വരുണ്‍ ഗാന്ധി പറഞ്ഞത്

Posted on: February 1, 2018 6:39 am | Last updated: January 31, 2018 at 11:42 pm
SHARE

പരിഗണനീയമാണ് പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. എം പി വരുണ്‍ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. എം പിമാരുടെ വേതനം നിര്‍ണയിക്കുന്നതിന് പുതിയ സമ്പ്രദായം വേണമെന്നും കോടിപതികളായ പാര്‍ലിമെന്റ് അംഗങ്ങള്‍ തങ്ങളുടെ ശമ്പളം ഉപേക്ഷിക്കണമെന്നുമാണ് വരുണ്‍ഗാന്ധി പറയുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സമ്പന്ന എം പിമാര്‍ ശമ്പളം വേണ്ടെന്ന് വെക്കുന്നതിനെക്കുറിച്ച് പരിഗണിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

നിലവില്‍ പാര്‍ലിമെന്റ് തന്നെയാണ്എം പിമാരുടെ ശമ്പളവും ബത്തകളും തീരുമാനിക്കുന്നത്. എം എല്‍ എമാരുടേത് നിയമസഭകളും. ക്രമാതീതമായ വര്‍ധനവാണ് പലപ്പോഴും ഉണ്ടാകുന്നത്. 2016 നവംബറില്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. അന്‍പതിനായിരമായിരുന്നത് ഒരു ലക്ഷമാക്കി. അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരംഗത്തിന് മാസം 2,80,000 രൂപ ലഭിക്കും.20,000 രൂപയായിരുന്ന പെന്‍ഷന്‍ 35,000-ത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളത്തിനും അലവന്‍സിനും പുറമെ കുടംബത്തോടൊപ്പം താമസിക്കാന്‍ ഡല്‍ഹിയില്‍ മികച്ച വീട്, നിശ്ചിത എണ്ണം വിമാന ടിക്കറ്റ്, ട്രെയിന്‍ യാത്രക്കുള്ള സൗജന്യ പാസ്, മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവയും ലഭിക്കുന്നു. ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷത്തില്‍ അര ലക്ഷം ലോക്കല്‍ കാള്‍ ഫ്രീയായിട്ടു വിളിക്കാം. പ്രതിവര്‍ഷം അര ലക്ഷം യൂനിറ്റ് വൈദ്യുതിയും സൗജന്യമായി ഉപയോഗിക്കാം. വര്‍ഷാന്തം നാലായിരം കിലോ ലിറ്റര്‍ കുടിവെള്ളത്തിനും കാശ് വേണ്ട. 10 വര്‍ഷത്തിനിടെ ഇവരുടെ ശമ്പളത്തിലുണ്ടായ വര്‍ധന 400 ശതമാനമാണ.് അതേ സമയം ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഇക്കാലയളവിലെ ശമ്പള വര്‍ദ്ധന 13 ശതമാനം മാത്രം. ബ്രിട്ടീഷ് പാര്‍ലിമെന്റിലേത് പോലെ സമാജികരുടെ വേതനവും ആനുകൂല്യങ്ങളും പുതുക്കുന്നതിന് പുറമെ നിന്നുള്ളവരുടെ സമിതിയെ നിയോഗിക്കുകയാണ് ഉചിതമെന്നും തന്നിഷ്ടത്തിന് വാരിക്കോരിയെടുക്കുന്ന ഇപ്പോഴത്തെ രീതി ജനാധിപത്യ സങ്കല്‍പ്പത്തിന് ചേരുന്നതല്ലെന്നും 2016-ലെ എം പിമാരുടെ ശമ്പള വര്‍ധനാ തീരുമാനത്തോട് വിയോജിച്ചു കൊണ്ട് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
എം എല്‍ എമാരുടെ ശമ്പള വര്‍ധനക്കും കൃത്യമായ മാനദണ്ഡങ്ങളില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കാറില്ല. 55,000 രൂപയായിരുന്ന നിയമസഭാ അംഗങ്ങളുടെ വേതനം 1.05 ലക്ഷമായാണ് കഴിഞ്ഞ ജൂലൈയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഒറ്റയടിക്ക് 50,000 രൂപയുടെ വര്‍ധന. 12,000 രൂപയില്‍ നിന്ന് 20,000 രൂപയായി പെന്‍ഷനും ഉയര്‍ത്തി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഈ വര്‍ധന. രാഷ്ട്രീയ രംഗത്ത് കുടുംബ വാഴ്ച വര്‍ധിക്കുന്നതിന്റെയും മക്കളെയും ഭാര്യയെയും പിന്‍ഗാമികളായി വാഴിക്കാന്‍ തിടുക്കം കാണിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. 10 വര്‍ഷത്തിനിടയില്‍ 30 വയസ്സില്‍ താഴെയുള്ള എം പിമാരിലെ 71 ശതമാനവും പാര്‍ലിമെന്റംഗങ്ങളായിരുന്നവരുടെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആണെന്നത് ശ്രദ്ധേയമാണ്.

