കവിക്ക് നേരെ നീണ്ട അസഹിഷ്ണുതയുടെ കൈകള്‍

നിശിത വിമര്‍ശനങ്ങളിലൂടെ കൂട്ടായ്മകള്‍ക്കു ശക്തി പകര്‍ന്നും കവിയരങ്ങുകളെ തീ പിടിപ്പിച്ചും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന കുരീപ്പുഴ, ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഇരയാക്കപ്പെട്ട സമൂഹത്തില്‍ താനും രക്തസാക്ഷിത്വത്തിനു തയ്യാറെന്ന് വിപ്ലവ വീര്യത്തോടെ കുറിച്ചിട്ടത് നാട് ആവേശത്തോടെയായിരുന്നു നെഞ്ചേറ്റിയത്. മനുഷ്യന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ കുരീപ്പുഴ, കവിതയുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അതിനെ പ്രതിരോധിച്ചിരുന്നു. കാലം മാറുന്നുവെന്നും സമാധാനം തകര്‍ന്നടിയുന്നുവെന്നും വര്‍ഗീയത പടരുന്നുവെന്നും മനസ്സിലാക്കിയ കവി ഇതിനെയെല്ലാം തടയാന്‍ വാക്കുകളുടെ കരുത്തുറ്റ അണ കെട്ടുകയായിരുന്നു. അത് തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസപ്രമാണങ്ങളാണ് കവിക്കെതിരെ ഒടുവില്‍ ഉറഞ്ഞു തുള്ളിയത്.  
Posted on: February 7, 2018 6:53 am | Last updated: February 7, 2018 at 12:02 am

‘ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം വെറും തമാശ. അത് നിങ്ങളെ ജയിലെത്തിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള നാടാണിത്. ഒരു സംവിധായകനയ എനിക്കു പോലും ആവിഷ്‌കാര സ്വാതന്ത്യമില്ല..’

ഒരിക്കല്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ബോളിവുഡ് സംവിധായകനായ കരണ്‍ജോഹര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ നമ്മളൊന്നും ഇതിന് വലിയ ശ്രദ്ധ കൊടുത്തുകാണില്ല. ആവിഷ്്കാര സ്വാതന്ത്യത്തിനെതിരായ വെല്ലുവിളി അങ്ങ് വടക്കുള്ളതുപോലെ ഇങ്ങ് തെക്ക് അങ്ങനെ വല്ലാതെ അനുഭവപ്പെട്ടിരുന്നില്ലെന്നതായിരിക്കാം കാരണം. നാടിനെ വെളിവുകെട്ട ആശയങ്ങള്‍ക്ക് എളുപ്പത്തിലൊന്നും വിഴുങ്ങാനാവില്ലെന്നാണ് അടുത്ത കാലം വരെ നമ്മള്‍ വിശ്വസിച്ചു വന്നത്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആചാരത്തിനും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാമപ്പുറം സിനിമക്കും നാടകത്തിനും ചിത്രത്തിനും പാട്ടിനുമെല്ലാമെതിരെ വല്ലാതെ വാളെടുത്തവര്‍ വടക്കുമാത്രം ഒതുങ്ങിപ്പോകുമെന്ന് നാം പലപ്പോഴും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, തൊട്ടു മുമ്പില്‍ ഒരു കൈയകലത്തില്‍ ‘അസഹിഷ്ണുത’ ഇങ്ങനെ ഉറയിലാടാത്ത വാളും ചുഴറ്റി നില്‍പ്പുണ്ടെന്ന് കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു. വിദ്വേഷത്തിനും അക്രമാസക്തമായ വെറുപ്പിനും കൊലപാതകത്തിനും ആസൂത്രിതമായ ഇടമുള്ള ഒരു പ്രത്യയശാസ്ത്രം നമ്മെ ഭരിക്കുന്നവരാല്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും ജനാധിപത്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ഇങ്ങനെയത് ഇത്രവേഗം വളര്‍ന്ന് വികസിച്ചു വരുമെന്ന് നമ്മളാരും ഒട്ടും ചിന്തിച്ചിരുന്നില്ല. നാനാത്വത്തില്‍ ഏകത്വം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്നൊക്കെ എന്നും വിളിച്ചുപറഞ്ഞു കൊണ്ടിരുന്ന നാട് ഇത്രവേഗം ഇങ്ങനെ മാറിമറിഞ്ഞത് ഒരു ദുഃസ്വപ്‌നം പോലെയേ ഓര്‍ത്തെടുക്കാനാകുന്നുള്ളൂ.

