എന്തിനുള്ള പുറപ്പാടാണ് എന്നു ആരും തലയില്‍ കൈവെച്ച് ചോദിച്ചു പോകും. സിനിമയെന്താണെന്നറിയാത്ത ധനാര്‍ഥിപൂണ്ട നിര്‍മാതാക്കളും അവരുടെ പാവകളായ സംവിധായകരും പണത്തിന്റെ മുമ്പില്‍ വായ് പൊളിക്കുന്ന പിണങ്ങളായി മാറിക്കഴിഞ്ഞ നടീനടന്മാരും ഒന്നുചേര്‍ന്നു നശിപ്പിച്ചു കുളമാക്കിയ മലയാള സിനിമാരംഗത്ത് വല്ലപ്പോഴുമെങ്കിലും ചില നല്ല കലാസൃഷ്ടികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തിയേറ്ററുകളിലെ അടി, പിടി, ഇടി, തൊഴി തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കു മുഖം കൊടുക്കാതെ സിനിമയെ ഒരു രാഷ്ട്രീയ സാംസ്‌കാരിക പഠനവിഷയമായി സമീപിക്കുന്ന ഒരു ചെറിയ ന്യൂനപക്ഷത്തെ ആശ്രയിച്ചാണ് ഇത്തരം സിനിമകളുടെ പിറവി.

അപൂര്‍വമായെങ്കിലും സംഭവിക്കുന്ന നല്ല സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതില്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ തള്ളിക്കളയാവുന്നതല്ല. നല്ല സിനിമകള്‍ക്കു നല്ല പ്രേക്ഷകരെ സംഭാവന ചെയ്യുന്നതില്‍ തിരുവനന്തപുരത്തും ഗോവയിലും അരങ്ങേറാറുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ വഹിക്കുന്ന പങ്കും അവഗണിക്കാവുന്നതല്ല.
ഈ ഒരു പശ്ചാത്തലത്തിലാണ് ഈയിടെ നമ്മുടെ അപൂര്‍വം തിയേറ്ററുകളില്‍ ശുഷ്‌ക്കമായ പ്രേക്ഷക സാന്നിധ്യത്തില്‍ പ്രദര്‍ശനം തുടരുന്ന, നവാഗത സംവിധായകനായ ബി അജിത്കുമാര്‍ സംവിധാനം ചെയ്ത‘’ഈട’യെ വിലയിരുത്തുന്നത്. ഉള്ളടക്കം എത്ര മെച്ചമായാലും നല്ല ഒരു ശീര്‍ഷകം നല്‍കാത്ത ഏതൊരു കലാസൃഷ്ടിക്കും സംഭവിക്കുന്ന ദുരന്തമാണ് ഈടയുടെ ശില്‍പികള്‍ക്കും സംഭവിച്ചത്. പേര് മാത്രം കേട്ടാല്‍ ഇത് ഏതു ഭാഷ, എന്താണിതിന്റെ അര്‍ഥം  എന്നൊക്കെ ആരും ചോദിച്ചു പോകുന്ന തരത്തില്‍ ഇത്തരം അനാകര്‍ഷകമായ പേര് എന്തിനു നല്‍കി? സിനിമ കണ്ടു മടങ്ങുമ്പോഴാണ് കണ്ണൂര്‍ക്കാര്‍ പോലും ഇത് നമ്മുടെ കാര്യമാണെന്ന അവബോധത്തിലേക്കു സാവകാശം ഉണരുന്നത്. അപ്പോള്‍പിന്നെ മറ്റു ജില്ലക്കാരുടെ കാര്യം പറയണോ? ഓരോ നാടിനും