Connect with us

Articles

ജുഡീഷ്വറിയുടെ സ്വാതന്ത്ര്യത്തിന്

Published

|

Last Updated

അഭൂതപൂര്‍വമായ സംഭവങ്ങളാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചുകൊണ്ടും ഭരണഘടനാധിഷ്ഠിത ജനാധിപത്യ വ്യവസ്ഥയെ തന്നെ അപകടത്തിലാക്കിക്കൊണ്ടും സര്‍വോപരി നീതിന്യായവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടുമുള്ള സംഭവഗതികള്‍ ഒന്നിനു പിന്നാലെ ഒന്നെന്ന വണ്ണം നടപ്പിലായിക്കൊണ്ടിരിക്കുന്നതില്‍ സഹികെട്ട് ഉന്നതരായ സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെ പരസ്യമായി രംഗത്തു വരികയും പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചീഫ് ജസ്റ്റിസിന്റെ ചെയ്തികളോടും മനോഭാവത്തോടുമുള്ള കൃത്യവും വ്യക്തവുമായ വിയോജിപ്പ് തുറന്നു പറഞ്ഞിരിക്കുകയുമാണ്. ചീഫ് ജസ്റ്റിസിനു തൊട്ടു താഴെയുള്ള, ഏറ്റവും മുതിര്‍ന്ന നാലു ജഡ്ജിമാരാണ് ഇന്ന് ഈ അഭിപ്രായം പരസ്യപ്പെടുത്തുന്നതിനു വേണ്ടി പത്ര സമ്മേളനം വിളിച്ചു ചേര്‍ത്തത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വീട്ടിലാണ് ഇവര്‍ പത്രസമ്മേളനം വിളിച്ചത്. അദ്ദേഹത്തിനു പുറമെ, ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. സുപ്രീം കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് പത്രസമ്മേളനം സമാന്തരമായി വിളിച്ചു ചേര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇപ്രകാരമൊരു ഗുരുതരമായ “അച്ചടക്കരാഹിത്യ” നടപടി, അതും സുപ്രീം കോടതി തലത്തില്‍ നടക്കുന്നത് ആദ്യമായാണ്. ഹിന്ദുത്വ സവര്‍ണ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രാധിപത്യ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറും നിയോ ലിബറല്‍ ശക്തികളും ചേര്‍ന്നുള്ള കേന്ദ്ര ഭരണകൂട താത്പര്യങ്ങള്‍ സുപ്രീം കോടതിയുടേതക്കം നിലപാടുകളെയും വിധികളെയും സ്വാധീനിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിമതത്വം അരങ്ങേറിയിരിക്കുന്നതെന്നതാണ് ചരിത്രപരമായ സംഭവം. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനം തന്നെ; ഉന്നത ന്യായാധിപന്മാര്‍ തങ്ങളുടെ സ്ഥാനവും പദവിയും മറ്റ് സൗകര്യങ്ങളും ഇനി തിരിച്ചു കിട്ടാന്‍ തന്നെ ഇടയില്ലാത്ത വിധത്തില്‍ അപകടത്തിലാക്കിക്കൊണ്ട് നടത്തുന്ന പ്രതീതിയാണ് സ്വതന്ത്ര നിരീക്ഷകര്‍ക്കുണ്ടായിരിക്കുന്നത്.

