ഞെരുക്ക കാലത്തെ മികച്ച ബജറ്റ്

Posted on: February 3, 2018 6:14 am | Last updated: February 2, 2018 at 11:26 pm

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും നോട്ട് നിരോധവും ജി എസ് ടിയും ഓഖിയുമെല്ലാം സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെയാണ് പിണറായി സര്‍ക്കാറിന്റെ മൂന്നാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ചത്. 1998-2000 കാലഘട്ടത്തില്‍ നേരിട്ടതിന് തുല്യമായ രൂക്ഷമായ സാമ്പത്തിക തകര്‍ച്ചയാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാറിന് അധികമായി കണ്ടെത്തേണ്ടിവന്നു. രണ്ടും ചേര്‍ന്നു 17,109 കോടി രൂപ. 2012-13ല്‍ ശമ്പള ചെലവ് 17,257 കോടിയും പെന്‍ഷന്‍ 8,866 കോടിയുമായിരുന്നു. 2016-17 വര്‍ഷത്തില്‍ ഇവ യഥാക്രമം 27,955 കോടിയും 15,277 കോടിയുമായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടത്തിലും വലിയ വര്‍ധനവാണുണ്ടായത്. 2010-11 വര്‍ഷത്തില്‍ ആഭ്യന്തരകടം 48,528 കോടിയായിരുന്നെങ്കില്‍ 2014-15 വര്‍ഷത്തില്‍ 89,067 കോടിയായും 17-18 ല്‍ 1,39,646 കോടിയായും ഉയര്‍ന്നു. കടത്തിന്റെ വളര്‍ച്ചാനിരക്ക് 2012-13ല്‍ 11.90 ശതമാനമായിരുന്നത് 2016-17ല്‍ 18.08 ശതമാനമായി. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം വന്‍തോതിലാണ് വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. ജി എസ് ടി കേരളത്തിന്റെ നികുതി 20-25 ശതമാനം ഉയര്‍ത്തുമെന്ന പ്രതീക്ഷയും പാളി.

സംസ്ഥാനം അഭിമുഖീകരിക്കുന്ന ഈ സാമ്പത്തിക മാന്ദ്യം ബജറ്റിലും നിഴലിക്കുന്നുണ്ട്. കാര്യമായ പുതിയ പദ്ധതി പ്രഖ്യാപനങ്ങളില്ല. ഓഖി ദുരന്തം വിതച്ച തീരദേശത്തിന് അനുവദിച്ച 2000 കോടിയുടെ പാക്കേജും ലൈഫ്മിഷനുള്ള 2500 കോടിയും സ്ത്രീ ഗുണഭോക്ത പദ്ധതികള്‍ക്കായുള്ള 1960 കോടിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. 4,21,000 ഭവനരഹിതര്‍ക്ക് നാല് ലക്ഷം രൂപയുടെ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നതും ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തിയതുമാണ് മറ്റു ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. വ്യവസായങ്ങള്‍ക്കും കയര്‍ ഉള്‍െപ്പടെയുള്ള പരമ്പരാഗത മേഖലയുടെ വികസനത്തിനും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ വികസനത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പോയ വര്‍ഷത്തെ ബജറ്റില്‍ തങ്ങളെ പരിഗണിച്ചില്ലെന്ന പ്രവാസികളുടെ പരാതി ഇക്കുറി പരിഹരിച്ചു. പ്രവാസി ക്ഷേമത്തിനായി 80 കോടിയാണ് വകയിരുത്തിയത്. ഇത് എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ്.

വരുമാന വര്‍ധന ലക്ഷ്യമാക്കി ഭൂനികുതി, കെട്ടിട നികുതി, മദ്യത്തിന്റെ എക്‌സൈസ് തീരുവകള്‍ കൂട്ടുകയും യു ഡി എഫ് സര്‍ക്കാര്‍ ഒഴിവാക്കിയ നികുതി വര്‍ധനപുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ജി എസ് ടി യുടെ പരിധിയില്‍ വരാത്ത മേഖലകളിലെല്ലാം മന്ത്രി കൈ വെച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ പ്രതിവര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും ബജറ്റ് വിസ്മരിച്ചു. പകരം അനര്‍ഹരെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് ഊന്നല്‍ നല്‍കിയത്. ഇതിനായി ചില മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചു. രണ്ടര ഏക്കറിലധികം ഭൂമിയുള്ളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും ഇനി പെന്‍ഷന്‍ ലഭിക്കില്ല. കാര്‍ ഉള്ളവരെയും പെന്‍ഷനില്‍ നിന്ന് ഒഴിവാക്കി.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെ എസ് ആര്‍ ടി സിക്ക് ആയിരം കോടി അനുവദിക്കുമെന്നും മാര്‍ച്ചിനകം പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കെ എസ് ആര്‍ ടി സിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിനായി മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരാതിരിക്കാന്‍ സഹകരണ ബേങ്കുകളേയും പ്രാഥമിക സഹകരണ സംഘങ്ങളേയും ചേര്‍ത്തൊരു കണ്‍സോര്‍ഷ്യമുണ്ടാക്കി വായ്പയെടുക്കാനാണ് ബജറ്റ് നിര്‍ദേശിക്കുന്നത്.

പുതിയ തസ്തികകള്‍ക്കും പുതിയ വാഹനം വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും നിയന്ത്രണമുള്‍പ്പെടെ ഭരണച്ചെലവ് കുറക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമുണ്ട്. അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ. യാത്രാ ചെലവ് കുറക്കാനായി യോഗങ്ങള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആകണമെന്നും ഫോണ്‍ ഉപയോഗം ചെലവുകുറഞ്ഞ മൊബൈല്‍ പാക്കേജാക്കണമെന്നും ഭരണ മേഖലയോട് ധനമന്ത്രി ആവശ്യപ്പെടുന്നു. ജീവനക്കാരുടെ വിന്യാസത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തിയ ശേഷമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കലാണ് ബജറ്റിന്റെ ഊന്നല്‍. എന്നാല്‍ ഭരണച്ചെലവ് ചുരുക്കാനുള്ള തീരുമാനം എത്രത്തോളം പ്രയോഗവത്കരിക്കാനാകുമെന്ന് കണ്ടറിയണം. നേരത്തെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഇതുപോലൊരു നിയന്ത്രണം കൊണ്ടുവന്നിരുന്നു. താമസിയാതെ അദ്ദേഹത്തിന് അത് പിന്‍വലിക്കേണ്ടിവന്നു. സംസ്ഥാനം എത്ര വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാലും ആര്‍ഭാട ജീവിതം ഉപേക്ഷിക്കാന്‍ ഭരണ, ഉദ്യോഗസ്ഥ മേഖലയിലുള്ളവര്‍ സന്നദ്ധമാകില്ലെന്നതാണ് അനുഭവം. പോരായ്മകള്‍ പറയാമെങ്കിലും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യാകുന്നതിന്റെ പരമാവധി ബജറ്റില്‍ മന്ത്രി വകയിരുത്തിയിട്ടുണ്ട്. ആ നിലയില്‍ മികച്ച ബജറ്റെന്ന് പറയാം.