അതിന്റേതായ ആന്തരിക രഹസ്യങ്ങളുണ്ട്. കേരളത്തിന്റെ തെക്കും വടക്കും മാത്രമല്ല മധ്യ ഭാഗത്തിനും അവര്‍ക്കു മാത്രം മനസ്സിലാകുന്ന ചില ഭാഷാ ഭേദങ്ങള്‍  നിലവിലുണ്ട്. കണ്ണൂര്‍ക്കാരന്റെ ഓനും ഓളും പോലെ പ്രസിദ്ധമാണ്. ഈട, ഈട എന്നാല്‍ ഇവിടെ. (ഠവശ െുഹമരല) ഇവി, ഇവിടം അഥവാ ഇടം. പൊതു ഇടങ്ങളുമുണ്ട് സ്വകാര്യ ഇടങ്ങളുമുണ്ട്. പരിഷ്‌കാരം വര്‍ധിക്കുന്തോറും പൊതു ഇടങ്ങള്‍ തിരോഭവിക്കുകയാണ്. എല്ലാ ഇടങ്ങളും സ്വകാര്യ ഇടങ്ങളായി മാറുകയാണ്. ഇവിടെ തുപ്പരുത്, ഇവിടെ മൂത്രം ഒഴിക്കരുത്, ഇവിടെ മലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്നൊക്കെയുള്ള സൂചനാ ബോര്‍ഡുകള്‍ വായിക്കുമ്പോള്‍ ആരും ഒരു നിമിഷം ആലോചിച്ചു പോകും. ഇവിടെ ഒന്നു തുപ്പിയാലെന്താ, ഇവിടെ ഒന്നു മൂത്രം ഒഴിച്ചാലെന്താ എന്നൊക്കെ. മതസാഹോദര്യത്തെക്കുറിച്ച് കണ്ഠക്ഷോഭം നടത്തുന്നവരുടെ ക്ഷേത്രവളപ്പില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല, സ്ത്രീകള്‍ പ്രവേശിക്കരുത് എന്നൊക്കെയുള്ള അടയാളവാക്യങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുന്നു. ഇതൊന്നും നിങ്ങള്‍ക്കുള്ള ഇടമല്ലെന്ന മുന്നറിയിപ്പ് നമ്മുടെ സ്വസ്ഥതയെ ഭജ്ഞിക്കും.‘ഈട സിനിമാ ഈ വഴിക്കുള്ള ഒരു വെളിച്ചം പകരലാണ്.

മറ്റു ജില്ലകളെ അപേക്ഷിച്ച് പൊതുഇടങ്ങള്‍ കൂടുതലുള്ള ജില്ലയാണ് കണ്ണൂര്‍. എന്നിട്ടും ഇവിടുത്തെ ഇടങ്ങള്‍ രണ്ടു കൂട്ടര്‍ ചേര്‍ന്നു പകുത്തെടുത്തതിന്റെ ദുരിതഗാഥയാണ് സിനിമ. പത്രഭാഷയില്‍ പറഞ്ഞാല്‍ ഭൂരിപക്ഷ ഹിന്ദുക്കള്‍ക്ക്  മേല്‍ക്കൈ ഉള്ള കണ്ണൂരിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും ചേര്‍ന്നു പകുത്തെടുത്തിരിക്കുകയാണ്. താന്താങ്ങളുടെ ഇടങ്ങളിലേക്കു കടന്നു കയറാന്‍ സാധ്യതയുള്ള മറ്റേ വിഭാഗത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുക എന്ന ഒരേ ഒരു കാര്യത്തില്‍ കണ്ണൂര്‍ രാഷ്ട്രീയം അടിമുടി മുഴുകിയിരിക്കുകയാണ്.  ഇതിനോടെതിരഭിപ്രായം ഉള്ളവര്‍‘ഈട സിനിമ ഒന്നു കണ്ടു നോക്കട്ടെ.
ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങി മറ്റൊരു ഹര്‍ത്താല്‍ ദിനത്തില്‍ അവസാനിക്കുന്നതാണ്  സിനിമയുടെ ഇതിവൃത്തം. ഹര്‍ത്താല്‍ / ബന്ദ് നമ്മള്‍ കേരളീയര്‍ക്കു അത്രമേല്‍ പരിചിതമാണ്. ഏത് ഈര്‍ക്കിള്‍ പാര്‍ട്ടിക്കും ഒരു ഹര്‍ത്താല്‍ വിജയകരമായി നടത്തി വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടാവുന്നതേയുള്ളൂ. ജനം സ്വന്തം വീടുകളില്‍ സ്വയം ബന്ധിതരായി സമയം പോക്കുന്ന ഹര്‍ത്താലിനെ കേരളീയ മനസ്സ് വരവേറ്റു തുടങ്ങിയിരിക്കുന്നു. സ്‌കൂളുകള്‍ അടഞ്ഞുകിടന്നാലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ഉദ്യോഗസ്ഥന്മാര്‍ക്കും അധ്യാപകര്‍ക്കും ആ ദിവസത്തെ ശമ്പളം കൃത്യമായി ലഭിക്കും. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത തത്ക്ഷണഹര്‍ത്താലുകളോട് മാത്രമാണ് കേരളീയര്‍ക്കു പ്രതിഷേധമുള്ളത്. ഹര്‍ത്താല്‍ ബന്ദ് പണ്ടൊരു പ്രതിഷേധ പ്രതീകമായിരുന്നെങ്കില്‍ ഇന്നതൊരു വീണുകിട്ടിയ ഉല്ലാസമേളയാണ്. സ്‌കൂളുകളിലെ പീഡനങ്ങളില്‍ നിന്നു ഒരു ദിവസമെങ്കില്‍ ഒരു ദിവസം വിമുക്തി പ്രാപിച്ച് സന്തോഷാഹ്ലാദങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന കുട്ടികള്‍. പകല്‍ സമയങ്ങളില്‍ ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും ഒരു കിട്ടാക്കനിയായിരുന്ന അവസ്ഥക്കൊരു വിരാമം. കൂടെക്കൂടെയുള്ള ഹര്‍ത്താലുകള്‍ കേരളത്തിന്റെ കുടംബഭദ്രതയും ദാമ്പത്യജീവിതത്തിന്റെ സൗകുമാര്യത്തെയും വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാം. ഹര്‍ത്താലുകളുടെ തലേന്നാള്‍ അധികം പേര്‍ക്കും ലഭിക്കുന്ന വാട്‌സ് ആപ് സന്ദേശങ്ങള്‍‘വിഷ് യു എ ഹാപ്പി ഹര്‍ത്താല്‍ എന്നായിരിക്കുന്നു. ഹര്‍ത്താല്‍ നിശ്ചലതയാണ്. അത് സ്തംഭിപ്പിക്കലാണ്. അതൊരു തരത്തിലും ആരും ആര്‍ക്കെതിരെയും നടത്തുന്ന ആത്മാര്‍ഥമായ പ്രതിഷേധമോ കലാപമോ ആയിക്കാണാനുള്ള വിവരക്കേടൊന്നും ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ല. കേരളീയന്റെ അടിമനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അലസജീവിതത്തോടുള്ള ആസക്തിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തു വരുന്നത്. ഇത്തരം ഒരു ബന്ദ് ദിനത്തില്‍ ആകസ്മികമായി കണ്ടുമുട്ടുന്ന ഒരു യുവാവും ഒരു യുവതിയും; അമ്മു, നന്ദു(ഐശ്വര്യ, ആനന്ദ്). അവരുടെ ജീവിതത്തിന്റെ ചുരുള്‍ നിവര്‍ത്തിക്കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്.
