Connect with us

Gulf

ദുബൈയില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ലക്ഷ്യമിട്ട് പ്രത്യേക പോലീസ് പട്രോള്‍ സംഘങ്ങള്‍

Published

|

Last Updated

ദുബൈ: സ്‌കൂള്‍ പരിസരങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് ദുബൈ പോലീസിന് പ്രത്യേക പട്രോള്‍ സംഘം. ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കിടയിലും ബസ് ഡ്രൈവര്‍മാര്‍ക്കിടയിലും പ്രത്യേക സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംഘം പ്രവര്‍ത്തിക്കും. സ്‌കൂള്‍ സെക്യൂരിറ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി വിദ്യാര്‍ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പോലീസ്-വിദ്യാര്‍ഥി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുമാണ് നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം മൂന്ന് പട്രോള്‍ സംഘത്തെയാണ് ആദ്യഘട്ടത്തില്‍ നിയമിക്കുക. ഈ വര്‍ഷം അവസാനത്തോടെ പട്രോള്‍ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിക്കും. സ്‌കൂള്‍-പോലീസ് ബന്ധത്തെ കൂടുതല്‍ മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍ ഓരോ പട്രോള്‍ സംഘത്തിലുണ്ടാകും. സ്‌കൂള്‍ അധികൃതര്‍ക്ക് തങ്ങളുടെ പരാതികള്‍ പോലീസ് സംഘത്തോട് അവതരിപ്പിച്ചു ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാമെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. പുതിയ പട്രോള്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിന് ശേഷം വിലയിരുത്തി ആവശ്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഘട്ടത്തില്‍ ബര്‍ ദുബൈ, ദേര, ഹത്ത എന്നിവിടങ്ങളിലാണ് പ്രത്യേക സംഘത്തെ നിയമിക്കുക. 262 പൊതു വിദ്യാലയങ്ങള്‍, 191 സ്വകാര്യ വിദ്യാലയങ്ങള്‍ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. ആറു ലക്ഷം വിദ്യാര്‍ഥികള്‍, 39,000 സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.