ബജറ്റുകള്‍ വന്നപ്പോഴും പ്രവാസികള്‍ കട്ടപ്പുറത്ത്

Posted on: February 3, 2018 8:46 pm | Last updated: February 5, 2018 at 7:09 pm
ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്

കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രവാസികള്‍ക്ക് നിരാശയാണ് നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ എന്നൊരു വര്‍ഗം ഉണ്ടെന്നു കാണാന്‍ പോലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തയ്യാറായില്ല . എന്നാല്‍ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് അല്പം മെച്ചമാണ്. പ്രവാസികളുടെ കാര്യത്തില്‍ താല്പര്യമുണ്ട്. ആള്‍ ബുദ്ധിജീവിയാണെന്ന കുഴപ്പം മാത്രമേയുള്ളൂ. ഇക്കാലത്തെ ബുദ്ധി ജീവികളുടെ പ്രധാന പ്രശ്‌നം ആവര്‍ത്തന വിരസതയാണ്. അത് തോമസ് ഐസക്കും പ്രകടിപ്പിച്ചു.

പ്രവാസികള്‍ക്ക് പ്രത്യേകമായി ചിട്ടികള്‍ എന്ന ആശയം ഈ ഭരണത്തിന്റെ തുടക്കം തൊട്ടേ പറഞ്ഞു കേള്‍ക്കുന്നതാണ്. അതിനു ഓണ്‍ലൈന്‍ സംവിധാനം എന്നതും നേരത്തെ വാഗ്ദാനം ചെയ്തതാണ്. പുതുതായി കൂട്ടിച്ചേര്‍ത്തത്, ചിട്ടിയില്‍ ചേരുന്നവര്‍ക്കു അപകട ഇന്‍ഷുറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും. ചിട്ടിക്ക് പലിശക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ വിദേശ മലയാളികളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്. ഇത് ആകര്‍ഷണീയം തന്നെ. എന്നാല്‍ പുതിയ പദ്ധതികള്‍ക്ക് പകരമാകുന്നില്ല. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസമാകാം പുതിയ പദ്ധതികള്‍ തുടങ്ങാനുള്ള തടസ്സം എന്ന് ഊഹിച്ചു സമാധാനിക്കാം.

കേന്ദ്രത്തിനു സാമ്പത്തിക പ്രതിസന്ധിയില്ല. ഇന്ധന വില കൂട്ടിയും ജി എസ് ടി നടപ്പാക്കിയും വലിയ വരുമാനമാണ് നേടിയത്. പോരാത്തതിന് വിദേശ ഇന്ത്യക്കാരുടെ വക കോടിക്കണക്കിനു ഡോളര്‍ പ്രതിവര്‍ഷം ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം 6500 കോടി ഡോളറാണ് ബേങ്കുകളില്‍ എത്തിയത്. അതിന്റെ ദയാവായ്പ് അരുണ്‍ജെയ്റ്റ്‌ലിക്കില്ല. പുനരധിവാസ പദ്ധതികളോ പോകട്ടെ ,താലിമാല സ്വര്‍ണമാണെങ്കില്‍ വിമാനത്താവളത്തില്‍ തൂക്കിനോക്കുന്ന നെറികേടിന് പോലും പരിഹാരമില്ല. സ്ത്രീകള്‍ നൂറു ഗ്രാമിലധികം സ്വര്‍ണാഭരണങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോയാല്‍ നികുതി കൊടുക്കണം. പുരുഷന്മാര്‍ക്ക് പരിധി അമ്പതു ഗ്രാം.

സ്ത്രീകള്‍ക്കുള്ള പരിധി ഇരുനൂറെങ്കിലും ആക്കണം എന്ന ആവശ്യം വ്യാപകമായിരുന്നു. അരുണ്‍ജെയ്റ്റ്‌ലി ചെവിക്കൊണ്ടില്ല. പണം അയക്കുമ്പോഴുള്ള ,12. 3 സേവന നികുതി കുറക്കണമെന്നും ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നും നടന്നില്ല. പ്രവാസി മന്ത്രാലയം ഉപേക്ഷിച്ച ഭരണകൂടത്തില്‍ നിന്ന് വിദേശ ഇന്ത്യക്കാര്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ഉചിതമല്ല.

കേരള സംസ്ഥാന ഭരണകൂടം കടകവിരുദ്ധം എന്ന് തെളിയിച്ചതാണ്. തിരുവനന്തപുരത്തു ലോക കേരളസഭ നടത്തി വലിയ പ്രതീക്ഷ നല്‍കിയതാണ്. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണ പ്രക്രിയ കേരളത്തില്‍ ഉണ്ടാക്കുന്ന ആഘാതം സംസ്ഥാന ഭരണ നേതൃത്വം ഉള്‍ക്കൊണ്ടതാണ്. സഊദി അറേബ്യയില്‍ നിന്ന് സമീപ ഭാവിയില്‍ തന്നെ പതിനായിരങ്ങള്‍ കേരളത്തിലേക്ക് മടങ്ങുമെന്നു ഭരണകൂടത്തിനറിയാം. അവരെ കേരളം എങ്ങിനെ സാന്ത്വനിപ്പിക്കും ?

ബജറ്റില്‍ കാര്യമായ പ്രതിവിധി കാണും എന്നാണ് ഏവരും കരുതിയത്. പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന്റെ ധനക്കമ്മി കൂട്ടിയെന്നു തോമസ് ഐസക്ക് ദുഃഖം പ്രകടിപ്പിച്ചതു മാത്രം മിച്ചം.
പ്രവാസി സമ്പന്നരില്‍ നിന്ന് കിഫ്ബിയിലേക്ക് നിക്ഷേപം എത്തിക്കുന്നതില്‍ പോലും സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടോ ?5379 കോടിയാണ് 148 പദ്ധതികള്‍ക്ക് കിഫ്ബി യില്‍ നിന്ന് സ്വീകരിക്കുന്നത്. കിഫ്ബിയില് അത്രയേ പണമുള്ളൂ. അതു സാമ്പ്രദായിക വഴിയിലൂടെ ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശിച്ചപ്പോള്‍ ദുബൈ എമിറേറ്റ്‌സ് ഹോട്ടലില്‍ വാണിജ്യ വ്യവസായ പ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

മുഖ്യമന്ത്രി ഏറെയും സംസാരിച്ചത് കിഫ്ബിയിലെ നിക്ഷേപ സാധ്യതയെക്കുറിച്ചാണ്. മുഖ്യമന്ത്രിയോട് അടുപ്പമുള്ള വാണിജ്യ പ്രമുഖര്‍ പോലും കിഫ്ബിയെ തിരിഞ്ഞുനോക്കിയില്ല എന്നാണ് കരുതേണ്ടത്. തോമസ് ഐസക്ക് പിന്നെ എന്തുചെയ്യും? പ്രവാസി ബോണ്ട് എന്ന ആശയം കൊണ്ടുവന്നിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാനിരിക്കുന്നു. റോഡുകള്‍ അടക്കം അനുബന്ധ വികസനത്തിന് കാര്യമായ നീക്കിവെപ്പില്ല.
വിദേശത്തു നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും പണമില്ലാത്ത നോര്‍ക്കയെ ശക്തിപ്പെടുത്താന്‍ ധനമന്ത്രി കൂട്ടാക്കിയില്ല

”ലോക കേരള സഭക്കു കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും” പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബേസ് തയാറാക്കാനും പദ്ധതിയുള്ളതായി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസ് തയാറാക്കുമെന്നു കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. നടപ്പാക്കാത്ത ആ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി 80 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ചരിത്രത്തിലെ വലിയ തുകയാണിത്. പക്ഷേ, ലക്ഷം കോടിയിലധികം തുക കേരളത്തിലെ ബേങ്കുകളില്‍ എത്തിച്ച പ്രവാസികള്‍ക്ക് ഇത് മതിയോ?