ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാര്‍; തര്‍ക്കം കോടതിയെ ബാധിക്കില്ല: ചെലമേശ്വര്‍

Posted on: January 14, 2018 3:48 pm | Last updated: January 15, 2018 at 10:06 am
SHARE

ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയിലുള്ള തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. മറ്റു ജഡ്ജിമാരോടു ആലോചിച്ചു തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോടാണ് ചെലമേശ്വര്‍ നിലപാടു വ്യക്തമാക്കിയത്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ ഊര്‍ജിതമായ ശ്രമങ്ങളാണു നടക്കുന്നത്. ജസ്റ്റിസ് ചെമേശ്വറുമായി ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വൈകിട്ട് ചീഫ് ജസ്റ്റിസിനെയും മറ്റു ജസ്റ്റിസുമാരെയും കാണുന്നുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാത്രമേ അന്തിമതീരുമാനത്തിലെത്താന്‍ സാധിക്കൂവെന്നാണു പ്രതീക്ഷ.

ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ച് നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്‌