മതം, കുലം, ജാതി, വിശ്വാസം, ഭക്ഷണം, വേഷവിധാനം തുടങ്ങി ഭാഷയും സംസ്‌കാരവുമെല്ലാം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന കോടാനുകോടി ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകാന്‍ ഏറെക്കാലം നമ്മുടെ നാടിന് കഴിഞ്ഞിരുന്നെങ്കിലും നയിക്കുന്നവരുടെ പക്വതയിലാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പെന്ന് അടുത്ത കാലത്തായി നാം തിരിച്ചറിഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ട്. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തണം എന്നൊരുപദേശം പടച്ചുവിട്ട മനുവാദമാണ് ഭരണഘടനയെക്കാള്‍ പവിത്രം എന്നു വിശ്വസിക്കുന്ന ചില വര്‍ത്തമാനകാല പരിവാരങ്ങള്‍ക്ക് രാജ്യത്ത് എന്തും കാട്ടിക്കൂട്ടാനും ഒരു മടിയുമില്ലെന്ന് അടുത്ത കാലത്തായി നാം കണ്ടുവരുന്നുണ്ട്. ഭിന്നവിശ്വാസങ്ങള്‍, എതിരഭിപ്രായങ്ങള്‍, സ്വതന്ത്ര ചിന്തകള്‍, സാഹിത്യ സൃഷ്ടികള്‍, കലാവിഷ്‌കാരങ്ങള്‍ തുടങ്ങിയവയോടെല്ലാമുള്ള അസഹിഷ്ണുത ഇന്ത്യയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അക്രമാസക്തിയോടെ അത് പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ ഇത്തരം പരിവാറുകാരുടെ തിണ്ണമിടുക്ക് പലപ്പോഴും രാജ്യം കണ്ടിട്ടുമുണ്ട്. അഴിമതി പുറത്തുകൊണ്ടുവരുന്നതും ആരോപണവിധേയരുടെ പേരുകള്‍ ജനങ്ങളെ അറിയിക്കുന്നതും മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ വരെ ഇക്കഴിഞ്ഞ നാളുകളില്‍ ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചത് വലിയ ഞെട്ടലോടെയാണ് നാം കേട്ടത്. ഫാസിസ്റ്റുകള്‍ക്ക് എങ്ങനെ വേണമെങ്കിലും തലവിടര്‍ത്തിയാടാന്‍ താളം കൊട്ടുന്ന ഒരു ഭരണകൂടത്തിന്റെ തണലില്‍ ഇതൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് പറയാത്തവര്‍ വിരളം.

വടക്കെ ഇന്ത്യയിലെ സവര്‍ണ ബലമുള്ള ചില ഗ്രാമങ്ങളില്‍ സദാചാര പോലീസിന്റെ തൊപ്പിയണിഞ്ഞും രാജ്യ സ്നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തും തടിമിടുക്കിന്റെ തിമിര്‍പ്പില്‍ മാനുഷികമൂല്യങ്ങളെ കൈയേറ്റം ചെയ്ത ചിലരൊക്കെ ഇങ്ങ് നമ്മുടെ കേരളത്തിലും ഇങ്ങനെ ഉറഞ്ഞു തുള്ളുന്നുവെന്നത് അതീവ ഗൗരവകരവും അപകടകരവുമായ കാര്യമാണെന്ന് പറയാതെ വയ്യ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടിക്കും കമലിനുമെല്ലാമെതിരെ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന ഭീഷണിക്കൊടുവില്‍ മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴക്കെതിരെയുണ്ടായ കൈയേറ്റം വരാനിരിക്കുന്ന വലിയ ആപത്തിന്റെ സൂചനയാണെന്ന് വിസ്മരിച്ചുകൂടാ. മലയാളിയുടെ കാവ്യലോകത്തില്‍ മാനുഷികദര്‍ശനത്തിന്റെ ദൃഢതയും ലോകവീക്ഷണവുമെല്ലാം ചേര്‍ത്ത് പുതിയ ലോകത്തെ കാട്ടുന്ന കുരീപ്പുഴ ശ്രീകുമാറെന്ന എഴുത്തുകാരനെ ആക്രമിക്കുമ്പോള്‍ ബലരഹിതരോട് പക്ഷം ചേര്‍ന്നു നില്‍ക്കുന്ന, എല്ലാ കാലത്തും നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ കൂടെയുള്ള ഒരു ജനപക്ഷ കവിക്കെതിരെയുള്ള അതിക്രമം മാത്രമായി ചുരുക്കി കണ്ടുകൂടാ. മുഖ്യധാര സംസ്‌കൃതിയുടെ മുന്നേറ്റത്തില്‍ അവഗണിക്കപ്പെട്ട മാനുഷിക ജീവിതങ്ങളുടെ ഐക്യപ്പെടലിനെ തകര്‍ത്തെറിയാനുള്ള ഫാസിസ്റ്റുകളുടെ എപ്പോഴും തുടരുന്ന ശ്രമമായി വേണം അത് കാണാന്‍.

