Connect with us

Kerala

സലഫിസത്തിനെതിരെ കടുത്ത വിമര്‍ശവുമായി ഇ കെ വിഭാഗവും

Published

|

Last Updated

തിരൂരങ്ങാടി: സലഫിസ്റ്റ് ചിന്താധാരക്കെതിരെ കടുത്ത വിമര്‍ശവുമായി ഇ കെ വിഭാഗവും. ആഗോള സലഫിസ്റ്റ് തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊള്ളേണ്ട സമയമാണിതെന്നും ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സലഫിസത്തിനെതിരെയുള്ള ഇ കെ വിഭാഗം ആദര്‍ശ പ്രചാരണ കാമ്പയിന്റ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ നവീന വാദികളുമായി സുന്നികള്‍ക്കുള്ള ഭിന്നത വിശ്വാസപരം തന്നെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിംകളെ കാഫിറാക്കിക്കൊണ്ട് ആദ്യമായി രംഗത്ത് വന്നത് ഖവാരിജുകളാണ്. എന്നാല്‍ ഖവാരിജുകളുടെ അതേ നിലപാട് തന്നെയാണ് ഇന്ന് മുജാഹിദുകളും ജമാഅത്തും സ്വീകരിച്ചു വരുന്നത്.

കര്‍മപരമായ കാര്യങ്ങളില്‍ മാത്രമല്ല ഭിന്നിപ്പുള്ളത്. മുജാഹിദുകള്‍ അടക്കമുള്ള നവീന വാദികള്‍ വിശ്വാസത്തില്‍ പിഴവ് സംഭവിച്ചവരാണ്. അതുകൊണ്ടാണ് അവരുമായി ഒരു ബന്ധവും മുസ്‌ലിംകള്‍ക്ക് പാടില്ലെന്ന് സമസ്ത വളരേ മുമ്പ് പറഞ്ഞത്. അവരുടെ ആശയത്തിന് സഹായമാകുന്ന ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്നതാണ് സമസ്തയുടെ നയം. ഈ നയത്തില്‍ ഒരു മാറ്റവുമില്ല. മതത്തിന്റെ കാര്യം പറയാനുള്ള അധികാരം പണ്ഡിതന്‍മാര്‍ക്കാണ്. നിയമസഭയിലും മറ്റും പോയി പ്രസംഗിക്കുന്നവര്‍ അത് പറഞ്ഞാല്‍ മതി. പുത്തന്‍ വാദികളെ സഹായിക്കുന്നവര്‍ ഇസ്‌ലാമിനെ തകര്‍ക്കാനാണ് സഹായം ചെയ്യുന്നതെന്ന് നബി(സ) പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, അശ്‌റഫ് അശ്‌റഫി പ്രസംഗിച്ചു. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തിലുള്ളആദര്‍ശ ക്യാമ്പയിന്‍ നേരത്തെ നടന്നു വരുന്നുണ്ട്.

 

Latest