Connect with us

National

നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് ഹരിയാനയില്‍ ക്രൂരമര്‍ദനം

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയില്‍ ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ഥികളായ അഫ്താബ്, അംജദ് എന്നീ വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച മഹേന്ദ്രഗഡില്‍ വെച്ചാണ് സംഭവം.

നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവരെ ഇരുപതോളം പേരടങ്ങുന്ന സംഘം യാതൊരു കാരണവുമില്ലാതെ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ഥികളുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ഹരിയാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.