Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ; വ്യാജ സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍

Published

|

Last Updated

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി ഫോണില്‍ വ്യാജ സന്ദേശം നല്‍കിയ യുവാവിനെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ കല്ലാടിയില്‍ വീട്ടില്‍ സുബിന്‍ സുകുമാരനെ (28)യാണ് ഇന്‍സ്‌പെക്ടര്‍ യു എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി 10.10നാണ് ഇയാള്‍ ദേവസ്വം ഓഫീസിലേക്ക് വിളിച്ച് തൃപ്രയാറില്‍ നിന്നും റാസില്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ബോംബ് ഭീഷണി മുഴക്കിയത്.

ദേവസ്വം ഓഫീസിലെ റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഫോണെടുത്തത്. ഇയാള്‍ ഉടന്‍ തന്നെ ക്ഷേത്രം മാനേജരെ വിളിച്ച് വിവരമറിയിച്ചു. മാനേജര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വിവരം കൈമാറുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദേവസ്വം ഓഫീസിലെ ഫോണുകളിലേക്ക് വന്ന വിളികളുടെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചാണ് യുവാവിന്റെ ഫോണ്‍ നമ്പര്‍ പോലീസ് കണ്ടെത്തിയത്.

വിളിവന്ന നമ്പറിന്റെ ലോക്കേഷന്‍ എറണാകുളത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സംഘം ബുധനാഴ്ച രാത്രി തന്നെ അവിടേക്ക് തിരിക്കുകയും എറണാകുളം രവിപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ രാത്രി സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മദ്യ ലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
തൃപ്പൂണിത്തുറ, എറണാകുളം ഹാര്‍ബര്‍, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ അടിപിടി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. സീനിയര്‍ സി പി ഒ. പി എസ് അനില്‍ കുമാര്‍, സി പി ഒമാരായ ലിജുമോന്‍, ബിനു എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Latest