സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: February 3, 2018 10:32 am | Last updated: February 3, 2018 at 1:38 pm

തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ കൊന്ന കേസിലെ പ്രതിയെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട സുജിത് വധക്കേസ് പ്രതിയും ഓട്ടോ ഡ്രൈവറുമായ മിഥുനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എക്കരക്കുന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് മിഥുനെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്റെ നില ഗുരുതരമാണ്.

സഹോദരിയെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്ത ഇന്റീരിയല്‍ ഡിസൈനറായ സുജിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മിഥുന്‍. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇളയച്ഛന്റെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത സുജിത്തിനെ മിഥുന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോസ്റ്റാന്റില്‍ വെച്ച് മര്‍ദിക്കുകയും കമ്പിവടികൊണ്ട് പിറകില്‍ അടിക്കുകയും മുടിക്കു കുത്തിപ്പിടിച്ച് തല റോഡില്‍ അടിക്കുകയുമായിരുന്നു.

അബോധാവസ്ഥയില്‍ 10 മിനുട്ടോളം റോഡില്‍ കിടന്ന സുജിത്തിനെ ഇരിങ്ങാലക്കുട പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുജിത്ത് മരിച്ചത്.