ശമ്പള വര്‍ധനവിന് കാണിക്കുന്ന വ്യഗ്രത എം പിമാര്‍ സഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലോ ഉത്തരവാദിത്ത നിര്‍വഹണത്തിലോ കാണിക്കാറില്ല. സഭ ചേരുമ്പോള്‍ ദിന ബത്ത 2000രൂപ വീതം എഴുതിവാങ്ങുന്നു. എന്നാല്‍ സഭാ നടപടികളിലോ ചര്‍ച്ചകളിലോ ശ്രദ്ധിക്കുന്നവര്‍ വിരളം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 47 ശതമാനം ബില്ലുകള്‍ യാതൊരുവിധ ചര്‍ച്ചകളും കൂടാതെയാണ് പാര്‍ലിമെന്റില്‍ പാസ്സാക്കിയിരിക്കുന്നത്. ഇതില്‍ തന്നെ 21 ശതമാനം ബില്ലുകള്‍ (ആകെ ബില്ലുകളിലെ 24 ശതമാനം) പാലിമെന്റ് സമ്മേളനം തീരാനുള്ള അവസാന മൂന്ന് മണിക്കൂറില്‍ തിരക്കിട്ട് പാസ്സാക്കിയതാണ്. വിശദമായ ചര്‍ച്ച, സൂക്ഷ്മ പരിശോധന, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയോ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെയോ പരിശോധന എന്നിവക്കെല്ലാം ശേഷമാണ് നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടത്. ഇതൊന്നുമില്ലാതെ ബില്ലുകള്‍ പാസ്സാക്കുന്നത് പാര്‍ലിമെന്ററി സിസ്റ്റത്തെ അപഹസിക്കുന്നതിനു തുല്യമാണ്. 1952 മുതല്‍ 1972 വരെ ലോക്‌സഭയും രാജ്യസഭയും ഒരു വര്‍ഷം ശരാശരി 128 മുതല്‍ 132 ദിവസം സമ്മേളിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇത് 64 മുതല്‍ 67 ദിവസം വരെയായി കുറഞ്ഞു. കേവല കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചു സഭാനടപടികള്‍ തടസ്സപ്പെടുത്തലും പതിവു ശൈലിയായി മാറിയിരിക്കയാണ്. ഇത്തരം ഘട്ടങ്ങളില്‍ ദിനബത്തയും മറ്റു ആനുകൂല്യങ്ങളും എഴുതി വാങ്ങുന്നതില്‍ മുടക്കം വരുത്താറുമില്ല. സഭക്ക് പുറത്തും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഉദാസീനരാണ്. കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ച മുമ്പ് ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠ വിളിച്ച എം പിമാരുടെ യോഗത്തില്‍ കേരളത്തിലെ 29 എം പിമാരില്‍ നിന്ന് വെറും ആറ് പേര്‍മാത്രമാണ് പങ്കടുത്തത്. തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ ജനങ്ങളോട് ഒരുത്തരവാദിത്വവും പലര്‍ക്കുമില്ല.

വരുണ്‍ഗാന്ധിയുടെ നിര്‍ദേശം പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ അനുകൂലിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നോ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നോ ഒരാള്‍ പോലുംരംഗത്തു വന്നിട്ടില്ല.
കോഴിക്കോടിന്റെ സ്‌നേഹ തുരുത്തില്‍ നിന്നും

LEAVE A REPLY

Please enter your comment!
Please enter your name here