ചെവിയോര്‍ക്കുക, നിലവിളികള്‍ കേള്‍ക്കുന്നുണ്ട്

അഭയവും ആലംബവുമില്ലാതെ കൊടും വേദനയില്‍ കൈകാലിട്ടടിച്ച് കരയുന്നവരെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അവര്‍ വേദനിക്കുമ്പോള്‍, വേദനയില്‍ മുങ്ങിത്താഴുമ്പോള്‍ നമുക്കെങ്ങനെ ഈ ഭൂമിയില്‍ സ്വസ്ഥതയോടെ കഴിയാനാകും? നമുക്കെങ്ങനെ ഈ ജീവിതം നമ്മെ ഏല്‍പ്പിച്ചുതന്ന കടമകള്‍ നിര്‍വഹിച്ചുവെന്ന് പറയാനാകും? ആ വേദനകള്‍ക്ക് കൂട്ടിരിക്കുന്ന, വേദനിക്കുന്നവര്‍ക്ക് താങ്ങായിനില്‍ക്കുന്ന, എത്രയോ ഒറ്റയൊറ്റ മനുഷ്യരെ നമുക്ക് കാണാന്‍ കഴിയും. അപ്പോഴാണ് ഒറ്റക്ക് ഒറ്റക്ക് അവര്‍ ചെയ്യുന്ന മഹദ്കൃത്യങ്ങള്‍ ഒരു സംഘം ഒരുമിച്ച് ചെയ്താല്‍ എത്രമാത്രം ഫലദായകമായിരിക്കും എന്ന ദര്‍ശനത്തിലേക്ക് ധീരമായി നമുക്ക് എത്താന്‍ കഴിയുക.  
Posted on: February 1, 2018 6:26 am | Last updated: January 31, 2018 at 11:34 pm

മരുന്നുകളും ആലംബങ്ങളും അഭയങ്ങളും ഉറ്റവരുടെ പരിചരണങ്ങളും മാത്രമാണ് വേദനയുടെ കടലിലെ തുഴവള്ളങ്ങള്‍. അതില്‍ മാത്രം തുഴഞ്ഞാണ് മനുഷ്യര്‍ സ്വാസ്ഥ്യത്തിന്റെ കര പറ്റുന്നത്. അഭയവും ആലംബവുമില്ലാതെ കൊടും വേദനയില്‍ കൈകാലിട്ടടിച്ച് കരയുന്നവരെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അവര്‍ വേദനിക്കുമ്പോള്‍, വേദനയില്‍ മുങ്ങിത്താഴുമ്പോള്‍ നമുക്കെങ്ങനെ ഈ ഭൂമിയില്‍ സ്വസ്ഥതയോടെ കഴിയാനാവും? നമുക്കെങ്ങനെ ഈ ജീവിതം നമ്മെ ഏല്‍പ്പിച്ചുതന്ന കടമകള്‍ നിര്‍വഹിച്ചുവെന്ന് പറയാനാവും? നമ്മള്‍ക്കെങ്ങനെ നീതിമാന്‍മാരാണെന്ന് സ്വയം കരുതാനാവും? സാധിക്കില്ല. ചുറ്റുവട്ടത്തേക്ക് തുറന്ന് നോക്കാനാണ് കണ്ണുകള്‍. ചുറ്റുവട്ടങ്ങളെ കേള്‍ക്കാനാണ് കാതുകള്‍. തുറന്ന് വെച്ചാല്‍ നമുക്ക് കാണുകയും കേള്‍ക്കുകയും ചെയ്യാം ആബാലവൃദ്ധം തള്ളിനീക്കുന്ന കൊടും വേദനയുടെ നിമിഷങ്ങളെ. ആ വേദനകള്‍ക്ക് കൂട്ടിരിക്കുന്ന, വേദനിക്കുന്നവര്‍ക്ക് താങ്ങായിനില്‍ക്കുന്ന, ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന’ മഹത്വമുള്ള എത്രയോ ഒറ്റയൊറ്റ മനുഷ്യരെ നമുക്ക് കാണാന്‍ കഴിയും. അപ്പോഴാണ് ഒറ്റക്ക് ഒറ്റക്ക് അവര്‍ ചെയ്യുന്ന മഹദ്കൃത്യങ്ങള്‍ ഒരു സംഘം ഒരുമിച്ച് ചെയ്താല്‍ എത്രമാത്രം ഫലദായകമായിരിക്കും എന്ന ദര്‍ശനത്തിലേക്ക് ധീരമായി നമുക്ക് എത്താന്‍ കഴിയുക.