വടയമ്പാടിയില്‍ സമരത്തിനെത്തിയ ദളിത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: February 4, 2018 3:06 pm | Last updated: February 5, 2018 at 9:40 am

കോലഞ്ചേരി: വടയമ്പാടിയിലെ ഭജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ദലിത് ഭൂസമര സമിതിയുടെ ദളിത് ആത്മാഭിമാന സംഗമത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദളിത് പ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും ചൂണ്ടി ജംങ്ഷനില്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെയാണ് പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകര്‍ എറണാകുളത്തെത്തിയിരുന്നു. എന്നാല്‍ സംഗമം നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് കാണിച്ചാണ് പൊലീസ് സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ സമര സമിതി പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്തതിലും പ്രതിഷേധം തുടരുന്നു.

ദളിത് കുടുംബങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്ബാടി ഭജനമഠത്തുള്ള ഒന്നര ഏക്കറോളം റവന്യൂ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയതിനെതിരെ പത്ത് മാസത്തോളമായി ദളിത് കുടുംബങ്ങള്‍ സമരത്തിലാണ്.