വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നു; സി ബി എസ് ഇ വാര്‍ഷികപ്പരീക്ഷ മാര്‍ച്ച് അഞ്ചു മുതല്‍

Posted on: January 17, 2018 7:36 pm | Last updated: January 17, 2018 at 7:36 pm
SHARE

ഷാര്‍ജ: 2017-18 അധ്യയന വര്‍ഷാവസാനം ആസന്നമായിരിക്കെ വാര്‍ഷികപ്പരീക്ഷക്ക് വിദ്യാലയങ്ങളും പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 2018 മാര്‍ച്ച് അവസാനത്തോടെയാണ് ഈ അധ്യയന വര്‍ഷം അവസാനിക്കുക. അതിനുമുമ്പ് വാര്‍ഷികപ്പരീക്ഷകള്‍ തീര്‍ന്നിരിക്കണം. ഏപ്രില്‍ ആദ്യവാരത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം.

വാര്‍ഷികപ്പരീക്ഷക്കുള്ള ഒരുക്കം ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ആരംഭിച്ചു. സി ബി എസ് ഇ നേരിട്ട് നടത്തുന്ന പരീക്ഷകള്‍ മാച്ച് അഞ്ചിന് ആരംഭിച്ചു. പന്ത്രണ്ടാം തരം പരീക്ഷയാണ് ആദ്യം തുടങ്ങുക. ആറിന് പത്താംതരം പരീക്ഷക്ക് തുടക്കം കുറിക്കും. പന്ത്രണ്ടാം തരം പരീക്ഷ ഏപ്രില്‍ 12 വരെയും പത്താംതരം പരീക്ഷ രണ്ടു വരെയും നീണ്ടുനില്‍ക്കും. പത്താംതരം പ്രധാന വിഷയങ്ങളുടെ പരീക്ഷകളെല്ലാം മാര്‍ച്ച് 28ന് അവസാനിക്കും. ചുരുക്കം വിദ്യാര്‍ഥികളെഴുതുന്ന പരീക്ഷയാണ് ഏപ്രില്‍ രണ്ട് വരെ തുടരുക. പന്ത്രണ്ടാംതരം ആദ്യപരീക്ഷ ഇംഗ്ലീഷും പത്താംതരം പരീക്ഷ ഹിന്ദിയുമാണ്. ദിവസങ്ങള്‍ ഇടവിട്ടാണ് പരീക്ഷയെന്നതിനാലാണ് അവസാനിക്കാന്‍ ഏറെ സമയം എടുക്കുന്നത്.
പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സി ബി എസ് ഇ അധികൃതരില്‍ നിന്ന് വിദ്യാലയങ്ങളില്‍ ലഭ്യമായിട്ടില്ല. യു എ ഇയില്‍ എത്ര പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നതിനെയും പരീക്ഷയെഴുതുന്ന കുട്ടികളെ കുറിച്ചും വിവരം ലഭിക്കുന്നതേയുള്ളൂ. എങ്കിലും പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ വിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. അതിലൊന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളായിരിക്കും. ഈ വിദ്യാലയം രാജ്യത്തെ പ്രധാന സി ബി എസ് ഇ പരീക്ഷാ കേന്ദ്രങ്ങളിലൊന്നാണ്. എമിറേറ്റിലെ നിരവധി വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ വര്‍ഷംതോറും പരീക്ഷകളെഴുതാന്‍ എത്താറുണ്ട്. സ്ഥിരം പരീക്ഷാ കേന്ദ്രവുമാണിത്. മറ്റൊന്ന് ഡല്‍ഹി പ്രൈവറ്റ് സ്‌കൂളായിരിക്കും. കഴിഞ്ഞ വര്‍ഷം ഈ വിദ്യാലയം പരീക്ഷാകേന്ദ്രമായിരുന്നു.
പത്തിലും പന്ത്രണ്ടിലുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇക്കുറി രാജ്യത്തുനിന്ന് പരീക്ഷകളെഴുതാനുണ്ടാകും. ഇതില്‍ നല്ലൊരു ശതമാനവും മലയാളി വിദ്യാര്‍ഥികളായിരിക്കും. ഏകദേശം ഒന്നര മാസത്തോളമാണ് ഇനി പരീക്ഷക്ക് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷയെ നേരിടാനുള്ള ഒരുക്കങ്ങള്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ചുകഴിഞ്ഞു.
കളിയും വിശ്രമവുമൊക്കെ ഒഴിവാക്കി ഇനിയുള്ള നാളുകള്‍ പഠനത്തില്‍ മുഴുകാനാണ് വിദ്യാര്‍ഥികളുടെ ശ്രമം. ഉന്നത മാര്‍ക്കോടെ വിജയം കരസ്ഥമാക്കി മികച്ച ഉപരിപഠനം നേടാനുള്ള പരിശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.
അതേസമയം ഗ്രേഡ് ഒന്നു മുതല്‍ ഒന്‍പത് വരെയും പതിനൊന്നാം തരത്തിലെയും പരീക്ഷകളും മാര്‍ച്ച് പകുതിയോടെ അവസാനിക്കും. ചില ക്ലാസുകളിലെ ചില വിഷയങ്ങളുടെ പരീക്ഷ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ടാണ് നടത്തുക. മറ്റുള്ളവ വിദ്യാലയ അധികൃതര്‍ നടത്തും. ചോദ്യപേപ്പര്‍ തയ്യാറാക്കുക വിദ്യാലയങ്ങളില്‍ തന്നെയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.

പരീക്ഷ കഴിയുന്നതോടെ പന്ത്രണ്ടാംതരം ഒഴികെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. പുതിയ അധ്യയനവര്‍ഷാരംഭം വരെയാണ് അവധി. ഇതിനിടെ ഉയര്‍ന്ന ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുണ്ടാകും. പ്രത്യേകിച്ച് 10-ാം തരം വിദ്യാര്‍ഥികള്‍ക്ക്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ക്കും മറ്റുമായാണ് അവധി.
പരീക്ഷക്ക് മുന്നോടിയായി ക്ലാസ് പാര്‍ട്ടികള്‍ സംഘടിപ്പിക്കും. ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍തന്നെ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും ക്ലാസ്മുറികള്‍ അലങ്കരിച്ചും വിവിധ പരിപാടികള്‍ അവതരിപ്പിച്ചുമാണ് ക്ലാസ് പാര്‍ട്ടികള്‍ ആഘോഷമാക്കുക.