Connect with us

Kerala

കെട്ടിക്കിടക്കുന്നത് 13,500 കേസുകള്‍; വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം നീളുന്നു

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം നീളുന്നു. നാല് വര്‍ഷത്തോളമായി അഞ്ച് വിവരാവകാശ കമ്മീഷനര്‍മാരുടെ ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഇതിനാല്‍ 13,500 കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവരാവകാശ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടുകയാണിപ്പോള്‍.
സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന വിവരാവകാശ വിവരങ്ങള്‍ തൃപ്ത്തികരമല്ലെങ്കിലാണ് കമ്മീഷന്മാരെ സമീപിക്കേണ്ടത്. എന്നാല്‍, മുഖ്യ വിവരാവകാശ കമ്മീഷനര്‍ വിന്‍സെന്റ് എം പോള്‍ മാത്രമാണ് നിലവില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ളത്.

കമ്മീഷണര്‍മാരുടെ കുറവ് കാരണം അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ കാലതാമസം നേരിടുകയാണ്. ഇതിനാല്‍ വിവരാവകാശ നിയമത്തിന്റെ സൂതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2005ല്‍ കേരളത്തില്‍ വിവരാവകാശ നിയമം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് വിവരാവകാശ കമ്മീഷനര്‍മാരുടെ നിയമനത്തില്‍ അനിശ്ചിതത്വം തുടരുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വിവരാവകാശ കമ്മീഷനര്‍മരുടെ നിയമനം നടത്തിയിരുന്നു. എന്നാല്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല നിയമനം നടത്തിയതെന്ന പരാതിയെ തുടര്‍ന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു. വിവരാവകാശ കമ്മീഷനര്‍മാരായി മാധ്യമ മേഖല, സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരാണ് നിയമിക്കേണ്ടതെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ കമ്മീഷനര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ സര്‍ക്കാറിന്റ കാലത്ത് ഘടക കക്ഷികള്‍ തമ്മിലെ വീതം വെപ്പിനിടയില്‍ നിയമിച്ചവരുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇതില്‍ വ്യാപക പരാതിയുണ്ടായതിനെ തുടര്‍ന്നാണ് കോടതി ഇടപെടലുണ്ടായത്. കമ്മീഷനര്‍മാരുടെ നിയമനം അനിശ്ചിത്വത്തിന് ഇടയാക്കിയെന്നും ഇത്തവണ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍ സി പി ആര്‍ മലപ്പുറം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ മുജീബുര്‍റഹ്മാന്‍ പത്തിരിയാല്‍ പറഞ്ഞു.
വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതിനാല്‍ കമ്മീഷനര്‍മാരുടെ നിയമനം വേഗത്തിലാക്കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം പോള്‍ സിറാജിനോട് പറഞ്ഞു.

Latest