Connect with us

Gulf

ഫ്രീ സോണ്‍ നിക്ഷേപ നിയമ ഭേദഗതിക്ക് ശൂറാ കൗണ്‍സില്‍ അംഗീകാരം

Published

|

Last Updated

ദോഹ: രാജ്യത്തെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ (ഫ്രീസോണ്‍) വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള വ്യവസ്ഥകളോടെ ഫ്രീസോണ്‍ നിക്ഷേപനിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു. ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇകണോമിക് കമ്മിറ്റി നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്മൂദ് അധ്യക്ഷത വഹിച്ചു.

ഫ്രീസോണ്‍ അതോറിറ്റിക്ക് സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാധികാരം നല്‍കുന്നുവെന്നതാണ് ഭേദഗതിയുടെ പ്രധാനഭാഗം. ഫ്രീസോണില്‍ നിലവില്‍ വരുന്ന പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരവും അതോറിറ്റികള്‍ക്ക് നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിക്കുകയും സ്വകാര്യ മേഖലക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതാണ് നിയമഭേദഗതിയെന്ന് ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് നീക്കം. ആഭ്യന്തരമായും ബാഹ്യമായും സാമ്പത്തിക മാറ്റവും വളര്‍ച്ചയും ലക്ഷ്യം വെച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫ്രീസോണ്‍ നിക്ഷേപ നിയമത്തില്‍ പരിഷ്‌കരണം കൊണ്ടു വരുന്നതെന്ന് സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല വിശദീകരിച്ചു. ഖത്വറിന്റെ ദേശീയ ദര്‍ശനരേഖ 2030ന്റെ താത്പര്യങ്ങള്‍ക്കനുസൃതമായാണ് പരിഷ്‌കാരം.

ഈ ഭേദഗതിയോടെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്‌മേഖലയെ കൂടുതല്‍ വളര്‍ച്ചയിലേക്കു നയക്കാനും വാണിജ്യ വ്യവസായ മേഖലക്ക് ആത്മവിശ്വാസം പകരാനും വഴിയൊരിക്കും. മേഖലിയലും അന്താരാഷ്ട്ര തലത്തിലു ഖത്വര്‍ സമ്പദ്‌മേഖലയെ ഉയര്‍ത്താനാകും. മന്ത്രിസഭ പ്രാഥമിക അംഗീകാരം നല്‍കിയ ശൂറാ കൗണ്‍സിലിനു വിട്ട നിയമം തുടര്‍ നടപടികള്‍ക്കായി മന്ത്രിസഭക്കു തന്നെ തിരിച്ചയക്കും. മന്തരിസഭ അന്തിമ അംഗീകാരം നല്‍കി അമീരി ഉത്തരവാകുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

2005ലെ കമേഴ്‌സ്യല്‍ രജിസ്ട്രി നിയമഭേദഗതി, ഏകീകൃത ഇകണോമിക് രജിസ്ട്രിക്കു വേണ്ടിയുള്ള നിയമത്തിന്റെ കരട് എന്നിവയും ഇന്നലെ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ ചര്‍ച്ചക്കു വിധേയമാക്കി. രണ്ടു നിയമങ്ങളും ഫിനാന്‍സ് ആന്‍ഡ് ഇകണോമിക് കമ്മിറ്റിയുടെ വിശദമായ പഠനത്തിനും ശിപാര്‍ക്കുമായി കൈമാറുന്നതിനും ശൂറ കൗണ്‍സില്‍ തീരുമാനിച്ചു.