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുണ്ടായ ഒരനുഭവം പറയാം. കുറച്ചുനാള്‍ മുമ്പാണ്. ചില അത്യാവശ്യ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സഹോദര തുല്യനായ ഡോക്ടറെ ഒന്ന് കാണണം. രാത്രി വിളിച്ചു, എപ്പോഴാണ് ഒഴിവെന്ന് തിരക്കി. നാളെ രാവിലെ മെഡിക്കല്‍ കോളജില്‍ എത്താമോ എന്ന് മറുപടി. അത് ശരിയാവില്ല, നിങ്ങള്‍ക്ക് വല്ല കോണ്‍ഫ്രന്‍സും കാണും, എനിക്കു കുറച്ചു കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: രാവിലെ ആറുമണിക്ക് എത്തിയാല്‍ നമുക്ക് രണ്ട് മണിക്കൂര്‍ ഇരിക്കാം പോരെ?
നേരത്തെ പുറപ്പെടാന്‍ വിചാരിച്ചിട്ടും എത്തുമ്പോള്‍ 6.15 ആയി. സാവിത്രി സാബു മെമ്മോറിയല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ എത്തിയപ്പോള്‍, അവിടെ ഇരിക്കൂ ഞാന്‍ ഇപ്പംവരാം എന്ന് പറഞ്ഞ് ഡോക്ടര്‍ പുറത്തേക്ക് പോയി. 15 മിനുട്ട് കഴിഞ്ഞ് ഒരു ഫഌസ്‌ക്കും സഞ്ചിയുമായി അദ്ദേഹം കോണിപ്പടികള്‍ കയറിവരുന്നു. ആശുപത്രിയില്‍ ആരാണുള്ളതെന്ന ചോദ്യത്തിന് ഒരു യതീംകുട്ടിയാണെന്നായിരുന്നു മറുപടി. 14 വയസ്സുള്ള ഒരു അനാഥ ബാലന്‍. മാരകമായ രക്താര്‍ബുദം വന്ന് ആവശ്യമായ ചികിത്സ കിട്ടാതെ നരകിക്കുന്നത് ഡോക്ടര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിതാവില്ല. മാനസികാസ്വാസ്ഥ്യമുള്ള മാതാവും ഒരു സഹോദരിയുമാണ് കുടുംബത്തിലുള്ളത്. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കൂട്ടിരിക്കാന്‍ ആരുമില്ല. അതിനാല്‍ ആശുപത്രി വരാന്തയില്‍ രാത്രി കണ്ണിമചിമ്മാതെ ആ അനാഥ ബാലനും കുടുംബത്തിനും ഡോക്ടര്‍ കൂട്ടിരിക്കുകയാണ്. അവര്‍ക്ക് രാവിലത്തെ ചായ ഹോട്ടലില്‍ നിന്ന് വാങ്ങിച്ചു വരികയാണ് അദ്ദേഹം. എട്ട് മണിക്ക് ഡോക്ടറുടെ ഒരു സുഹൃത്ത് വരും. സുഹൃത്ത് കൂട്ടിരിപ്പ് ഏറ്റെടുക്കും. എന്നിട്ട് വേണം ഡോക്ടര്‍ക്ക് ഡ്യൂട്ടിക്ക് പോകാന്‍. നീതിമാനായ ഒരു മനുഷ്യന്റെ സാന്നിധ്യം ആ നിമിഷത്തില്‍ ഞാന്‍ അനുഭവിച്ചു. എത്ര ഉന്നതമായ പ്രവൃത്തിക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്ന് ചിന്തിച്ചു. ‘വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍’ എന്ന സന്ദേശവുമായി എസ് വൈ എസ് സാന്ത്വനം വാരം ആചരിക്കുമ്പോള്‍ യൂനിറ്റുകളില്‍ പരിശീലനം ലഭിച്ച സാന്ത്വനം ക്ലബ് അംഗങ്ങളുടെ വലിയ ഉത്തരവാദിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് ഈ അനുഭവം.
നിത്യരോഗികള്‍, ആ രോഗിയുടെ ശരീരത്തില്‍ മാത്രമല്ല അവരുടെ കുടുംബത്തിന്റെ മനസ്സിലും മുറിവുകള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവും പ്രാഥമികാവശ്യങ്ങളും വരെ അന്യരുടെ ഔദാര്യത്തില്‍ മാത്രം നടത്തേണ്ടിവരുന്ന ഒരു രോഗി വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. കൂട്ടത്തില്‍ ഉറ്റവരുടെ കൂട്ടക്കരച്ചില്‍ കൂടി കേള്‍ക്കുമ്പോള്‍ നമ്മള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഉദ്ദേശം ഇരുപതിനായിരത്തോളം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ കര്‍മവീഥിയിലുള്ള മലപ്പുറം ജില്ലയില്‍ പോലും രാത്രികാലങ്ങളില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ കിട്ടുന്നില്ലെന്നാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറയുന്നത്. കിടപ്പിലായ, പുരയിടത്തില്‍ ഒതുങ്ങിപ്പോയ ഏതൊരു രോഗിയും അവന്റെ ഉറ്റവരും എസ് വൈ എസ് സാന്ത്വനത്തിന്റെ സംബോധിതനും ഗുണഭോക്താവുമാണ്. അവരോടുള്ള നമ്മുടെ ബാധ്യതകളാണ് നിര്‍വഹിക്കുന്നത്.

എസ് വൈ എസ് സാന്ത്വനം ഒരു കാരുണ്യ പ്രസ്ഥാനം മാത്രമല്ല. വായുവും വെളിച്ചവും വെള്ളവും ഓരോ പച്ച ജീവനുമുള്ള മനുഷ്യന്റെയും അവകാശമാണ്. അത് ഇത്തരം ഒറ്റപ്പെട്ടുപോയ ജീവിതങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഖുര്‍ആന്‍ പറയുന്നുണ്ട്: ഭൂമിയില്‍ യാത്ര ചെയ്ത് ഉപജീവനം തേടാന്‍ കഴിയാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം തളച്ചിട്ട പാവങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെലവഴിക്കുക. മാന്യത കാരണം അവരെ കുറിച്ച് അറിയാത്തവര്‍ അവര്‍ ധനികരാണെന്ന് ധരിച്ചു പോകും. എന്നാല്‍ ലക്ഷണം കൊണ്ട് താങ്കള്‍ക്ക് അവരെ മനസ്സിലാക്കാം. ജനങ്ങളെ അവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ചെലവഴിച്ചാലും അല്ലാഹു അത് നല്ലപോലെ അറിയുന്നവനാണ്.

മദീനയിലെ മുഹാജിറുകളായ അഹ്ലുസുഫ്ഫയെ സൂചിപ്പിച്ചുകൊണ്ടാണ് ഖുര്‍ആന്‍ ഇത് പറയുന്നത്. ഒരര്‍ഥത്തില്‍ ഈ രോഗികളും ജീവിതം തളച്ചിടപ്പെട്ടവരാണ്. പ്രവാചകര്‍ മദീനാ ജീവിതത്തിലൂടെ നിര്‍മിച്ചെടുത്തത് ശരിക്കും ഒരു ജീവല്‍ വ്യവസ്ഥ തന്നെയാണ്. മുഹാജിറുകള്‍ക്ക് എല്ലാം പകുത്തു കൊടുത്ത അന്‍സാരികള്‍, വീടും വീടരെയും സ്വത്തും സ്വന്തവും മുഹാജിറുകള്‍ക്ക് പകുത്തു നല്‍കിയവര്‍ സാന്ത്വന വഴിയില്‍ നമുക്ക് വലിയ മാതൃകയാണ്. പാതിരാവുകളില്‍ പേറ്റുനോവ് അനുഭവിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പരിചാരകനായും ചുമടേറ്റി കുഴങ്ങുന്ന മനുഷ്യര്‍ക്ക് സഹായിയായും യതീമുകളുടെ കുടിലുകള്‍ക്കു മുന്നില്‍ അന്നദാതാവായും നിന്ന ഉമര്‍(റ) ആണ് സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് മാതൃക.

