കര്‍ണാടക: കൂടുമാറ്റവും വെല്ലുവിളികളും

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രംഗം കൊഴുപ്പിക്കുന്നത് കൂറുമാറ്റവും ചാക്കിട്ടുപിടുത്തവുമാണ്. സിദ്ധരാമയ്യ സര്‍ക്കാറിനെ മറിച്ചിടാന്‍ രംഗത്തിറങ്ങിയ ബി ജെ പിക്ക് സ്വന്തം പാളയത്തില്‍ നിന്നുതന്നെ വെല്ലുവിളി ഉയരുന്നു. ഹിന്ദുമഹാസഭ 150 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനം ബി ജെ പി നേതൃത്വം ഞെട്ടലോടെയാണ് കേട്ടത്. ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് നേരിടാനാണ് സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. മത്സരിക്കാന്‍ സന്നദ്ധമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുല്‍ മുസ്‌ലിമിന്‍ രംഗത്ത് വന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി കോണ്‍ഗ്രസിന്റെ വിജയ സാധ്യത ഇല്ലാതാക്കാനാണ് ഉവൈസിയുടെ നീക്കം.
Posted on: February 5, 2018 9:28 am | Last updated: February 5, 2018 at 9:28 am

നിയമസഭാ തിരഞ്ഞെടുപ്പ് ആഗതമാവുമ്പോഴെല്ലാം കര്‍ണാടകയില്‍ കൂറുമാറ്റവും ചാക്കിട്ടുപിടുത്തവും പതിവാണ്. ഇത്തവണയും ഇതിന് യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രംഗം കൊഴുപ്പിക്കുന്നത് കൂറുമാറ്റവും ചാക്കിട്ടുപിടുത്തവുമാണ്. മാസങ്ങള്‍ക്ക് മുമ്പെ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും മറുപക്ഷത്തേക്ക് ചാടിയ നേതാക്കള്‍ ഒരു ഡസനോളം വരും. കോണ്‍ഗ്രസില്‍ നിന്ന് എസ് എം കൃഷ്ണയും വി ശ്രീനിവാസ പ്രസാദും പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേക്കേറിയത് സ്ഥാനമാനങ്ങളില്‍ കണ്ണുംനട്ടായിരുന്നു. ഗുണ്ടല്‍പേട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശ്രീനിവാസ പ്രസാദിനെ ബി ജെ പി അങ്കത്തനിറക്കിയെങ്കിലും ജനം അംഗീകരിച്ചില്ല. ദയനീയ പരാജയമാണ് പ്രസാദിന് നേരിടേണ്ടിവന്നത്. ഉപരാഷ്ട്രപതി സ്ഥാനം സ്വപ്‌നം കണ്ട് കോണ്‍ഗ്രസ് വിട്ട എസ് എം കൃഷ്ണ ഇപ്പോള്‍ ചിത്രത്തില്‍ തന്നെ ഇല്ല. കൃഷ്ണ ആര്‍ക്കും ദ്രോഹമാകാത്ത വിധത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുകയാണ്. മുന്‍ മന്ത്രിയും നിലവില്‍ എം എല്‍ എയുമായ ബി ജെ പിയിലെ ആനന്ദ് സിംഗ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് കൂറുമാറ്റത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ബി ജെ പി നേതൃത്വത്തിന്റെ തെറ്റായ നയ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബി ജെ പി നേതൃത്വവുമായി കഴിഞ്ഞ കുറേ മാസങ്ങളായി അനന്ത്‌സിംഗ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ബെല്ലാരിയിലെ വിജയനഗര മണ്ഡലത്തെയാണ് അനന്ത് സിംഗ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

ജനതാദള്‍- എസില്‍ നിന്ന് രണ്ട് എം എല്‍ എമാര്‍ കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നതോടെയാണ് ഇപ്പോള്‍ കൂറുമാറ്റം വീണ്ടും സജീവമായിരിക്കുന്നത്. ജെ ഡി എസില്‍ നിന്നും സമീര്‍അഹമ്മദ് അടക്കമുള്ള ഏഴ് എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേരാനിരിക്കുന്നു. ബി ജെ പിയില്‍ നിന്ന് 20 നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്നാണ് കെ പി സി സി പ്രസിഡന്റ് ജി പരമേശ്വര ഒടുവില്‍ ഉയര്‍ത്തിയിരിക്കുന്ന അവകാശ വാദം. സമാജ് വാദി പാര്‍ട്ടി എം എല്‍ എയായ സി പി യോഗേശ്വര്‍ പാര്‍ട്ടി വിട്ട് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നു. രാഷ്ട്രീയരംഗത്ത് അവശ്യം അനുവര്‍ത്തിക്കേണ്ട സദാചാരവും ധാര്‍മിക മൂല്യങ്ങളുമൊന്നും സ്ഥാനമാനങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നതിന് തടസമാകരുതെന്ന് വിശ്വസിക്കുന്നവരാണ് കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ കൂറുമാറ്റങ്ങളെല്ലാം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള കരുനീക്കങ്ങളും സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍ പെട്ട പ്രമുഖരായ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ന്യൂനപക്ഷ പ്രീണനത്തിലൂടെ അധികാരത്തിലെത്താന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ജനതാദള്‍ – എസ് നോക്കുന്നത്. ന്യൂനപക്ഷ നേതാവ് സമീര്‍ അഹമ്മദ്ഖാന്റെ നേതൃത്വത്തില്‍ ഏഴ് എം എല്‍ എമാര്‍ ജനതാദള്‍- എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന മുസ്‌ലിം നേതാക്കളെ ജെ ഡി എസില്‍ എത്തിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി നീക്കം ആരംഭിച്ചിരിക്കുന്നത്. ജനതാദള്‍- എസ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട നേതാവിന് ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.
നിലവില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുന്ന നേതാക്കള്‍ ജനതാദള്‍ എസില്‍ ഇല്ലാത്തത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് മുക്തി നേടാനാണ് ഇപ്പോഴത്തെ ശ്രമം. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലെങ്കില്‍ അധികാരത്തിലെത്തുക എന്നത് നിലവിലുള്ള സാഹചര്യത്തില്‍ തീര്‍ത്തും അപ്രാപ്യമാവുമെന്ന തിരിച്ചറിവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ബെംഗളൂരുവില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവായിരുന്ന സമീര്‍ അഹമ്മദ് പാര്‍ട്ടി വിടാനുള്ള തീരുമാനം ജെ ഡി എസിനുണ്ടാക്കിയ ആഘാതം ചെറുതല്ല. ഈ വിടവ് നികത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അകന്നുനില്‍ക്കുന്ന മുസ്‌ലിം നേതാക്കളെ തിരഞ്ഞുപിടിച്ച് സുന്ദര മോഹന വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനാണ് നീക്കം തുടങ്ങിയിരിക്കുന്നത്. മന്ത്രി തന്‍വീര്‍ സേട്ട്, സി എം ഇബ്‌റാഹിം, റഹ്മാന്‍ ഖാന്‍ എന്നിവരെയാണ് ജനതാദള്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായ തന്‍വീര്‍ സേട്ട് ഭരണ നേതൃത്വത്തോട് വെച്ചുപുലര്‍ത്തുന്ന വിയോജിപ്പ് പരമാവധി മുതലെടുക്കുകയെന്നതാണ് ജനതാദള്‍ ലക്ഷ്യം. കോണ്‍ഗ്രസ് നേതൃത്വം തന്നെ എല്ലാ കാര്യങ്ങളിലും അവഗണിക്കുന്നതായി തന്‍വീര്‍സേട്ട് നേരത്തെ ആരോപണമുയര്‍ത്തിയിരുന്നു. റായ്ച്ചൂര്‍ ജില്ലയുടെ ചുമതലയില്‍ നിന്ന് സമീപകാലത്ത് തന്‍വീര്‍സേട്ടിനെ മുഖ്യമന്ത്രി നീക്കിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇതിലുള്ള അമര്‍ഷം മന്ത്രി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും സി എം ഇബ്‌റാഹിമും 2005ലാണ് ജനതാദള്‍ എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്. 1990ല്‍ ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും ഇബ്‌റാഹിം വഹിച്ചിരുന്നു. ദേശീയനേതാവ് എച്ച് ഡി ദേവഗൗഡയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇബ്‌റാഹിമിനെ എളുപ്പത്തില്‍ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍- എസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭദ്രാവതിയില്‍ നിന്ന് ഇബ്‌റാഹിം ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു. നിയമനിര്‍മാണ കൗണ്‍സിലിലേക്ക് സീറ്റ് നല്‍കി മന്ത്രിയാക്കുമെന്ന് ഇബ്‌റാഹിം പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നുവെങ്കിലും സിദ്ധരാമയ്യ തയ്യാറായില്ല. ഇത് മുതലാക്കി ഇബ്‌റാഹിമിനെ ജനതാദളിലെത്തിക്കാനാണ് കുമാരസ്വാമിയുടെ കരുനീക്കം.