പഴയ ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ ഗൃഹാതുരത്വത്തില്‍ നിന്ന് വിടുതല്‍ നേടാനാകാത്ത രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ പ്രകടനം എന്ന നിലയിലാണ് കഥ വികസിക്കുന്നത്. ഐശ്വര്യ- നന്ദു ദ്വന്ദങ്ങളുടെ പ്രണയത്തില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. പക്ഷേ അവര്‍ ജീവിക്കുന്ന സമൂഹം അതിനെ സ്വാഭാവികമായി കരുതുന്നില്ല. മുസ്‌ലിം യുവാവ് ഹിന്ദുയുവതിയെ പ്രേമിക്കുകയും അവളെ മതം മാറ്റം ചെയ്യുന്നതിനെ ലൗ ജിഹാദ് എന്നു പറയുന്ന ആക്ഷേപത്തെ മനസ്സിലാക്കാം. ഇവിടെ ഐശ്വര്യ- നന്ദുമാരുടെ പ്രണയത്തില്‍ അത്തരം അംശങ്ങളൊന്നുമില്ല. ഇരുവരും ഒരു സമുദായക്കാര്‍. തെയ്യത്തിലും തിറയിലും ക്ഷേത്രാരാധനയിലും ഒക്കെ വിശ്വസിക്കുന്ന ശുദ്ധഹിന്ദുക്കള്‍. പക്ഷേ, ഇത്തരം അനുകൂല ഘടകങ്ങളൊന്നും അവരുടെ പ്രണയപുഴക്കു സ്വച്ഛന്ദപ്രവാഹം അനുവദിച്ചില്ല.“യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍, പഴകിയ തരുവല്ലി മാറ്റിടാം പുഴ ഒഴുകും, വഴി വേറെ ആക്കിടാം കഴിവതശക്യം മനസ്വനിമാര്‍ മനം ഒരാളില്‍ ഊന്നിയാല്‍-  ഇങ്ങനെയുള്ള കവി വചസ്സുകളൊന്നും കണ്ണൂരിലെ കാവിമനസ്സുകള്‍ക്കൊ കമ്മ്യൂണിസ്റ്റ് മനസ്സുകള്‍ക്കോ ഇന്നും സ്വീകാര്യമായിട്ടില്ല. മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തണം. ജാതകം, മുഹൂര്‍ത്തം, സ്ത്രീധനം,  ആഭരണശേഖരം ഇതിലൊന്നും പൂര്‍വാചാരങ്ങളില്‍ നിന്നു വ്യതിചലനം പാടില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പാര്‍ട്ടി ഗ്രാമങ്ങളിലേക്കും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നു പാര്‍ട്ടി കുടുംബങ്ങളിലേക്കുമുള്ള വിവാഹബന്ധങ്ങള്‍ക്കു  സാര്‍വത്രിക പ്രോത്സാഹനം. ഇതാണിന്നും കണ്ണൂരിന്റെ അവസ്ഥ. ഐശ്വര്യ കമ്മ്യൂണിസ്റ്റ് കുടംബത്തിലും നന്ദു കാവികുടുംബത്തിലും ജനിച്ചു പോയി എന്നതായിരുന്നു അവരുടെ പ്രണയവീഥിയിലെ തടങ്കല്‍പ്പാറ. എത്ര ശ്രമിച്ചിട്ടും അവര്‍ക്കത് തട്ടിമാറ്റാന്‍ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാരുടെ മാനവിക ബോധത്തില്‍ തനിക്കു വിശ്വാസമുണ്ടെന്നും അവര്‍ ഈ സിനിമ കാണണമെന്നും സംഘ്പരിവാറുകാര്‍ ഈ സിനിമ കാണേണ്ടതില്ലെന്നും പറയുന്ന സംവിധായകന്റെ പ്രഖ്യാപനത്തോട് (മാതൃഭൂമി വാരിക. 2018 ജനുവരി 28 ) കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇതുവരെ പ്രതികരിക്കാതെ പോയത് ജില്ലാ സമ്മേളനത്തിന്റെ തിരക്കുകള്‍ മൂലമാകാം.
