സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതിയുമായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്

Posted on: January 6, 2018 11:01 pm | Last updated: January 6, 2018 at 11:01 pm
SHARE

ചെര്‍പ്പുളശേരി: സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെ എസ് ഇ ബിയുടെ ഗ്രിഡിലേക്ക് നല്‍കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന നേട്ടം പൂക്കോട്ടുകാവിന് സ്വന്തമാവുകയാണ്.

ഒരു പക്ഷെ മുപ്പത് കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ പഞ്ചായത്താണ് പൂക്കോട്ടുകാവ്. തദ്ദേശമിത്രം പദ്ധതിയില്‍ ലഭിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ ഈ പദ്ധതി 15 ന് രാവിലെ 10 ന് എം ബി രാജേഷ് എം പി നാടിന് സമര്‍പ്പിക്കും. 2017 മാര്‍ച്ച് 13 നാണ് വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ് ഇ ബി ക്ക് വില്‍ക്കാനുളള പദ്ധതി ഭരണസമിതി തീരുമാനിച്ചത്. തദ്ദേശമിത്രം പദ്ധതിയില്‍ സംസ്ഥാനത്തെ പിന്നോക്ക പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ സഹായമായി ലഭിച്ച മുപ്പത് ലക്ഷം രൂപ സേവിങ്ങ് ഉണ്ടെന്ന് അന്നാണ് ഭരണസമിതി അറിയുന്നത്.

മാര്‍ച്ച് 31 നകം പുതിയ പദ്ധതി ഉണ്ടാക്കി അംഗീകാരം വാങ്ങുകയും ടെണ്ടര്‍ വിളിച്ച് കരാര്‍ ഒപ്പുവെച്ചാല്‍ പണം ഉപയോഗിക്കാമെന്നും തദ്ദേശമിത്രത്തിന്റെ ഡയറക്ടര്‍ അറിയിച്ചു. 17 ദിവസംകൊണ്ട് ഇത്രയും കാര്യങ്ങള്‍ ചെയ്യുക എന്നത് പ്രയാസകരമാണെന്നറിഞ്ഞിട്ടും ഏറ്റെടുക്കുകയാണ് ഉണ്ടായത്. സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറി എന്ന പതിവ് പാഠപുസ്തകവിവരത്തേക്കാള്‍ സാഹസികോര്‍ജ്ജം വൈദ്യുതിയായി മാറി എന്നാണ് ഭരണസമിതി പറയുന്നത്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ അസി. സെക്രട്ടറി ആഷിഫിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഈ പദ്ധതി ഏറ്റെടുക്കാനും പൂര്‍ത്തീകരിക്കാനും കഴിഞ്ഞതെന്ന് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് സ്ഥാപിച്ചത് കുറെ സോളാര്‍ പാനലുകളല്ല. മറിച്ച് പൂക്കോട്ടുകാവിനെപ്പോലുളള ഒരു പഞ്ചായത്തിന് ഇത് സാധിക്കുമെങ്കില്‍ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാധിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. സാമ്പത്തിക ശേഷിയുളളവരെ പ്രോത്സാഹിപ്പിച്ച് ഇത്തരം സംരംഭങ്ങളിലേക്ക് ഇറക്കണമെന്ന ആഹ്വാനമാണ്. അതുവഴി പ്രകൃതിക്ക് കോട്ടം തട്ടാതെ നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

ഭാവിയെ കുരുതികൊടുക്കാതെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് സുസഥിര വികസനത്തിന്റെ അടിസ്ഥാന പാഠമെന്ന് പൂക്കോട്ടുകാവ് പഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നത്. ഈ വെളിച്ചം അണയാതിരിക്കാന്‍ ഭരണസമിതി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമെന്നും പ്രസിഡണ്ട് ജയദേവന്‍ പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here