Connect with us

Kerala

കേരളത്തിനോട് കണക്ക് തീര്‍ക്കാന്‍ യുവ ഇന്ത്യ

Published

|

Last Updated

ഗോകുലം ടീം പരിശീലനത്തില്‍

കോഴിക്കോട്: ഭാവി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വാഗ്ദാനങ്ങളായ ഒരുപറ്റം യുവ തരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ആരോസുമായി ഗോകുലം കേരള എഫ് സിക്ക് ഇന്ന് നിര്‍ണായക ഹോം മത്സരം. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ കൗമാരപ്പടയാണ് ആരോസിന്റേത്. ഐ ലീഗില്‍ കളിക്കുന്ന ടീമുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഏക ടീമാണ് ആരോസ്.

പോരാട്ട വീര്യമുള്ള ആരോസ് ടീമുമായി നേരത്തെ കളിച്ച എവേ മത്സരത്തില്‍ ജയിക്കാനായതാണ് ഗോകുലത്തിനുള്ള ചെറിയ ആത്മവിശ്വാസം.
ഇന്ന് വൈകിട്ട് 5.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഐലീഗ് സീസണില്‍ ഗോകുലം ജയിച്ച ഏക മത്സരം ആരോസുമായാണ്. എന്നാല്‍ വിജയങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍ വമ്പന്‍മാരെ വിറപ്പിക്കാന്‍ ആരോസിന് കഴിഞ്ഞിരുന്നു.
അണ്ടര്‍17 ലോകകപ്പില്‍ ഇന്ത്യക്കായി ബൂട്ട് കെട്ടിയ 18 പേരാണ് ആരോസ് സംഘത്തിലുള്ളത്. അഞ്ച് പേര്‍ അണ്ടര്‍ 19 ടീം അംഗങ്ങളും. സ്‌െ്രെടക്കര്‍ കോമണ്‍ തട്ടാലും ഗോള്‍കീപ്പര്‍ ധീരജ് സിംഗ് ഒഴികെയുള്ളവര്‍ സംഘത്തിലുണ്ട്.
സീസണില്‍ ഇതുവരെ രണ്ട് ഗോള്‍ നേടി ഉജ്ജ്വലഫോം തുടരുന്ന ആരോസിന്റെ മലയാളി സാന്നിധ്യം കെ പി രാഹുലാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം.
ഏറെനാളായി ഒരുമിച്ച് കളിക്കുന്ന കുട്ടിക്കൂട്ടമായതിനാല്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയുന്നത് ആരോസിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഖാനയുടെ ഡാനിയല്‍ അഡോയും നൈജീരിയന്‍താരം ചിഗോസിയും നയിക്കുന്ന കേരള ടീം പ്രതിരോധം മറികടക്കുക ഇന്ത്യന്‍ യുവനിരക്ക് കടുപ്പമേറിയതാകും.

സെറ്റ്പീസ് ഗോള്‍നേടാന്‍ മിടുക്ക്കാണിക്കുന്ന വിദേശതാരങ്ങളെ എങ്ങനെ നേരിടുമെന്നത് മത്സരഫലത്തില്‍ നിര്‍ണായകമാകും. പ്രതീക്ഷ നല്‍കുന്ന താരമാണ് രാഹുലെന്ന് ഇന്ത്യന്‍ ആരോസ് പരിശീലകന്‍ ലൂയിസ് നോര്‍ത്തോണ്‍ മത്തോസ് പറഞ്ഞു.
ഐ ലീഗ് മത്സരപരിചയം യുവനിരക്ക് ഗുണകരമാകും. നിരന്തരം സഞ്ചരിച്ച് മത്സരിക്കേണ്ടിവരുന്നത് താരങ്ങളെ തളര്‍ത്തിയിട്ടുണ്ട്. ഭാവിയെ മുന്‍നിര്‍ത്തിയുള്ള ടീമിനെയാണ് സജ്ജമാക്കുനതെന്നും കോച്ച് പറഞ്ഞു.
ടീം വരുത്തിയ ചെറിയപിഴവുകളാണ് കഴിഞ്ഞ മത്സരത്തിലടക്കം വിജയം നഷ്ടപ്പെടുത്തിയതെന്ന് ഗോകുലം കേരള എഫ് സി കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.
ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സതേടുന്നതിനാല്‍ പ്രതിരോധതാരം ബല്‍വീന്ദര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. കരാറൊപ്പിട്ട വിദേശതാരങ്ങള്‍ ഈമാസം 15ന് ശേഷം ടീമിനൊപ്പം ചേരുമെന്നും ബിനോ പറഞ്ഞു.

 

Latest