Connect with us

Editorial

കടമെടുത്ത് എത്രനാള്‍?

Published

|

Last Updated

കേരളം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് രണ്ട് മാസമായി നമ്മുടെ ട്രഷറികളില്‍ പ്രതിഫലിക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും പ്രതീക്ഷിത വരവ് ഗണ്യമായി കുറയുകയും ചെയ്യുന്ന ഗുരുതര സാഹചര്യം. വായ്പയെടുക്കുന്നതിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെയാണ് ട്രഷറി നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. കണക്കുകളില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തി വായ്പാനിയന്ത്രണം മറികടന്നെങ്കിലും ചരക്ക് സേവന നികുതി (ജി എസ് ടി), വില്‍പ്പന നികുതി എന്നിവയില്‍ വന്ന കുറവ് വലിയ ചോദ്യമാണ് കേരളത്തിന്റെ സമ്പദ്ഘടനക്ക് നേരെ ഉയര്‍ത്തുന്നത്. ഗള്‍ഫ് മേഖലയിലെ മാന്ദ്യം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

6100 കോടി രൂപ കൂടി ഈ സാമ്പത്തിക വര്‍ഷം വായ്പയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 20,300 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷം പൊതു വിപണിയില്‍ നിന്ന് കേരളത്തിന് വായ്പയെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. മുന്‍ വര്‍ഷം ട്രഷറി സേവിംഗ്‌സിന്റെ ബലത്തില്‍ അധികമായെടുത്ത വായ്പയും വകുപ്പുകളുടേതായി ട്രഷറികളിലുണ്ടായിരുന്ന നീക്കിയിരിപ്പും കേന്ദ്ര സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്നെടുത്ത വായ്പയുടെ കണക്കില്‍പ്പെടുത്തി. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ ക്വാട്ട തീര്‍ന്നു. ഇതാണ് ട്രഷറി നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലുണ്ടായിരുന്ന പതിമൂവായിരം കോടി രൂപയില്‍ ഏതാണ്ട് ആറായിരം കോടി രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഇപ്പോള്‍ ഈ നിയന്ത്രണം മറികടന്നിരിക്കുന്നത്. ഓരോ വര്‍ഷവും ചെലവഴിക്കാതെ വരുന്ന പണമായിരുന്നു ഇത്. കണക്കില്‍ മാത്രമുള്ള ഈ പണം പ്രത്യേക ഉത്തരവിലൂടെ മാറ്റിയാണ് വീണ്ടും വായ്പക്ക് അനുമതി നേടിയെടുത്തിരിക്കുന്നത്. കടമെടുക്കുന്നതിനുള്ള നിയന്ത്രണം നീങ്ങിയതോടെ ട്രഷറി നിയന്ത്രണവും നീങ്ങുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.

ഒന്നരലക്ഷം കോടി രൂപയായിരുന്നു എല്‍ ഡി എഫ് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡോ. ടി എം തോമസ് ഐസക്ക് ഇറക്കിയ ധവളപത്രം നല്‍കുന്നതാണ് ഈ കണക്ക്. അതിനും അഞ്ച് വര്‍ഷം മുമ്പ് യു ഡി എഫ് അധികാരമേറ്റപ്പോള്‍ പൊതുകടം 78,673 കോടി രൂപയും. അഞ്ച് വര്‍ഷം കൊണ്ടായിരുന്നു കടത്തിലെ ഈ കുതിച്ചുകയറ്റം. സംസ്ഥാനത്തിന്റെ ആളോഹരി കടം ഏതാണ്ട് നാല്‍പ്പതിനായിരം രൂപക്ക് മുകളിലാണ്.

കടമെടുക്കുന്ന തുക വികസന ചെലവിന് മാത്രമേ ഉപയോഗിക്കൂവെന്നാണ് ധനമന്ത്രിമാരെല്ലാം പറയാറുള്ളതെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാക്കപ്പെടാറില്ല. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, പലിശ എന്നീ ഇനത്തിലേക്കാണ് കടത്തിന്റെ ഏറിയ പങ്കും പോകുന്നത്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും?

ജി എസ് ടിയില്‍ വലിയ പ്രതീക്ഷയാണ് കേരളം വെച്ചുപുലര്‍ത്തിയിരുന്നത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ പ്രത്യേകിച്ച്. സംസ്ഥാനത്ത് നിന്ന് പിരിക്കുന്ന നികുതിയില്‍ കേരളത്തിനുള്ള വിഹിതമായ എസ് ജി എസ് ടിയിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കിന്മേല്‍ ലഭിക്കുന്ന നികുതിയായ ഐ ജി എസ് ടിയും ഓരോ മാസവും കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍. 799 കോടി രൂപയായിരുന്നു ആഗസ്റ്റിലെ എസ് ജി എസ് ടി. 452 കോടി ഐ ജി എസ് ടിയും. സെപ്തംബറില്‍ യഥാക്രമം 802.28 കോടിയും 763 കോടിയുമായി. ഒക്‌ടോബറില്‍ 737, 822 കോടി രൂപയും നവംബറില്‍ ലഭിച്ചത് 585 കോടിയും 801.23 കോടിയും. നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 1200 കോടി രൂപ കൊണ്ടാണ് തത്കാലം പിടിച്ചുനിന്നത്. വില്‍പ്പന നികുതിയിലെ കുറവും സ്ഥിതി സങ്കീര്‍ണമാക്കുന്നു. നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയതോടെ വിപണിയില്‍ സംഭവിച്ച മാന്ദ്യമാണ് പ്രതിസന്ധിയുടെ അടിസ്ഥാനമായി വിലയിരുത്തുന്നത്. ഏത് ചെറിയ കച്ചവടത്തിലും മരവിപ്പ് ദൃശ്യമാണ്.

വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാകും. ബില്ലുകള്‍ കൂട്ടത്തോടെ വരുമ്പോള്‍ മാറി നല്‍കാന്‍ കഴിയില്ല. ചെലവ് ചുരുക്കല്‍ നടപടികള്‍ അനിവാര്യമാകുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഫലത്തില്‍ ഈ വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതികള്‍ പലതും അടുത്ത വര്‍ഷത്തേക്ക് മാറ്റേണ്ടി വരും. ഇതിനെല്ലാം അപ്പുറത്താണ് ഗള്‍ഫ് മേഖലയിലെ മാറ്റങ്ങള്‍. ഗള്‍ഫ് പണത്തിലധിഷ്ഠിതമാണ് കേരളത്തിന്റെ സമ്പദ്ഘടന. ഗള്‍ഫില്‍ നിന്നുള്ള മടക്കം വലിയതോതില്‍ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു.

 

Latest