അഗ്‌നി ഒന്ന് പരീക്ഷണം വിജയകരം

Posted on: February 7, 2018 12:08 am | Last updated: February 7, 2018 at 12:08 am

ബാലസോര്‍ (ഒഡീഷ): ആണവ ശേഷിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി ഒന്ന് വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷിച്ചത് ഒഡീഷ തീരത്തെ വിക്ഷേപണത്തറയില്‍ നിന്നാണ്. സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇതിനകം സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഭൂതല- ഭൂതല മിസൈല്‍ പരീക്ഷിച്ചത്. തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ രാവിലെ 8.30ഓടെ അബ്ദുല്‍ കലാം ദ്വീപിലെ പാഡ് നാലില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു.

പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നുവെന്നും എല്ലാ സവിശേഷതകളും പ്രവര്‍ത്തനസജ്ജമായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള അഗ്‌നി-1ന് 1000 കിലോഗ്രാം വരെ വാഹകശേഷിയുണ്ട്. 700 കി. മീ അകലെയുള്ള ലക്ഷ്യത്തിലെത്താനും സാധിക്കും. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്.