അതിനിടെ, കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാറിനെ മറിച്ചിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി ജെ പിക്ക് സ്വന്തം പാളയത്തില്‍ നിന്നുതന്നെ വെല്ലുവിളി ഉയരുന്ന കാഴ്ചയാണ് കാണുന്നത്. സംഘ്പരിവാര്‍ ആശയം പേറുന്ന സംഘടനയായ ഹിന്ദുമഹാസഭ അടുത്ത കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യ രാജുവിന്റെ പ്രഖ്യാപനം ബി ജെ പി നേതൃത്വം ഞെട്ടലോടെയാണ് കേട്ടത്. അംഗീകൃത രാഷ്ട്രീയ കക്ഷിയല്ലാത്ത ഹിന്ദുമഹാസഭ അങ്കത്തിനിറങ്ങുന്നത് ബി ജെ പി പാളയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ക്ഷീണം ചെറുതായിരിക്കില്ല. ബി ജെ പിയെ സഖ്യകക്ഷിയായി പരിഗണിക്കുന്നില്ലെന്നും ഹിന്ദുത്വ ആശയങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇതിനോടുള്ള പ്രതിഷേധമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്നും സുബ്രഹ്മണ്യരാജു പറയുന്നു. ദക്ഷിണ കന്നഡയിലെ എട്ടു സീറ്റുകളിലും ഹിന്ദുമഹാസഭ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും മഹാസഭ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യശത്രുവെന്നും നേതൃത്വം പറയുന്നു.
എന്നാല്‍, ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് നേരിടാനാണ് സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തി രംഗം കൊഴുപ്പിക്കുന്നതിന് പകരം വികസനത്തിലധിഷ്ഠിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജന പിന്തുണ ആര്‍ജിക്കുക എന്നതിനാണ് കോണ്‍ഗ്രസ് പരിഗണന നല്‍കുക. അടുത്തിടെ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട സര്‍വെയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. സര്‍വെയില്‍ പങ്കെടുത്ത 49 ശതമാനം പേരും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറയുന്നു. മുഖ്യമന്ത്രിയായി കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നതും സിദ്ധരാമയ്യയെയാണ്. ലോകനിധി- സി എസ് ഡി എസ് എന്ന സംഘടന നടത്തിയ സര്‍വെയിലാണ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം പേര്‍ ബി ജെ പിയെയും 20 ശതമാനം പേര്‍ ജനതാദള്‍- എസിനെയും പിന്തുണക്കുന്നു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് പ്രത്യേകത. എച്ച് ഡി കുമാരസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 70 അംഗ സമിതിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുമതി നല്‍കിയിട്ടുള്ളത്. വൈദ്യുതി മന്ത്രി ഡി കെ ശിവകുമാറാണ് സമിതിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരും മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ പി സി സി അധ്യക്ഷന്മാര്‍, എ ഐ സി സി അംഗങ്ങള്‍, എം പിമാര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫെബ്രുവരിയില്‍ രാഹുല്‍ഗാന്ധി തുടക്കം കുറിക്കും.
അതിനിടെ, മത്സരിക്കാന്‍ സന്നദ്ധമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ രംഗത്ത് വന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്. മുസ്‌ലിം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള 60 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി കോണ്‍ഗ്രസിന്റെ വിജയ സാധ്യത ഇല്ലാതാക്കാനാണ് ഒവൈസിയുടെ നീക്കം. ഒവൈസി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ മജ്‌ലിസെയുടെ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീണാല്‍ അത് ഗുണകരമാവുക ബി ജെ പിക്കായിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളെ കൂടുതലായി രംഗത്തിറക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ഒരു പ്രസ്താവനകളും നടത്താന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഗുജറാത്ത് മോഡല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും സന്ദര്‍ശിച്ചുകൊണ്ടുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം പത്തിന് തുടക്കമിടും. സിദ്ധരാമയ്യ സര്‍ക്കാറിന്റെ കാലാവധി മെയ് മാസം അവസാനിക്കാനിരിക്കെ തിരഞ്ഞെടുപ്പ് ഏപ്രില്‍ മാസം അവസാനത്തോടെ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.