ഫാസിസം എന്തെല്ലാം മുഖംമൂടികള്‍ എടുത്തണിഞ്ഞാലും, എന്തെല്ലാം രൂപഭാവങ്ങളില്‍ സ്വയം അവതരിച്ചാലും എന്തെന്തു വഴികളിലൂടെ അധികാരത്തിലെത്തിയാലും ശരി, അതു തൊഴിലെടുക്കുന്ന ജനങ്ങള്‍ക്കെതിരായ മൂലധനത്തിന്റെ ഏറ്റവും രൂക്ഷമായ കടന്നാക്രമണമാണെന്ന ഗോര്‍ഗി ദിമിത്രോവിന്റെ വാക്കുകള്‍ ഇവിടെ അക്ഷരം പ്രതി അര്‍ഥവത്താകുകയാണ്. കവിത ശക്തിയേറിയ ഒരു ആയുധമാണെന്നും അനീതികള്‍ക്കെതിരെ പോരാടാനും തെറ്റായ വിശ്വാസങ്ങള്‍ തുറന്നുകാണിക്കാനും സ്‌നേഹിക്കാനും നൊമ്പരപ്പെടാനുമൊക്കെ എനിക്കു കവിതയാണാശ്രയമെന്നു എപ്പോഴും പറയുന്ന കവിയാണ് കുരീപ്പുഴ.

വര്‍ഗീയ ഭ്രാന്തന്‍മാര്‍ വിഷം പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ കൈ കഴുകാന്‍ തനിക്കു കഴിയില്ലെന്നും ആകെ ഒരു ജീവിതമല്ലേ നമുക്കുള്ളൂ, മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, താനതിനെ പേടിക്കുന്നില്ലെന്നു കൂടി വിവരിക്കുമ്പോള്‍ കുരീപ്പുഴയെന്ന മലയാളിയുടെ പ്രിയ കവി, വരാനിരിക്കുന്ന നാളുകളില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ വല്ലാതെ പേടിപ്പെടുത്തുമെന്നത് വ്യക്തം. നിശിത വിമര്‍ശനങ്ങളിലൂടെ കൂട്ടായ്മകള്‍ക്കു ശക്തി പകര്‍ന്നും കവിയരങ്ങുകളെ തീ പിടിപ്പിച്ചും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന കുരീപ്പുഴ, ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും അസഹിഷ്ണുതയുടെ ഇരയാക്കപ്പെട്ട സമൂഹത്തില്‍ രക്തസാക്ഷിത്വത്തിനു താനും തയ്യാറെന്ന് വിപ്ലവ വീര്യത്തോടെ കുറിച്ചിട്ടത് നാട് ആവേശത്തോടെയായിരുന്നു നെഞ്ചേറ്റിയത്. ലോകത്തെവിടെയും മനുഷ്യന്റെ അന്തസ്സ് ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ കുരീപ്പുഴ, കവിതയുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അതിനെ പ്രതിരോധിച്ചിരുന്നു. കാലം മാറുന്നുവെന്നും സമാധാനം തകര്‍ന്നടിയുന്നുവെന്നും വര്‍ഗീയത പടരുന്നുവെന്നും മനസ്സിലാക്കിയ കവി ഇതിനെയെല്ലാം തടയാന്‍ വാക്കുകളുടെ കരുത്തുറ്റ അണ കെട്ടുകയായിരുന്നു. അത് തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസപ്രമാണങ്ങളാണ് കവിക്കെതിര ഒടുവില്‍ ഉറഞ്ഞു തുള്ളിയത്.

വര്‍ഗീയ ശക്തികള്‍ക്ക് ആധിപത്യമുറപ്പിക്കാന്‍ സാഹചര്യം നിലനിന്നിരുന്ന നാടാണ് വിവേകോനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളമെന്ന് പഴയ ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും അതിന്റെ തുടര്‍ച്ചയായി വന്ന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും ഫലമായാണ് ഇവിടെ ജാതി മത സങ്കുചിത ചിന്തകള്‍ക്കതീതമായ ഒരു പൊതുസാമൂഹിക പരിസരം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ മത നിരപേക്ഷതയെ തകര്‍ക്കാനും വര്‍ഗീയതയെ അധികാരത്തിലേക്കുള്ള ചവിട്ടു പടിയാക്കാനും ജാതിസ്പര്‍ധ ഊതിക്കത്തിക്കാനുമുള്ള നീക്കങ്ങള്‍ അവസാനിച്ചിരുന്നില്ല. ഫാസിസത്തിന്റെ ഇന്ത്യന്‍ വഴികള്‍ കേരളത്തിലേക്ക് തിരിച്ചുവിടാന്‍ പലപ്പോഴും ശ്രമങ്ങളുണ്ടായി. കേരളത്തിന്റെ മതനിരപേക്ഷമായ മനസ്സ് അവയെയെല്ലാം കീഴ്‌പ്പെടുത്തുകയും ചെറുക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ അസഹിഷ്ണുതയെന്ന പുതിയ വാക്കില്‍ പറ്റിപ്പിടിപ്പിച്ച് ഫാസിസ്റ്റുകള്‍ കേരളത്തില്‍ പുതിയ വിത്തിട്ടു. തങ്ങള്‍ക്ക് അപ്രിയമായ എന്തിനെയും കായികമായി കൈകാര്യം ചെയ്യുകയും അതുവഴി അസഹിഷ്ണുക്കളുടെ ഒരു വലിയ നിര സൃഷ്ടിച്ച് അവരെ ഉപയോഗിച്ച് അടച്ചുറപ്പുളള അധികാരം കൈപ്പിടിയിലൊതുക്കാനാകുമെന്നുമുള്ള പുതിയ കണ്ടെത്തലാണ് ഇപ്പോള്‍ കേരളത്തിലവര്‍ വളര്‍ത്തുന്നത്. ‘എഴുത്തുകാരെപ്പോഴും നീതിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള ശബ്ദത്തെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍. എഴുത്തുകാരെ പിശാചിന് പിടിച്ച് കൊടുക്കണമെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്. എഴുത്തുകാരുടെ ശബ്ദത്തെ എപ്പോഴും ഭയപ്പെടുന്നത് അധികാരവും അഹങ്കാരവും കൈമുതലാക്കിയ ഫാസിസ്റ്റുകളാണെന്ന് ആര്‍ക്കാണറിയാത്തത്.’ കവിത എന്റെ ആയുധമാണ്; അക്ഷരങ്ങളും. എന്റെ വിശ്വാസങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും വേണ്ടി, എനിക്കു ശരിയെന്നു തോന്നുന്നവക്കു വേണ്ടി ഞാന്‍ ഇനിയും കവിതകളെഴുതും, ആര്‍ക്കുമെന്നെ തടയാനാവില്ല. അഥവാ ഒരു രക്തസാക്ഷിയെ വേണമെങ്കില്‍ ഞാന്‍ തയ്യാര്‍. അഭിമാനത്തോടെ, സന്തോഷത്തോടെ ഞാന്‍ ആ കിരീടം അണിയും.
കവി ഇങ്ങനെ ഉറക്കെ വിളിച്ചു പറയുമ്പോള്‍ തോല്‍ക്കുന്നത് ഫാസിസ്റ്റുകള്‍ തന്നെയാണ്.
എന്‍ വിയര്‍പ്പില്ലാതെ ലോകമില്ല
എന്‍ ചോരയില്ലാതെ കാലമില്ല
എന്‍ വിരല്‍ തൊട്ടാല്‍ ചുവക്കുന്ന വൃക്ഷം
എന്‍ കണ്ണു വീണാല്‍ രതിക്കുന്നു പുഷ്പം
എന്‍ കാലനങ്ങി കിലുങ്ങും സമുദ്രം
എന്‍ തുടി കേട്ടാല്‍ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളന്‍
കൊടും നോവിന്റെ നാക്കാളന്‍.
(കീഴാളന്‍- കുരീപ്പുഴ)