സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍

Posted on: January 15, 2018 1:41 pm | Last updated: January 15, 2018 at 7:48 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും സഹ ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. തര്‍ക്കവിഷയങ്ങളിലെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ കോടതി ചേര്‍ന്നയുടന്‍ പതിവ് രീതിയിലുള്ള ചായസത്കാരം നടന്നിരുന്നു. ചായസത്കാരത്തിനിടെ ജഡ്ജിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ വി ലോകൂര്‍ എന്നിവര്‍ രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ട് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ജസ്്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് ജഡ്ജിമാര്‍ പ്രതിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പുതിയ ബഞ്ച് തീരുമാനിക്കാത്തതിനാല്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കില്ല.
ഇതിനിടെ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്ന് ആവര്‍ത്തിച്ച് മകന്‍ അനുജ് ലോയ രംഗത്തെത്തി. മരണത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അനുജ് ആരോപിച്ചു. മുംബൈയില്‍ അഭിഭാഷകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് ലോയയുടെ മകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.