കേരളോത്സവം ഒന്നാം സമ്മാനം ബംഗ്ലാദേശ് സ്വദേശി സമര്‍ സീല്‍ നേടി

Posted on: January 2, 2018 7:31 pm | Last updated: January 2, 2018 at 7:31 pm

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ കേരളലോത്സവം 2017 സമാപിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ 101 സമ്മാനങ്ങളുള്ള നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 2018 മോഡല്‍ നിസാന്‍ സണ്ണി കാര്‍ ബംഗ്ലാദേശ് സ്വദേശി സമര്‍ സീല്‍ നേടി. ഭക്ഷണ ശാലകളില്‍ നാട്ടിലെ ഉത്സവത്തെ ഓര്‍മിപ്പിക്കുന്ന നാടന്‍ വിഭവസമൃദ്ധിയില്‍ ഓരോരുത്തരും ഗൃഹാതുരത്വ രുചികള്‍ ആസ്വദിച്ചു.

കുട്ടികള്‍ വിവിധ കളികളില്‍ മുഴുകി. ആനമയില്‍ ഒട്ടകം കളി പഴയ ഉത്സവപ്പറമ്പിലെ കാഴ്ചകള്‍ക്ക് തുല്യമായി. പുസ്തക ശാലയും ആര്‍ടിസ്റ്റ് രാജീവ് മുളക്കുഴയുടെ ഇന്‍സ്റ്റന്റ് പോയിട്രൈറ്റും നവ്യാനുഭവമായി. കെ.എസ്.സി ബാലവേദിയും ഫ്രണ്ട്‌സ് ഓഫ് കേരളം ശാസ്ത്ര സാഹിത്യ പരിഷത്തും ഒരുക്കിയ ശാസ്ത്രമേള ഒട്ടേറെ പേരെ ആകര്‍ഷിച്ചു മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. അക്ഷരാര്‍ഥത്തില്‍ നാട്ടിലെ ഉത്സവപ്പറമ്പിലെ അബുദാബിയിലേക്ക് പറിച്ചുനട്ട പ്രതീതി ജനിപ്പിക്കാനും ഒട്ടേറെ പേര്‍ക്ക് നാടിന്റെ ഗൃഹാതുരത്വ ഓര്‍മകളിലേക്ക് ഊളിയിട്ടിറങ്ങാനും കഴിഞ്ഞു.

യു എ ഇ എക്‌സ്‌ചേഞ്ച് മാര്‍കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍ ആദ്യ നറുക്കെടുത്തുകൊണ്ട് നറുക്കെടുപ്പിനു തുടക്കം കുറിച്ചു അല്‍ മസൂദ് മാനേജര്‍ നതാലിയ പൗലോസ്‌കി, ഇവര്‍ സൈഫ് എം ഡി സജീവന്‍ തുടങ്ങി വ്യവസായ പ്രമുഖര്‍ വിവിധ സംഘടനാ പ്രതിനിധികള്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരയുടെ സാന്നിധ്യത്തില്‍ ആണ് നറുക്കെടുപ്പ് നടന്നത്. കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി മനോജ്, ട്രഷറര്‍ നൗഷാദ് കോട്ടക്കല്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നറുക്കെടുപ്പിനു നേതൃത്വം വഹിച്ചു. ഒന്നാം സമ്മാനമായ നിസ്സാന്‍ സണ്ണി കാറിന്റെ താക്കോല്‍ വിജയിക്ക് കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍ സമ്മാനിച്ചു