എസ് വൈ എസ് ക്യാമ്പയിന്‍ സമാപനം;കക്കാട് നാളെ ആദര്‍ശ സമ്മേളനം

Posted on: December 31, 2017 9:07 am | Last updated: December 30, 2017 at 11:19 pm

തിരൂരങ്ങാടി: തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആദര്‍ശ ക്യാമ്പയിന്റെ സമാപന സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കക്കാട് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, റഹ്മത്തുല്ല സഖാഫി എളമരം സംബന്ധിക്കും. മുസ്‌ലിം യുവാക്കളെ ഭീകരവാദത്തിലേക്ക് തള്ളിവിടുകയും മഹാന്മാരുടെ മഖ്ബറകള്‍ തകര്‍ക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന സലഫികളുടെ ചെയ്തികള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ മുസ്‌ലിം സമൂഹത്തിന് ദുഷ്‌പേര് വരുത്തുകയാണ് ചെയ്യുന്നതെന്ന് എസ് വൈ എസ് ഭാരവാഹികള്‍ പറഞ്ഞു.

സലഫി പ്രസ്ഥാനത്തിന്റെ തനിനിറം തുറന്നു കാട്ടുന്നതോടൊപ്പം യഥാര്‍ഥ ഇസ്‌ലാമിന്റെ സുന്ദര മുഖം പൊതു സമൂഹത്തിന് പകരുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എസ് വൈ എസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍, വി ടി ഹമീദ് ഹാജി, എന്‍ എം സൈനുദ്ദീന്‍ സഖാഫി, സി എച്ച് മുജീബുര്‍റഹ്മാന്‍ പങ്കെടുത്തു.