Connect with us

Articles

കരുണയുള്ളവന്‍ ഐസക്

Published

|

Last Updated

ഭരിക്കുന്നവരുടെ രാഷ്ട്രീയമാണ് ബജറ്റിലും പ്രതിഫലിക്കാറുള്ളത്. അവര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ക്ക് അനുസൃതമായി പാകപ്പെടുത്തുന്നതാകും ബജറ്റും. ആനുകാലിക സാമ്പത്തിക സാഹചര്യങ്ങളെ ഭരിക്കുന്നവരുടെ രാഷ്ട്രീയവുമായി ചേര്‍ത്ത് നിര്‍ത്തി ഒരു ബജറ്റ് തയ്യാറാക്കുകയെന്നത് ദുഷ്‌കരമായ ദൗത്യമാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ഇരു ധ്രുവങ്ങളിലുള്ള രാഷ്ട്രീയ പാര്‍ട്ടികളാകുമ്പോള്‍ പ്രത്യേകിച്ചും. സാമ്പത്തിക നയങ്ങളിലെ ഈ വൈരുധ്യത്തിനൊപ്പം കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു നല്ല ബജറ്റ് തയ്യാറാക്കുക ശ്രമകരമായ ദൗത്യവുമാണ്. ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നതില്‍ ഡോ. തോമസ് ഐസക് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നാണ് ബജറ്റിന്റെ ആദ്യവായനയില്‍ നിന്ന്് മനസ്സിലാകുന്നത്.

ഇടതുപക്ഷ സര്‍ക്കാറിനെ സംബന്ധിച്ച് ഇത് രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ്. ഭരണം രണ്ടാം വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടം. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളിലേത് പോലെ കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ ഈ വേളയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇടംപിടിക്കാറില്ല. എന്നാലും തങ്ങളോടൊപ്പം നില്‍ക്കുന്ന വിഭാഗങ്ങളെ പരമാവധി ചേര്‍ത്ത് നിര്‍ത്താന്‍ ബജറ്റ് ശ്രമിക്കുന്നുണ്ട്. സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാരോടുള്ള കരുതല്‍, ട്രാന്‍സ്ജന്റേഴ്‌സിനുള്ള പരിഗണന, സാന്ത്വന പരിചരണം, നല്ല ഭക്ഷണം, സമ്പൂര്‍ണ പാര്‍പ്പിടം, നദീ പുനരുജീവനമടക്കം പാരിസ്ഥിതിക മേഖലക്ക് നല്‍കുന്ന ഊന്നല്‍ തുടങ്ങി ബജറ്റിലൂടെ പുതിയൊരു രാഷ്ട്രീയമാണ് ഐസക്ക് മുന്നോട്ടുവെക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള ധനമന്ത്രിയെ, ഇത്തരം മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളില്‍ കാണാം.

സാമൂഹിക സുരക്ഷയിലൂടെ താഴെ തട്ടിലുള്ളവരെ തലോടാന്‍ ആവുംവിധം ധനമന്ത്രി ശ്രമിക്കുന്നുണ്ട്. തീരദേശ വികസനത്തിന് സമഗ്ര പാക്കേജ് മുന്നോട്ട് വെച്ച ബജറ്റില്‍ കാര്‍ഷിക മേഖലയില്‍ ആധുനികവത്കരണം നിര്‍ദേശിക്കുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് രണ്ടായിരം കോടി രൂപയുടെ പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയടക്കം സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി, പൊതുവിദ്യാലയങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണവും ഇടത് മുന്നണിയുടെ പ്രകടനപത്രിക വാഗ്ദാനം കൂടിയാണ്. പരമ്പരാഗത മേഖലക്കായി വലിയ നീക്കിയിരിപ്പ് നടത്തിയപ്പോള്‍ കുടുംബശ്രീക്കും വാരിക്കോരി നല്‍കാന്‍ ശ്രമിച്ചു. സമീപനാളുകളിലെ വലിയ ചര്‍ച്ചാവിഷയമായ കെ എസ് ആര്‍ ടി സിക്കും അര്‍ഹിക്കുന്ന പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാനുള്ള ആദ്യ ഉപായമായി ധനകാര്യവിദഗ്ധര്‍ സ്വീകരിക്കാറുള്ളത് ക്ഷേമപദ്ധതികളില്‍ കൈവെക്കുകയെന്നതാണ്. കേരളത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍ തന്നെ നാമമാത്ര ക്ഷേമപെന്‍ഷനുകള്‍ പോലും മാസങ്ങള്‍ കുടിശ്ശികയാകുന്നത് ഈ തലത്തിലുള്ള ചിന്തകളില്‍ നിന്നാണ്. ഇത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും അങ്ങനെയൊരു ഉദ്യമത്തിന് ഐസക്ക് മുതിര്‍ന്നില്ലെന്ന് മാത്രമല്ല, അനുകമ്പ വേണ്ട വിഭാഗങ്ങളോടെല്ലാം കരുതലോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പോഴും അര്‍ഹരുടെ കൈകളിലാണ് ക്ഷേമപെന്‍ഷനുകള്‍ കിട്ടുന്നതെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കും ധനക്കമ്മിക്കും നടുവില്‍ ഒരുധനമന്ത്രി ഇങ്ങനെയൊരു മാനദണ്ഡം കൊണ്ടുവരുന്നതിനെ വിമര്‍ശിക്കാനുമാകില്ല.

പ്രതിസന്ധികള്‍ മറികടക്കുന്നതിന് അനിവാര്യമായ കര്‍ശന സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നു പ്രഖ്യാപിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധന പ്രതിസന്ധി മറികടക്കാന്‍ പരിമിതമായ സ്രോതസ്സുകളെ പരമാവധി ആശ്രയിക്കുന്നതാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ജി എസ് ടി വന്നതോടെ നികുതി അധികാരം നഷ്ടമായ ധനമന്ത്രി, ഉള്ള സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചും വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴി വിറ്റഴിച്ചും ധനസമാഹരണത്തിന് പലവഴികള്‍ തേടുകയാണ്. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള സഹായ ധന പ്രഖ്യാപനവും ഒഴിവാക്കി. സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

വര്‍ഷങ്ങളായി പുതുക്കി നിശ്ചയിക്കാതിരുന്ന ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ചും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം ഫീസ് ഏര്‍പ്പെടുത്തിയും രജിസ്‌ട്രേഷന്‍ ഫീസുകളില്‍ വര്‍ധന വരുത്തിയും വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നികുതി അടച്ചു നിയമപരമാക്കുന്നതിനുള്ള സൗജന്യം പ്രഖ്യാപിച്ചതും വരുമാനത്തിനായാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തീരദേശ മേഖലയില്‍ സുരക്ഷിതവും സമഗ്രവുമായ വികസനവും ബജറ്റ് ലക്ഷ്യമിടുന്നു. മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനും ഈ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നു.

സംസ്ഥാനത്തിന്റെ തനതു വരുമാന സ്രോതസ്സുകളിലുണ്ടായ കുറവ് സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി മറികടക്കുന്നതിനായി ഭരണപരമായ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ ബജറ്റ് നിര്‍ദേശിക്കുന്നു. ഉദ്യോഗസ്ഥ തലത്തില്‍ വാഹനം, യാത്ര, ആനുകൂല്യങ്ങള്‍ തുടങ്ങിയ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും കൂടുതല്‍ ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിക്കാതെ ശമ്പള ചെലവുകള്‍ കുറക്കുന്നതിനും നിര്‍ദേശങ്ങളുണ്ട്. വരുമാനത്തിനായി വിദേശ മലയാളികളുടെ സഹായവും തേടുന്നുണ്ട്. ഇതിനായി ആകര്‍ഷകമായ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വൈകാതെ ലാഭത്തിലാക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയെ തന്നെയാണ് ആശ്രയിക്കുന്നത്. കിഫ്ബിയിലേക്കു വരുമാനം കണ്ടെത്താന്‍ പ്രവാസികളുടെ സഹായം തേടുന്നു. ഇതിനായി ലോക കേരള സഭയുടെ തുടര്‍ച്ചക്കാവശ്യമായ ചെലവും വകയിരുത്തി. വിവിധ വകുപ്പുകള്‍ക്ക് ആവശ്യത്തിനുള്ള വിഹിതം അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചെലവുകള്‍ വ്യക്തമായി പരിശോധിച്ചു അധിക ചെലവു തടയുന്നതിനും നടപടിയുണ്ട്. സ്വയം മുന്നോട്ടു വരാത്തവരില്‍ നിന്നും പിഴ ഈടാക്കിയും മുതല്‍ക്കൂട്ടും. ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തും.
വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം മേഖലകളില്‍ പുനരുത്പാദനപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സമഗ്ര മേഖലകളെയും സ്പര്‍ശിച്ചെന്ന് പറയാതിരിക്കാനാകില്ല.