ഭരണഘടന തിരുത്താമെന്ന ബിജെപിയുടെ മോഹം വിലപ്പോകില്ല: ജിഗ്നേഷ് മേവാനി

Posted on: January 1, 2018 3:06 pm | Last updated: January 1, 2018 at 8:24 pm
SHARE

പൂനെ: ഇന്ത്യന്‍ ഭരണഘടന തിരുത്താമെന്ന ബിജെപിയുടെ മോഹം വിലപ്പോകില്ലെന്ന് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഭരണഘടന തിരുത്തിക്കളയാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. പൂനെയില്‍ എല്‍ഗാര്‍ പരിഷത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന തിരുത്തി ഇന്ത്യയുടെ ജനാധിപത്യസംവിധാനം അട്ടിമറിക്കാമെന്ന് ബിജെപിക്കാര്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് നടപ്പില്ല. ഭരണഘടന സംരക്ഷിച്ചുനിര്‍ത്താന്‍ അധികാരമുള്ള തങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം ബിജെപിക്കാര്‍ മനസ്സിലാക്കണം. ഗുജറാത്തില്‍ 150 സീറ്റുകളില്‍ വിജയിക്കാമെന്ന ബിജെപിയുടെ മോഹം ഞങ്ങള്‍ തല്ലിക്കെടുത്തി. ഇനിയും ഒരുമിച്ച് പൊരുതിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കത്തിലേക്ക് ചുരുങ്ങും.

കര്‍ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പിന്നാക്കവിഭാഗക്കാരെല്ലാം ബിജെപിക്കെതിരെ ഒരുമിക്കണം. തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നത് തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. എന്നാല്‍ മുസോളിനിയുടേയും ഹിറ്റ്‌ലറിന്റേയും ആശയം പിന്തുടരുന്ന ബിജെപി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക തന്നെ വേണം.

നേരത്തെ, ഇന്ത്യന്‍ ഭരണഘടന തിരുത്തുമെന്ന കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അനന്ത്കുമാര്‍ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞിരുന്നു.