Connect with us

Editorial

മാലദ്വീപില്‍ ഇന്ത്യ ചെയ്യേണ്ടത്

Published

|

Last Updated

കേരളത്തോട് ഏറെ അടുത്തു കിടക്കുന്ന കൊച്ചു ദ്വീപ് സമൂഹരാഷ്ട്രമായ മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ നിശ്ചലമാക്കി പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. അതിന് പിറകേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം രണ്ട് ഉന്നത ന്യായാധിപന്‍മാരെയും മുന്‍ പ്രസിഡന്റിനെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രതിപക്ഷ എം പിമാരും നേതാക്കളും ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സ്ഥിതിയാണ്. സംശയം തോന്നുന്ന ആര്‍ക്കെതിരെയും എന്ത് കടുത്ത നടപടിയെടുക്കാനും സൈന്യത്തിനും പോലീസിനും അധികാരം നല്‍കുന്നതാണ് അടിയന്തരാവസ്ഥ. ഇത്തരം പ്രഖ്യാപനത്തിന് പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങണമെന്നാണ് മാലദ്വീപിലെ കീഴ്‌വഴക്കം. എന്നാല്‍ പാര്‍ലിമെന്റ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.

നീതിന്യായ വിഭാഗവും എക്‌സിക്യൂട്ടീവും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത പ്രതിസന്ധിയായി പ്രത്യക്ഷത്തില്‍ ഇതിനെ വിലയിരുത്താമെങ്കിലും ദ്വീപ് രാഷ്ട്രത്തിനകത്തും പുറത്തും പല അടരുകളുള്ള ശാക്തിക ചേരി തിരിയലിന്റെ ഫലമാണ് ഈ കൂട്ടക്കുഴപ്പമെന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ വ്യക്തമാകും. തീവ്രവാദം, അഴിമതി, രാജ്യദ്രോഹം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ലിമെന്റംഗങ്ങളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മുഹമ്മദ് നശീദിനെതിരെ രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തിട്ടുള്ളതെന്നും ശരിയായ വിചാരണ നടന്നിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ കേസുകളിലെല്ലാം പുനര്‍ വിചാരണക്കും കോടതി ഉത്തരവിട്ടു. നേരത്തേ പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് അയോഗ്യരായ 12 എം പിമാരുടെ അംഗത്വം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ പ്രസിഡന്റ് അബ്ദുല്ല യമീന്‍ കടുത്ത പ്രതിരോധത്തിലായി. ഈ അംഗങ്ങളെല്ലാം സഭയിലെത്തിയാല്‍ അബ്ദുല്ല യമീന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകുമായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ പ്രസിഡന്റ് കൂട്ടാക്കിയില്ല. ഇതോടെ യമീനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് സുപ്രീം കോടതി നീങ്ങി.

ഈ സാഹചര്യം മറികടക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പാര്‍ലിമെന്റ് അടച്ചു പൂട്ടിയതും ന്യായാധിപരെയടക്കം അറസ്റ്റ് ചെയ്തതും. കൊളോണിയല്‍ അധിനിവേശത്തിന് ശേഷം ഈ കൊച്ചു ദ്വീപ് രാഷ്ട്രം കടന്ന് വന്ന കുടുംബാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും നാളുകളിലേക്കാണ് രാജ്യം തിരിച്ചു പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവ വികാസങ്ങള്‍. 30 വര്‍ഷക്കാലം രാജ്യം ഭരിച്ച മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ അര്‍ധ സഹോദരനായ അബ്ദുല്ല യമീന്‍ 2013ലെ തിരഞ്ഞെടുപ്പിലാണ് അധികാരം പിടിച്ചത്. 2008ല്‍ രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി അധികാരമേറ്റ മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് നശീദിനെയാണ് യമീന്‍ തറപറ്റിച്ചത്. ആ തിരഞ്ഞെടുപ്പ് തന്നെ സംശയത്തിന്റെ നിഴലിലാണ്. തുടര്‍ന്ന് രാഷ്ട്രീയ പകപോക്കലിന്റെ ഭാഷയായിരുന്നു യമീന്‍ പുറത്തെടുത്തത്. അതിന്റെ തുടര്‍ച്ചയായിരുന്നു നശീദിനെതിരായ കേസും ശിക്ഷയും. ചികിത്സക്കായി വിദേശത്തേക്ക് പോയ നശീദ് മടങ്ങി വന്നിട്ടില്ല. ബ്രിട്ടന്റെ അഭയം നേടിയ അദ്ദേഹം ഇപ്പോള്‍ കൊളംബോയിലാണ് ഉള്ളത്.

പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണമെന്നാണ് മുഹമ്മദ് നശീദ് ആവശ്യപ്പെടുന്നത്. നശീദിന്റെ അഭ്യര്‍ഥനയില്‍ ഈ രാജ്യത്തിന് ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ മുഴക്കമുണ്ട്. സൈനിക പിന്തുണയോടെയുള്ള പ്രതിനിധി സംഘത്തെ അയക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 1988 നവംബറില്‍ പ്ലോട്ട് എന്ന ശ്രീലങ്കന്‍ ഭീകരസംഘടനയിലെ അംഗങ്ങളായ തമിഴ് ആയുധധാരികള്‍ കപ്പലിലെത്തി മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യ ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്ല ലുത്ഫി എന്ന മാലദ്വീപുകാരനായ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നില്‍. ഖയ്യൂമിന്റെ സഹായാഭ്യര്‍ഥനയെതുടര്‍ന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാര്‍ഗം മാലദ്വീപിലെത്തിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികള്‍ പലായനം ചെയ്തു. ഇന്ന് നശിദ് പക്ഷത്താണ് മഅ്മൂന്‍ ഖയ്യൂം. അത്‌കൊണ്ട് ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ച് തന്നെയാണ് നശീദ് കൈനീട്ടിയിരിക്കുന്നത്.

പക്ഷേ ഇന്ത്യ കരുതലോടെയാണ് പ്രതികരിക്കുന്നത്. അവിടെ നടന്ന സംഭവങ്ങളെ ജനാധിപത്യധ്വംസനമെന്ന് വിശേഷിപ്പിക്കുമ്പോഴും നേരിട്ട് ഇടപെടാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. എന്നാല്‍ ദ്വീപില്‍ എല്ലാ അര്‍ഥത്തിലും ഇടപെടുന്ന നയമാണ് ചൈന തുടരുന്നത്. ജി എം ആര്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളെ പുറത്താക്കി നിരവധി കരാറുകള്‍ ചൈനയെ ഏല്‍പ്പിക്കുക വഴി പ്രസിഡന്റ് അബ്ദുല്ല യമീന്‍ അങ്ങോട്ട് പാലമിട്ട് കൊടുക്കുകയും ചെയ്യുന്നു. നിയമ വ്യവസ്ഥയെ അട്ടിമറിച്ച് മുന്നേറാന്‍ യമീന് ചൈനയുടെ പരോക്ഷ പിന്തുണയുണ്ടെന്ന് വേണം വിലയിരുത്താന്‍. ഈ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിപ്പിക്കാനും കോടതി വിധി നടപ്പാക്കാനും യമീനുമേല്‍ ശക്തമായ സമ്മര്‍ദം ഉയര്‍ന്ന് വരേണ്ടിയിരിക്കുന്നു. സൈനികമായല്ല, നയതന്ത്രപരമായി ഇതിന് ഇന്ത്യ നേതൃത്വം കൊടുക്കണം. മേഖലയിലാകെ സ്വാധീനമുറപ്പിക്കുന്ന ചൈനയെ പ്രതിരോധിക്കാനും അത് അനിവാര്യമാണ്. സര്‍വനാശത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് യമീന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതും പാര്‍ലിമെന്റ് പുനഃസ്ഥാപിക്കുകയും കോടതി വിധി മാനിക്കുകയുമാണ്.