പ്രണയം സജീവമായ ഒരു സമരമാര്‍ഗമായി ചരിത്രത്തിലുടനീളം നിലനിന്നിട്ടുണ്ട്. ഇതു തന്നെയായിരുന്നു പാര്‍ട്ടിഗ്രാമസങ്കല്‍പ്പത്തിന്റെയും കാവി ഭീകരതയുടെയും മധ്യേ നിലനിന്നുകൊണ്ടുള്ള ഈ സിനിമയിലെ നായികാനായകന്മാരുടെ പ്രണയസമരം. പരസ്പരം പോരാടുന്ന രണ്ട് നാട്ടുപ്രമാണികള്‍ക്കു മുമ്പില്‍ ഓച്ചാനിച്ച് നില്‍ക്കാനും അവരുടെ ഹിതാനുവര്‍ത്തികളാകാനും വിധിക്കപ്പെട്ട ഒരു അധ:കൃത ജനവിഭാഗം എന്നും ഏതു നാട്ടിലും ഉണ്ടായിരുന്നു. കണ്ണൂരിലും അതിനു ക്ഷാമം ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്കായി ഉഴാനും നടാനും കറ്റ കൊയ്യുവാനും മെതിക്കുവാനും പറ്റുമീകൂട്ടര്‍ ഇരുകാലിമാടുകള്‍ ഒന്നായവറ്റയെ  നാം ഗണിച്ചാല്‍ എന്ന കുമാരനാശാന്റെ പരിദേവനം സ്വാര്‍ഥകമാക്കുന്ന  ഒരു വിഭാഗം മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ കണ്ണൂരിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആര്‍ക്കും പിടികൊടുക്കാതെ ഇന്നും ജീവിക്കുന്നു. അവര്‍ തരം പോലെ ആര്‍ എസ് എസും കമ്മ്യൂണിസ്റ്റും ഒക്കെ ആകും. തിരശ്ശീലക്കു മറവിലെ ഈ സാധു മനുഷ്യരാണ് ഒന്നുകില്‍ കൊല്ലലിനും ചാവലിനും  അല്ലെങ്കില്‍ അംഗവൈകല്യങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്നതിനും വിധേയരാകുന്നത്. ഇങ്ങനെ സ്വന്തം ശരീരത്തിലും മനസ്സിലും ഏറ്റ  മുറിവുകളെ നക്കി ഉണക്കുന്ന ഒരു പറ്റം നിസ്സഹായ മനുഷ്യരുടെ ജീവിതം. അവരെ ആരും പകല്‍ വെളിച്ചത്തില്‍ കാണാറില്ല. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ഈ സിനിമയില്‍ അങ്ങനെ ചിലരെ നമുക്കു കാണാം.

പാര്‍ട്ടി ഗ്രാമങ്ങളിലെ കാവുകളും ക്ഷേത്രങ്ങളും കാര്യമായ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നും സജീവമായി നിലനില്‍ക്കുന്നു. ഒരുവശത്ത് വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഏതോ ദഹിക്കാത്ത ഒരു പദാര്‍ഥം പോലെ വെട്ടിവിഴുങ്ങിയതിന്റെ ഹുങ്കോടെ കൈപ്പിടിയിലൊതുങ്ങാത്ത ആയുധങ്ങള്‍ കൊണ്ട്  ദുര്‍ബലമായി പ്രതിരോധിക്കുന്ന പുരുഷപ്രജകളും മറുവശത്ത് ഇതൊന്നും ഒഴിവാക്കാനാകാത്തതെന്നുറച്ച് വിശ്വസിക്കുന്ന അവരുടെ സ്ത്രീപങ്കാളികളും ചേര്‍ന്നതാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍. ഇത് മറ്റൊരു മതാത്മകതയാണ്. മതേതരത്വത്തിന്റെ പൊയ്മുഖമണിഞ്ഞ മതാത്മകത.  