ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ‘മദദ്’ സേവനവുമായി വിദേശകാര്യ മന്ത്രാലയം

Posted on: February 6, 2018 8:02 pm | Last updated: February 6, 2018 at 8:02 pm

ദുബൈ: യു എ ഇയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക സഹായ വെബ് സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

വിദേശങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്ഥാപന വിവരങ്ങള്‍, സുഹൃത്തുക്കളുടെ വിശദാംശങ്ങള്‍, പഠന വിഷയങ്ങളുടെ സ്വഭാവം എന്നിവയാണ് വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരുക്കിയിട്ടുള്ള വെബ് സൈറ്റില്‍ നല്‍കേണ്ടത്. അടിയന്തിര ഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് മതിയായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രവര്‍ത്തികള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യു എ ഇയിലെ വിദ്യാര്‍ഥികള്‍ സൈറ്റില്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് മികച്ച രീതിയില്‍ എളുപ്പത്തില്‍ നടപടികള്‍ ക്രോഡീകരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

www.madad.gov.in എന്ന വിലാസത്തിലാണ് വിദ്യാര്‍ഥികള്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളെകുറിച്ചുള്ള ആവലാതിയും വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ വകുപ്പിനെ അറിയിക്കുന്നതിനുള്ള സൗകര്യവും വെബ് സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് മൊബൈല്‍ എന്നീ ഓപ്പറേഷന്‍ സംവിധാനത്തിലുള്ള സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ആപും പുറത്തിറക്കിയിട്ടുണ്ട്.