ടെലിവിഷന്‍/അച്ചടി മാധ്യമങ്ങളില്‍ വലിയൊരു പങ്കും ഈ ഭരണകൂട താത്പര്യങ്ങള്‍ക്കൊത്തു നില്‍ക്കുകയും അതിനെ പൊലിപ്പിച്ചു കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്, നായാധിപന്മാര്‍ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രത്യേക സി ബി ഐ ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുളവായ സംഭവഗതികളാണ്, ചീഫ് ജസ്റ്റിസിന്റെ നടപടികളെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ഈ നാല് ന്യായാധിപന്മാരെയും എത്തിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണകാര്യങ്ങളും മറ്റു നിര്‍വഹണങ്ങളും ശരിയായ വിധത്തിലല്ല പോകുന്നത്. ഇത് ഏതാനും മാസമായി ഇതേ നിലയിലാണ്. രാഷ്ട്രത്തോടും നീതിന്യായ വ്യവസ്ഥയോടും സുപ്രീം കോടതി എന്ന സ്ഥാപനത്തോടുമുള്ള ഞങ്ങളുടെ ഉത്തരവാദിത്തമാണ് ഞങ്ങള്‍ നിര്‍വഹിക്കുന്നത്. ചീഫ് ജസ്റ്റിസുമായി ഞങ്ങള്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ശരിയായ വിധത്തിലല്ലെന്നും തിരുത്തലുകള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും അപ്രകാരമുള്ള എന്തെങ്കിലും നടപടികള്‍ക്ക് അദ്ദേഹം തയ്യാറാകാത്തതിനാലാണ് ഈ അഭൂതപൂര്‍വമായ നീക്കങ്ങള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടത്. ജൂഡീഷ്യറിയില്‍ സമത്വം അനുശാസിക്കപ്പെടേണ്ടതുണ്ട്. ജൂഡീഷ്യറി സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യവും അത്യന്തം അപകടത്തിലാവും. ഇപ്രകാരമുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള പത്ര സമ്മേളനമാണ് നാലു പേരും ചേര്‍ന്ന് നടത്തിയത്. തങ്ങള്‍ രാഷ്ട്രീയം കളിക്കുകയല്ലെന്നും ചോദ്യങ്ങള്‍ക്കുത്തരമായി അവര്‍ വ്യക്തമാക്കി. നാലു മാസം മുമ്പ് ചില പ്രത്യേക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ആ കത്ത് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. വേണ്ടി വന്നാല്‍ അതു പരസ്യപ്പെടുത്താന്‍ തങ്ങള്‍ മടിക്കില്ല എന്നും അവര്‍ വ്യക്തമാക്കി. ഭാവി തലമുറ ഞങ്ങളെ മനസ്സാക്ഷി പണയം വെച്ചവര്‍ എന്നു വിളിക്കാതിരിക്കട്ടെ എന്നാണ് ജസ്റ്റീസ് ചെലമേശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനു പകരം അദ്ദേഹത്തെ കുറ്റപ്പെടുത്താനും ശിക്ഷിക്കാനുമാണ് എല്ലാവരും തുനിഞ്ഞത് എന്നതും ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. തന്റെ കീഴില്‍ പുതിയ ബഞ്ചുകള്‍ രൂപവത്കരിക്കാനും ജഡ്ജിമാരെ നിയമിക്കാനും വരെ ചീഫ് ജസ്റ്റിസ് തയ്യാറായത് തെറ്റാണെന്ന്, സീനിയര്‍ വക്കീലും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദാവെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നിയമങ്ങളും കീഴ്‌വഴക്കങ്ങളും തനിക്ക് ബാധകമല്ല എന്ന വിധത്തിലാണ് ചീഫ് ജസ്റ്റിസ് പെരുമാറുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നെഴുതി. ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയ ഉത്തരവും മറ്റും പുറപ്പെടുവിച്ചത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയാണെന്നത് ഇതോടൊപ്പം കൂട്ടി വായിക്കണം.

ഉന്നത ഭരണകക്ഷി നേതാവ് പ്രതിയായി വിചാരണ ചെയ്യപ്പെടുന്ന സൊറാബുദ്ദീന്‍ കൊലപാതക കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസായിരുന്നു ലോയ. നാഗ്പൂരില്‍ വെച്ച് 2014 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവം നടന്ന് കുറച്ചു കാലത്തേക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. 2016 നവംബറില്‍ അവര്‍ കുറെകാര്യങ്ങള്‍ തുറന്നു പറയുകയുണ്ടായി. കാരവന്‍ അടക്കം ദേശീയ/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലതും ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും നാളുകളില്‍ ഇക്കാര്യങ്ങള്‍ സംബന്ധമായി നീതിന്യായ സംവിധാനത്തിനകത്തും പുറത്തും നിരവധി കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവയുടെ നൈതികത ഏതു പക്ഷത്തേക്കു ചായും എന്നതിനനുസരിച്ചായിരിക്കും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഭാവി എന്നതുറപ്പാണ്.

 

 

 

Latest