ഒരുപാട് വീടുകളിലും ആശുപത്രികളിലും പകലിരവുകളില്‍ ഒരു കൂട്ടിരിപ്പുകാരനെ, ഒരു അന്‍സാരിയെ പല നിത്യരോഗികളും കുടുംബവും പ്രതീക്ഷിക്കുന്നുണ്ട്. നമ്മളെ കാത്തിരിക്കുന്ന ആ മുഹാജിറുകളെ സനാഥരും നിര്‍ഭയരുമാക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. മദീനയില്‍ പ്രവാചകന്‍ കാണിച്ചതുപോലെ ഓരോ മഹല്ലിലും ഓരോ ഗ്രാമങ്ങളിലും ഇത്തരം രോഗികളും കുടുംബവും സംരക്ഷിക്കപ്പെടണം. ‘എസ് വൈ എസ് സാന്ത്വനം’ ലക്ഷ്യമിടുന്നത് അവരവരുടെ വീടുകളിലും പ്രദേശങ്ങളിലും ഇത്തരം ആളുകള്‍ക്ക് കാവലാളാവാനാണ്.

വൃദ്ധസദനങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കാന്‍ ഇനി കഴിയില്ല. പക്ഷേ ഒരു സത്യമുണ്ട്, ഓരോ വൃദ്ധസദനത്തിലെ അന്തേവാസിയും എത്ര സുഖസൗകര്യങ്ങള്‍ ലഭിച്ചിട്ടും, ആഗ്രഹിക്കുന്നത് ജനിച്ചു കളിച്ചു വളര്‍ന്ന കുടുംബങ്ങള്‍ക്കൊപ്പം ജീവിച്ചു സ്വന്തം വീടുകളില്‍ മരിക്കാനാണ്. നമ്മുടെ നാട്ടിലെ രോഗികള്‍ അവരുടെ വീടുകളില്‍ പരിചരിക്കപ്പെടണം. എസ് വൈ എസിന്റെ സാന്ത്വന കേന്ദ്രങ്ങള്‍ ഇത്തരം പാവപ്പെട്ടവര്‍ക്ക് അഭയകേന്ദ്രങ്ങളായി മാറണം. ഒരു മഹല്ലില്‍/ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍/ വൃദ്ധ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടാന്‍ മാത്രമല്ല ആലോചനകള്‍ നടക്കേണ്ടത്. അവരെ ആ പ്രദേശത്ത് പരിചരിക്കാന്‍ എന്തുകൊണ്ട് സാധ്യമല്ല എന്ന് ചിന്തിക്കണം. സ്വന്തം പരിസരത്തേക്കാള്‍, ഉറ്റവരുടെ സാമീപ്യത്തേക്കാള്‍ വലുതല്ല ഒന്നും. അത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നത് ഗൗരവതരമായ വിഷയം തന്നെയാണ്.

മലപ്പുറം ജില്ലാ എസ് എസ് എഫിന്റെ സാരഥിയും സാന്ത്വനം പ്രവര്‍ത്തകനുമായ യുവ പണ്ഡിതന്റെ അനുഭവം കേള്‍ക്കൂ: അദ്ദേഹം ഒരു ദിവസം ഉമ്മയോട് എനിക്ക് കുറച്ച് രോഗികളെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു. നമ്മുടെ അയല്‍ വാസിയായ താത്തയെ കാണുന്നില്ലേ എന്നായിരുന്നു ഉമ്മയുടെ മറുചോദ്യം. ”വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചു പോയ മക്കളില്ലാത്ത ഒരു വിധവയാണ്. അയല്‍പക്കങ്ങളില്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. അവര്‍ക്കിന്ന് വയ്യാതായിരിക്കുന്നു, ചെറുപ്പത്തില്‍ കാലിനേറ്റ പൊള്ളല്‍ കാരണം ചില സമയങ്ങളില്‍ കാല്‍ പഴുക്കും. അടുത്ത ബന്ധുക്കള്‍ എമ്പാടുമുണ്ട്. പലരും സമ്പല്‍ സമൃദ്ധിയില്‍ കഴിയുന്നവരുമാണ്. ചെറിയൊരു കുടിലിലാണവര്‍ ജീവിക്കുന്നത്. ഞാന്‍ വിശേഷങ്ങളെല്ലാം തിരക്കി. എന്താവശ്യമുണ്ടെങ്കിലും എന്റെ ഉമ്മയോട് പറയണം എന്നുകൂടി പറഞ്ഞാണ് തിരിച്ചു പോന്നത്. വീണ്ടുമൊരിക്കല്‍ ആ ഉമ്മയുടെ അടുത്തു ഞാനെത്തി. അവരുടെ അവസ്ഥ കുറച്ചുകൂടി ദയനീയമായിട്ടുണ്ട്. കാലിലെ മുറിവും പഴുപ്പും കൂടിയിട്ടുണ്ട്. ഇന്നലെ ഡോക്ടറെ കണ്ടപ്പോള്‍ കുറേ മരുന്നുകള്‍ എഴുതിയിട്ടുണ്ടെന്ന് ആ ഉമ്മ പറഞ്ഞു. വാങ്ങിയില്ലേയെന്ന് ചോദിച്ചപ്പോള്‍ അഭിമാനിയായ ആ മാതാവിന്റെ മുഖത്തു മൗനം മാത്രം. അവര്‍ക്ക് വേണ്ട മരുന്നുകള്‍ ഞാന്‍ എത്തിച്ചുകൊടുത്തു. പോരുമ്പോള്‍ ഇനി എന്താവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറയാതിരിക്കരുതെന്ന് കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു. രാത്രി ഒറ്റക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ വരാം എന്നും പറഞ്ഞു.

മഴക്കാലമായി. പേമാരിയും ഇടിയും മിന്നലും കാറ്റും മൂലം അന്തരീക്ഷം ആകെ ബഹളമയമാണ്. ഞാന്‍ കോലായിലിരുന്ന് മഴയും കാറ്റും അനുഭവിക്കുകയായിരുന്നു. വീടിന്റെ മുന്നിലൂടെ അല്‍പസമയം മുമ്പ് നടന്നു പോയ ഒരു പരിചയക്കാരന്‍ തിരിച്ചുവരുന്നു. എന്തേ നിങ്ങള്‍ മടങ്ങിയതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ അയല്‍വാസിയായ സ്ത്രീ മഴയത്താണുള്ളതെന്ന് പറഞ്ഞു. മഴയും കോളും പേടിച്ചിട്ടായിരിക്കാം അവര്‍ വീട്ടില്‍ നിന്നിറങ്ങി കൂടപ്പിറപ്പിന്റെ വീട്ടിലേക്ക് ചെന്ന് വാതിലില്‍ മുട്ടി. ആ വാതിലുകള്‍ തുറന്നില്ല. അവര്‍ പേടിച്ചരണ്ട് മഴയിലൂടെ തിരിച്ച് അവരുടെ കുടിലിലേക്ക് പോവുകയാണ്. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഞാന്‍ മഴയത്തു കൂടെ ഓടി ആ ഉമ്മയുടെ അടുത്തെത്തി എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെ ഒരു മുറി സൗകര്യം ചെയ്തുകൊടുത്തു. ഇനി നിങ്ങളും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. രാത്രികാലങ്ങളില്‍ ഇവിടെ കിടന്നുറങ്ങാം. ആശുപത്രിയില്‍ ഞങ്ങള്‍ കൂടെവരും.

പിറ്റേ ദിവസം അവരുടെ ഉറ്റവരില്‍ ചിലരെ കണ്ടു. ആ ഉമ്മയുടെ ആരോഗ്യാവസ്ഥയും ഇനി അവര്‍ക്ക് ഒറ്റക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സത്യവും ബോധ്യപ്പെടുത്തി. അപ്പോള്‍ തണുത്തൊരു പ്രതികരണമാണ് കിട്ടിയത്. പതുക്കെപ്പതുക്കെ അവര്‍ക്ക് പറ്റെ വയ്യാതെയായി. ആശുപത്രിയില്‍ അഡ്മിറ്റായി. അവിടെയും കൂട്ടിരിക്കാന്‍ ബന്ധുക്കള്‍ എന്നുപറയുന്ന പലര്‍ക്കും നേരം കിട്ടിയില്ല. നാട്ടിലെ ജനപ്രതിനിധികളെയും മറ്റും വിഷയം ധരിപ്പിച്ചു. അവരും കുടുംബങ്ങളോട് സംസാരിച്ചു. അവരും കൈമലര്‍ത്തി. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോഴും ഞാനും ഉമ്മയും ഭാര്യയും മക്കളും മാത്രം. എനിക്കൊരു വിഷമവും തോന്നിയില്ല. എന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചു എന്ന തോന്നല്‍ മാത്രം. പക്ഷേ, എന്റെ മനസ്സിനെ ഇടക്ക് മുറിപ്പെടുത്തിയത് ആ ഉമ്മ തന്റെ ഉറ്റമിത്രങ്ങളുടെ പരിലാളന ഈ സമയത്ത് എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന ചിന്തയായിരുന്നു. അത്ഭുതപ്പെടുത്തിയത് ഞങ്ങളോടുള്ള ആ ഉമ്മയുടെ സ്‌നേഹവായ്പും ഞങ്ങളെ കാണുമ്പോഴുള്ള മുഖത്തിന്റെ തെളിച്ചവും ആയിരുന്നു.

മരണമെന്ന സത്യം ആ മാതാവിന്റെ അടുത്തെത്തി എന്നെനിക്ക് തോന്നിത്തുടങ്ങിയപ്പോള്‍ ഞാന്‍ നാട്ടിലെ ജനപ്രതിനിധികളെയും പ്രമുഖരെയും കണ്ട് പറഞ്ഞു. നമ്മള്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഈ ഉമ്മയെ സ്വീകരിക്കാന്‍ ഒരാളും വന്നിട്ടില്ല. നാളെ മരിച്ചാല്‍ ഒരുപാടുപേര്‍ കൂട്ടും കുടുംബവും പറഞ്ഞെത്തും. എന്റെ വീട്ടില്‍ നിന്ന് മരിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ആ സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കണം. എന്താണോ അവരുടെ തീരുമാനം അതിനൊപ്പം നില്‍ക്കാന്‍ എന്റെ കൂടെ നിങ്ങളും ഉണ്ടാവണം. നാട്ടിലെ പ്രമുഖര്‍ അവരുടെ ബന്ധുക്കളോട് സംസാരിച്ചപ്പോള്‍ അതവര്‍ക്ക് പറ്റില്ല. മരിച്ചാലുള്ള കാര്യങ്ങള്‍ ഒക്കെ അവര്‍ക്ക് തന്നെ ചെയ്യണം. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു തീരുമാനത്തിലെത്തി. മധ്യസ്ഥരുടെ മുന്നില്‍ അവരുടെ ബന്ധുക്കളും രക്തബന്ധമില്ലാത്ത ആ ഉമ്മയുടെ കുടുംബക്കാരായ ഞങ്ങളും ഒത്തുചേര്‍ന്നു. മരണശയ്യയില്‍ കിടക്കുന്ന സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള മാതാവിനോട് ചോദിച്ചു, നിങ്ങള്‍ക്ക് ആരുടെ കൂടെ പോകാനാണ് താല്‍പര്യം. ഈ സഖാഫിയുടെ വീട്ടില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു വിരല്‍ ഉയര്‍ത്തി കാണിക്കണം. കുടുംബക്കാരുടെ കൂടെ പോകാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ രണ്ടു വിരല്‍ ഉയര്‍ത്തണം. ആ മാതാവിന് രണ്ടുവട്ടം ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അവരൊരു വിരല്‍ ഉയര്‍ത്തി.”

