Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങളില്‍ സദ്ഭരണ പദ്ധതി

Published

|

Last Updated

കണ്ണൂര്‍: സാമൂഹിക നീതിയുടെയും പരിസ്ഥിതി സുരക്ഷയുടെയും ഉത്തമ മാതൃകയാക്കി സംസ്ഥാനത്തെ മാറ്റാന്‍ ലക്ഷ്യമിട്ട് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സദ്ഭരണ നിര്‍വഹണ പദ്ധതി ആവിഷ്‌കരിക്കാന്‍ നിര്‍ദേശം. പ്രാദേശികമായുള്ള വികസന പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്താനാണ് അടുത്ത മാര്‍ച്ചോടെ ആരംഭിക്കുന്ന പുതിയ പദ്ധതിക്കാലം മുതല്‍ സദ്ഭരണ പദ്ധതി നടപ്പാക്കേണ്ടത്.

ഉദ്യോഗസ്ഥ മേധാവിത്വമില്ലാതെ ലളിതവും കാലതാമസം ഒഴിവാക്കുന്നതുമായ ജനകീയമായ പദ്ധതി പ്രവര്‍ത്തനങ്ങളാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് വേണ്ടതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സദ്ഭരണം സാധ്യമാക്കുന്നതിനും സദ്ഭരണ നിര്‍വഹണ പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളുമെല്ലാം തയ്യാറാക്കേണ്ടത്.
എല്ലാ മാസവും യോഗം
പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമുള്ള അവസരം എല്ലാ ഗ്രാമപഞ്ചായത്തുകളും നല്‍കണമെന്നതാണ് സദ്ഭരണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാന നിര്‍ദേശം. പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനായി എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം നടത്തണം.

ഈ യോഗത്തില്‍ പഞ്ചായത്തിലെ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സാന്നിധ്യം നിര്‍ബന്ധമായും വേണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്്. യോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ അടുത്ത യോഗത്തില്‍ അവലോകനം ചെയ്യണം.
എല്ലാ വാര്‍ഡിലും പരാതി പരിഹാര സംവിധാനത്തിന് മാര്‍ഗങ്ങള്‍ ഉണ്ടാക്കണം. സുതാര്യത, ജനപങ്കാളിത്തം തുടങ്ങിയ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യക്ഷമവും നിയമവാഴ്ചയിലധിഷ്ഠിതവുമായ ഭരണം നടത്തുന്നതിനാണ് ഇത്തരം പരാതി പരിഹാര സംവിധാനം ആവിഷ്‌കരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതോടൊപ്പം പൗരാവകാശ രേഖ, അറിയാനുള്ള അവകാശനിയമം, സേവനാവകാശ നിയമം എന്നിവ കാര്യക്ഷമമായി നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അയല്‍ സഭകള്‍, ഗ്രാമസഭകള്‍, ജനകീയ സമിതികള്‍, യോഗങ്ങള്‍ എന്നിവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നടപടി വേണം. തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ പദ്ധതി തയ്യാറാക്കുമ്പോള്‍ അതിലുള്‍പ്പെടുത്തേണ്ട വിവിധ മേഖലകളെക്കുറിച്ചും ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴില്‍, വരുമാന വര്‍ധനവിനായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു പുറമെ ലേബര്‍ ബേങ്ക് തുടങ്ങുന്നതിനുള്ള നടപടികളടക്കം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഓരോ പഞ്ചായത്തിനെയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമരഹിത പഞ്ചായത്തായി മാറ്റണം. കരാട്ടെ, തായ്‌ക്കൊണ്ട, ജൂഡോ തുടങ്ങിയ പ്രതിരോധ മുറകളില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ പഞ്ചായത്തുകള്‍ പദ്ധതിയുണ്ടാക്കണം. കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവര്‍ക്കുള്ള നിരവധി സഹായ പദ്ധതികള്‍ക്കൊപ്പം ശുചിത്വം, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, സാമൂഹികനീതി, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ എല്ലാ മേഖലകളിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള നിര്‍ദേശങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സാമൂഹിക വളര്‍ച്ചയോടോപ്പം പരിസ്ഥിതി പരിരക്ഷ ഉറപ്പാക്കാന്‍ മണ്ണും ജലവും ഇതര പ്രകൃതി വിഭവങ്ങളും ഒപ്പം കൃഷിയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേവല ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളും പുതിയ പദ്ധതിയില്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ഇതെല്ലാം പ്രയോഗത്തില്‍ വരുത്തി തദ്ദേശ സ്ഥാപനങ്ങളെ സദ്ഭരണ കേന്ദ്രങ്ങളാക്കി മാറ്റാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി രണ്ട് ലക്ഷം കോടി രൂപ അടങ്കല്‍ തുകയായി നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ അറുപതിനായിരം കോടി പുതിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്തുകള്‍ക്കാണ് നല്‍കുക.

പ്രവാസികള്‍ക്കായി ഗ്രാമസഭാ വിന്‍ഡോ
ഗ്രാമസഭകളില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഗ്രാമസഭാ വിന്‍ഡോ സൗകര്യം ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഒരുക്കുന്ന ഗ്രാമസഭാ വിന്‍ഡോയിലൂടെ പ്രവാസികള്‍ക്ക് അവരുടെ നിര്‍ദേശം ഇനി മുതല്‍ അറിയിക്കാനാകും. നാട്ടിലെ ഗ്രാമസഭയില്‍ അവതരിപ്പിക്കേണ്ടിയിരുന്ന വിഷയങ്ങളും വികസന പ്രശ്‌നങ്ങളും മറ്റു പൊതുവിഷയങ്ങളും ഇതിലൂടെ അറിയിക്കാം. ഇതില്‍ ലഭ്യമാകുന്ന നിര്‍ദേശങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കും. ഈ സാമ്പത്തിക വര്‍ഷത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനാണ് ഇത്തരം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രാദേശികാസൂത്രണത്തിന് ഗ്രമസഭകള്‍ ചേരും മുമ്പ് പങ്കാളിത്തം വര്‍ധിപ്പിക്കണം. ഇതിനായി വ്യപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. യുവജനങ്ങള്‍, വനിതകള്‍, കുട്ടികള്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുന്നതിന് ഇനി മുതല്‍ ഗ്രാമസഭായോഗങ്ങള്‍ക്കു മുമ്പ് പഞ്ചായത്ത്തല യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി