Connect with us

National

രാഹുലും മോദിയും എത്തുന്നു; കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്‌

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടുത്ത മാസം സംസ്ഥാനത്തെത്തും.
കര്‍ണാടകയിലും ഗുജറാത്ത് മോഡല്‍ പ്രചാരണം നടത്താന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനം. ഫെബ്രുവരി 10 മുതല്‍ 12 വരെ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ആദ്യഘട്ട പ്രചാരണം നടത്തും. ആദ്യവട്ടം മൂന്ന് ദിവസം പര്യടനം നടത്തുന്ന രാഹുല്‍ പിന്നാലെ മൂന്ന് ത്രിദിന പ്രചാരണ പരിപാടികള്‍ കൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡല്‍ കര്‍ണാടകയിലും പരീക്ഷിക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ബി ജെ പിയുടെ പല കോട്ടകളും തകര്‍ന്നുവീഴുന്ന അവസ്ഥയായിരുന്നു ഗുജറാത്തില്‍. അത്തരത്തിലുള്ള രാഷ്ട്രീയ തന്ത്രമായിരിക്കും കര്‍ണാടകയിലും കോണ്‍ഗ്രസ് പരീക്ഷിക്കുക. സംസ്ഥാനത്തെ 56,000 ബൂത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത സജീവ പ്രവര്‍ത്തകര്‍ക്കുള്ള മണ്ഡലതല പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കാനാണ് നീക്കം.

ക്ഷേത്രങ്ങളും മഠങ്ങളും രാഹുലിന്റെ പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടുത്തും. ശൃംഗേരി ശാരദാ പീഠമാണ് രാഹുല്‍ ഗാന്ധി ആദ്യം സന്ദര്‍ശിക്കുക. ശൃംഗേരിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനാഘോഷം സംഘടിപ്പിക്കാന്‍ കര്‍ണാടക പി സി സി തീരുമാനിച്ചിട്ടുണ്ട്. ആഘോഷത്തില്‍ രാഹുല്‍ മുഖ്യാതിഥിയായി സംബന്ധിക്കും. ഈ പശ്ചാത്തലത്തിലാണ് ശൃംഗേരി മഠത്തില്‍ ആദ്യ സന്ദര്‍ശനം നടത്തുന്നത്. കര്‍ഷകരുമായും സ്ത്രീകളും കുട്ടികളുമായും രാഹുല്‍ ആശയവിനിമയം നടത്തും.
സംസ്ഥാനത്തെ പ്രമുഖ സന്യാസി മഠങ്ങളായ ആദിചുന്‍ച്ചനഗിരി, തുമക്കൂരിലെ സിദ്ധഗംഗ മഠം, മൈസൂരുവിലെ സദ്ദൂര്‍ മഠം, ഹുബ്ലിയിലെ സിദ്ധാര്‍ഥ മഠം എന്നിവയും മറ്റു പ്രധാന ക്ഷേത്രങ്ങളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഗുജറാത്തിലേതു പോലെ കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക രാഹുല്‍ തന്നെയായിരിക്കും. കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണെന്നും ഹിന്ദു വിരോധിയാണെന്നുമുള്ള വിമര്‍ശനത്തെ ഗുജറാത്തില്‍ ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയാണ് രാഹുല്‍ നേരിട്ടത്.
ഇടക്കാലത്ത് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തിളക്കമാര്‍ന്ന വിജയം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ദിരാ കാന്റീന്‍, അന്നഭാഗ്യ, ക്ഷീരഭാഗ്യ, ഇന്ദിരാ ക്ലിനിക് തുടങ്ങിയ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിക്കും. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെന്നും ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള ശക്തമായ മത്സരത്തെ അതിജീവിച്ച് കേവല ഭൂരിപക്ഷവുമായി ഗുജറാത്തില്‍ ബി ജെ പി ഭരണം നിലനിര്‍ത്തിയതോടെ കര്‍ണാടക പിടിക്കാന്‍ ബി ജെ പിയും തന്ത്രങ്ങള്‍ മെനയുകയാണ്. എന്നാല്‍, ഗുജറാത്തിലും ഹിമാചലിലും ബി ജെ പിക്കുണ്ടായ വിജയം കര്‍ണാടകയില്‍ പ്രതിഫലിക്കുകയില്ലെന്നും പാര്‍ട്ടിക്കുള്ള ശക്തമായ ജനകീയാടിത്തറ വോട്ടായി മാറുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ഫെബ്രുവരി നാലിന് കര്‍ണാടകയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പിയുടെ പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കും. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞാലുടന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രിമാരും കര്‍ണാടകയില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകും. തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസം അമിത് ഷാ ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്തിരുന്നു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും രംഗത്തിറക്കി ശക്തമായ പ്രചാരണം നടത്താനാണ് ബി ജെ പിയുടെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചാണ് ബി ജെ പി പ്രചാരണം നടത്തുന്നത്.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തീരുമാനം. ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യ ആഴ്ചയോ ആയിരിക്കും തിരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിഹ്ന അറിയിച്ചു. ഈ മാസം 22 മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്. ഫെബ്രുവരി 15ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 2,433 പുതിയ പോളിംഗ് ബൂത്തുകള്‍ വരുന്നതില്‍ 574 എണ്ണം ബെംഗളൂരുവിലാണ്.

 

Latest