ആ പണ്ഡിതന്റെ വീട്ടില്‍ നല്ല പരിചരണങ്ങള്‍ ഏറ്റുവാങ്ങി അവര്‍ ഈ ലോകത്തോട് യാത്ര ചോദിച്ചു. ആ യുവ പണ്ഡിതന്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്; ‘നമ്മള്‍ മരിച്ചിട്ടു മാത്രം വന്നാല്‍ മതിയോ?’ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ നമ്മുടെ ബാധ്യത തന്നെയാണ്, പക്ഷേ, മരിച്ചിട്ട് എത്തിയവരില്‍ പലര്‍ക്കും ജീവിതകാലത്ത് ആ രോഗിക്ക് വേണ്ടി പല സമയങ്ങളിലായി കുറച്ചു നേരം ചെലവഴിക്കാമായിരുന്നു. ഒരു നേരത്തെ ഭക്ഷണം എത്തിക്കാമായിരുന്നു. അത്യാവശ്യഘട്ടത്തില്‍ ആശുപത്രിയില്‍ കൂടെ പോകാമായിരുന്നു. ഈ സാമൂഹിക ബാധ്യത നിര്‍വഹിക്കുന്നിടത്താണ് നമ്മുടെ നീതിബോധം തെളിയേണ്ടത്.

ഈ സാന്ത്വന വാരത്തില്‍ ആരുടെ വേദനകളും മുറിവുകളുമാണ് പങ്കു വെക്കേണ്ടതെന്നറിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാവിത്രി സാബു കെട്ടിടത്തിലെ മൂന്നാം നിലയില്‍ നേരത്തെ പരാമര്‍ശിച്ച ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കണ്ട ഒരു ദൃശ്യം മനസ്സില്‍ നിന്ന് പോകുന്നില്ല. ഉദ്ദേശം 50 വയസ്സ് തോന്നിപ്പിക്കുന്ന ഒരു മനുഷ്യന്‍ ഒരു പുതിയ ടൂത്ത് ബ്രഷും പേസ്റ്റുമായി പെണ്‍കുട്ടികളുടെ വാര്‍ഡിന്റെ വാതിലിനരികില്‍ കാത്തിരിക്കുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു മാതാവും ഒരു പെണ്‍കുട്ടിയും വാതിലിനടുത്തേക്ക് വന്നു. നീണ്ടുമെലിഞ്ഞ, എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന ഒരു പെണ്‍കുട്ടി. ബ്രഷും പേസ്റ്റും വാങ്ങി ആ പിതാവും മോളും പരസ്പരം കെട്ടിപ്പിടിച്ച് കുറെ നിമിഷങ്ങള്‍. കുട്ടിയുടെ കൈകള്‍ പിന്തിരിപ്പിക്കാന്‍ ആ പിതാവ് ശ്രമിക്കുമ്പോഴൊക്കെ ആ കുഞ്ഞിന്റെ കൈകള്‍ ആ പിതാവിന്റെ ദേഹത്തെ വരിഞ്ഞു മുറുക്കുകയാണ്. രക്താര്‍ബുദം ബാധിച്ച ആ കുട്ടിയെ കൂടുതല്‍ സമയം നോക്കാന്‍ കഴിഞ്ഞില്ല. ഈറനണിഞ്ഞ കണ്ണുകളോടെ ആ മാതാവും ആ ദൃശ്യം നോക്കിനില്‍ക്കുന്നു. കൂടെ ബഞ്ചിലിരുന്ന അഞ്ചു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. ഈ കുടുംബത്തിന്റെ നെടുവീര്‍പ്പുകള്‍ക്കു മുന്നില്‍ നമുക്ക് ആശ്വസിപ്പിക്കാതെ പിന്തിരിഞ്ഞുനടക്കാന്‍ കഴിയുമോ?

വിശപ്പടക്കാനുള്ള ഭക്ഷണം, അന്തിയുറങ്ങാനുള്ള കൊച്ചുവീട്, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, വൃത്തിഹീനമല്ലാത്ത ശൗചാലയങ്ങള്‍, ശുദ്ധമായ കുടിവെള്ളം, നിത്യരോഗികള്‍ക്ക് മരുന്നും പരിചരണവും…ഇതൊക്കെ നമ്മുടെ സാമൂഹിക ബാധ്യത തന്നെയാണ്. ഇത് കേവലമൊരു കാരുണ്യ പ്രവര്‍ത്തനമായിട്ടു മാത്രമല്ല ‘എസ് വൈ എസ് സാന്ത്വനം’ കാണുന്നത്. സേവനം, ദയ, കാരുണ്യം തുടങ്ങിയ വാക്കുകളാല്‍ മാത്രം അലങ്കരിക്കപ്പെടേണ്ടതുമല്ല ഈ ദൗത്യം. നമ്മുടെ കഴിവിനനുസരിച്ച് നമ്മള്‍ വിഹിതം വെക്കപ്പെടേണ്ട പൊതുസ്വത്താണ് നമ്മുടെ സമ്പാദ്യം, അദ്ധ്വാനം, നമ്മുടെ സ്വാധീനം പോലും. നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കണമെന്ന ഖുര്‍ആന്റെ സന്ദേശം നമ്മളെ ഇരുത്തി ചിന്തിപ്പിക്കണം. മനുഷ്യന്റെ നിത്യ ദുഃഖങ്ങള്‍ക്കു മുന്നില്‍ കാഴ്ചക്കാരനായിരിക്കാന്‍ നമുക്ക് കഴിയില്ലല്ലോ?
അബൂബക്കര്‍ (റ) ഭരണസാരഥ്യം ഏറ്റെടുത്തപ്പോള്‍ പതിവ് തെറ്റിക്കാതെ ഒന്നാം നാളിലും വൃദ്ധയുടെ ശുശ്രൂഷക്ക് വേണ്ടി കൃത്യസമയത്ത് പോയത് ചരിത്രത്തിന്റെ മുന്നറിയിപ്പാണ്. ഉമര്‍ (റ) ഭരണസാരഥ്യം ഏറ്റെടുത്തപ്പോഴും അധികാരചെങ്കോല്‍ മാത്രമല്ല നെഞ്ചേറ്റുവാങ്ങിയത്. സിദ്ദീഖ് (റ) പരിചരിച്ചു വന്ന അനാഥകളെയും അഗതികളെയും അവരുടെ ശൗച പാത്രങ്ങളെയും ഖലീഫ ഉമര്‍ (റ) ഏറ്റുവാങ്ങുകയായിരുന്നു. ഒരു സമ്പൂര്‍ണ സാന്ത്വന പദ്ധതിക്കാണ് എസ് വൈ എസ് രൂപം നല്‍കിയിരിക്കുന്നത്. മഹല്ല്, യൂനിറ്റ്, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സാന്ത്വനം ക്ലബ്ബും സാന്ത്വന കേന്ദ്രവും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിശീലനം ലഭിച്ച ഓരോ ക്ലബ് അംഗങ്ങളും അന്നാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹയാത്രികരാവണം. ഓരോ സാന്ത്വന കേന്ദ്രങ്ങളും വേദനിക്കുന്നവന്റെ അഭയ കേന്ദ്രങ്ങളാവണം. വേദനയോടും കണ്ണീരിനോടും ഒപ്പം ചേരാനുള്ള ഈ യാത്രയില്‍, അനാഥരെയും അശരണരെയും അനുയാത്ര ചെയ്യാനുള്ള ഈ ദൗത്യത്തില്‍, വിശക്കുന്നവരെ നിറച്ചൂട്ടാനുള്ള ഈ യാത്രയില്‍, ആര്‍ത്തനാദങ്ങള്‍ക്ക് കൂട്ടിരിക്കാനുള്ള ഈ ദൗത്യത്തില്‍ സമര്‍പ്പണത്തിനൊരുങ്ങുകയാണ് ഈ പ്രസ്ഥാനം. ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന ഈ സമര്‍പ്പണത്തിന്റെ കൂടെ നില്‍ക്കാന്‍ നിങ്ങളും വരിക.
(എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)