മതം മാറിയുള്ള വിവാഹങ്ങളെ മാത്രമല്ല ജാതിയില്‍ താണവിഭാഗങ്ങളുമായിട്ടുള്ള വിവാഹങ്ങള്‍ പോലും കുടുബത്തിന്റെ മാനം കെടുത്തുമെന്നു കരുതുന്നവരാണ് കണ്ണൂരിലെ ശരാശരി കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ടാണല്ലോ മറ്റൊരാളുമായി അഗാധപ്രണയത്തിലാണെന്ന് അറിയാമായിരുന്നിട്ടും പാര്‍ട്ടി നിര്‍ദേശപ്രകാരം താലികെട്ടിയ പെണ്ണിനെ വിവാഹരാത്രിയില്‍ കിടപ്പറയിലേക്കു വിളിപ്പിച്ച ആ സനാതന കമ്മ്യൂണിസ്റ്റിനോട് നായികാ കഥാപാത്രം അമ്മുവിനു പറയേണ്ടി വന്നത്- വിവാഹത്തിനു സമ്മതിച്ചുകൊള്ളാമെന്നല്ലാതെ ഒപ്പരം കിടക്കാമെന്നു ഒന്നും സമ്മതിച്ചില്ലല്ലോ എന്ന്. അവളെ സംബന്ധിച്ചിടത്തോളം അതൊരു ഒത്തു തീര്‍പ്പായിരുന്നു. താന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന  നന്ദുവിന്റെ ജീവന്‍ നിലനിറുത്താനുള്ള ഒത്തുതീര്‍പ്പ്.

നമ്മുടെ പല വിവാഹങ്ങളും ഹൃദയങ്ങളുടെ ഐക്യത്തില്‍  നിന്നല്ല ഒത്തുതീര്‍പ്പുകളില്‍ നിന്നു സംഭവിക്കുന്നവയാണ്. അത്തരം വിവാഹങ്ങള്‍ അല്‍പ്പായുസ്സായി പോകുന്നത് സ്വാഭാവികം. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഒരുതരം അഴകുഴമ്പന്‍ മതാത്മകതയില്‍ അകപ്പെട്ടു പോയ ഇടതുപക്ഷത്തിന്റെ അടവുനയങ്ങളിലെ പാളിച്ചകള്‍ പോലും എതിര്‍പക്ഷത്തിനു മുതല്‍ക്കൂട്ടാകുന്നുണ്ട്. തെയ്യം, കാവ്, അമ്പലം, തിറ,  അയ്യപ്പന്‍ വിളക്ക് തുടങ്ങിയ പുരാവസ്തു പ്രതീകങ്ങളെ ഉപയോഗിച്ച് തങ്ങളുടെ നഷ്ടപ്രതാപം എങ്ങനെ വീണ്ടെടുക്കാനാകും എന്ന പര്യാലോചനയിലാണ് ഇവിടങ്ങളില്‍ വേരുപിടിച്ചു തുടങ്ങിയ കാവിരാഷ്ട്രീയത്തിന് അവസരങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുന്നത്. ഇതിനു രണ്ടിനും മധ്യത്തില്‍ നിന്നുകൊണ്ട് കൈ നനയാതെ മീന്‍ പിടിക്കാനുള്ള സൂത്രവിദ്യയാണ് കോണ്‍ഗ്രസ്- ലീഗ് സഖ്യം പയറ്റുന്നത്. കിട്ടിയാല്‍ പത്ത് വോട്ട്. പോയാല്‍ കുറെ അര്‍ഥശൂന്യമായ വാക്കുകള്‍. ഈ നിലപാടിനു ഒത്താശ ചെയ്തു കൊടുക്കുന്ന മാധ്യമങ്ങളും അവരുടെ കൂലി പടയാളികളും. കണ്ണൂര്‍ രാഷട്രീയത്തിന്റെ യഥാതഥാവസ്ഥ ഇന്നിതാണ് എന്നു ധ്വനിപ്പിക്കാന്‍‘ഈട സിനിമക്കു കഴിഞ്ഞിരിക്കുന്നു.