സംഘപരിവാരത്തെ തുറന്ന് കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ടെന്ന് കോടിയേരി

  • കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ട്.
  • ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്നത് ആര്‍ എസ് എസ് അജണ്ടയാണ്.
Posted on: February 6, 2018 2:16 pm | Last updated: February 6, 2018 at 8:20 pm

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍ എസ് എസ് സംഘപരിവാരം നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആര്‍ എസ് എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകന്‍മാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുമൊക്കെ ആക്രമിച്ച് ഇല്ലാതാക്കി, സംഘിസ്ഥാന്‍ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആര്‍ എസ് എസ് സംഘപരിവാരത്തെ കൂടുതല്‍ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം കടയ്ക്കലിലെ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് കവി ആര്‍ എസ് എസ് ആക്രമണത്തിനിരയായത്.

അതേസമയം കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കടയ്ക്കല്‍ പോലീസ് കേസെടുത്തത്. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു