Connect with us

Wayanad

കഴുകന്മാരുടെ സംരക്ഷണം: കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് 50 ലക്ഷം അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കഴുകന്മാരുടെ സംരക്ഷണത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 50 ലക്ഷം രൂപ അനുവദിച്ചു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മുഖേന സമര്‍പ്പിച്ച പ്രൊജക്ട് അംഗീകരിച്ചാണ് ഫണ്ട് അനുവദിച്ചത്. തുക ലഭ്യമാകുന്ന മുറയ്ക്ക് വന്യജീവി സങ്കേതത്തില്‍ കഴുകന്‍ സംരക്ഷണ പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ വിഷ്ണു എന്നിവര്‍ പറഞ്ഞു. വയനാട്ടില്‍ ആദ്യമായി വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലുള്ള നായ്‌ക്കെട്ടിയില്‍ കരിങ്കഴുകനെ(യൂറേഷ്യന്‍ ബ്ലാക്ക് വള്‍ച്ചര്‍) സമീപദിവസം കണ്ടതായി അവര്‍ വെളിപ്പെടുത്തി.

കേരളത്തില്‍ കഴുകന്മാരുടെ ഏക ആവാസ വ്യവസ്ഥയാണ് വയനാട് വന്യജീവിസങ്കേതം. ചൂട്ടി, കാതില ഇനങ്ങളില്‍പ്പെട്ട കഴുക•ാരുടെ സാന്നിധ്യമാണ് വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്ഥിരീകരിച്ചത്. വനം-വന്യജീവി വകുപ്പ് പക്ഷി ശാസ്ത്രജ്ഞര്‍, പക്ഷി നിരീക്ഷകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ജനുവരിയില്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ സര്‍വേയില്‍ 53 ചുട്ടിക്കഴുകന്മാരെയും അഞ്ച് കാതിലക്കഴുക•ന്മാരെയും കണ്ടെത്തിയിരുന്നു. തോല്‍പ്പെട്ടി റേഞ്ചിലെ ദൊഡ്ഡാടി, അയ്യപ്പന്‍പാറ, ബേഗൂര്‍, പുഞ്ചവയല്‍, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂര്‍, കുറിച്യാട്, മുത്തങ്ങ റേഞ്ചിലെ മുതുമലക്കല്ല്, മുത്തങ്ങ, കല്ലുമുക്ക് എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 24 പരുന്ത് വര്‍ഗങ്ങളെയും സര്‍വേയില്‍ കാണാനായി.

ചുട്ടി, കാതില ഇനങ്ങളെ അപേക്ഷിച്ച് വലിപ്പവും തൂക്കവും കൂടുതലുള്ളതാണ് കരിങ്കഴുകന്‍. വളര്‍ച്ചയെത്തിയ കാതില, ചുട്ടി കഴുകന്മാര്‍ക്ക് ശരാശരി ഏഴ് കിലോഗ്രാമാണ് തൂക്കം. എന്നാല്‍ കരിങ്കഴുകനു 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. ഈ ഇനത്തില്‍ ആണ്‍ കഴുകന്മാരെ അപേക്ഷിച്ച് പെണ്‍ കഴുകന്മാര്‍ക്കാണ് തൂക്കം കൂടുതല്‍. രോമാവൃതമായ കഴുത്തുള്ള കരിങ്കഴുകനു ചിറകുകള്‍ വിരിക്കുമ്പോള്‍ ഏകദേശം മൂന്നു മീറ്ററാണ് വീതി. ചുട്ടി, കാതില ഇനങ്ങളില്‍ ഇത് രണ്ടര മീറ്റര്‍ വരെയാണ്.

ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്നതാണ് കരിങ്കഴുകന്‍. ഇന്ത്യയില്‍ ഗുജറാത്തുവരെ ഇവ ദേശാടനം നടത്താറുണ്ട്. വയനാടിനോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനത്തില്‍ 2016ല്‍ ഒരു കരിങ്കഴുകനെ കണ്ടെത്തിയിരുന്നു. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ജീവിവര്‍ഗമാണ് വംശനാശത്തിന്റെ വക്കിലുള്ള കഴുക•ാരെന്ന് ഒ. വിഷ്ണു പറഞ്ഞു. ഇന്ത്യയില്‍ 1980 കളില്‍ ഉണ്ടായിരുന്ന നാല് കോടി കഴുക•ാരില്‍ 99.9 ശതമാനവും 2005 ആയപ്പോഴേക്കും അപ്രത്യക്ഷമായി. ഡൈക്‌ളോഫിനാക്ക് എന്ന വേദനസംഹാരി പ്രയോഗിച്ച കന്നുകാലികളുടെ മൃതാവശിഷ്ടങ്ങള്‍ ആഹരിക്കുകവഴിയാണ് കഴുക•ാരില്‍ ഏറെയും ചത്തൊടുങ്ങിയത്. വനത്തിലും അതിര്‍ത്തിയിലും ചാകുന്ന മൃഗങ്ങളുടെ മാംസം ആഹരിക്കുന്നതിലൂടെയാണ് വേദനസംഹാരികളുടെ അംശം കഴുകന്മാരിലെത്തുന്നത്. കേന്ദ്ര മന്ത്രാലയം അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഉള്‍പ്പെടെ നടത്തുമെന്ന് വിഷ്ണു പറഞ്ഞു.

 

Latest