യു എസിന് പിന്നാലെ ഇസ്‌റാഈലും യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നു

Posted on: December 30, 2017 11:49 pm | Last updated: December 30, 2017 at 11:49 pm

യു എന്‍: അമേരിക്കക്കൊപ്പം ഇസ്‌റാഈലും യുനെസ്‌കൊയില്‍ നിന്ന് പിന്‍വാങ്ങാന്‍ നോട്ടീസ് നല്‍കി. കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈല്‍ കൈയേറ്റത്തെ യുനെസ്‌കൊ വിമര്‍ശിച്ചതും 2011ല്‍ ഫലസ്തീന് യുനെസ്‌കൊയില്‍ പരിപൂര്‍ണ അംഗത്വം നല്‍കിയതും ഇസ്‌റാഈലിനെ ചൊടിപ്പിച്ചിരുന്നു. പിന്‍മാറാനുള്ള ഇസ്‌റാഈല്‍ തീരുമാനം ഏറെ ദുഃഖകരമാണെന്ന് യുനെസ്‌കൊ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു.
വിദ്യഭ്യാസം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളില്‍ സമര്‍പ്പിതമായ യു എന്‍ ഏജന്‍സിയായ യുനെസ്‌കൊയില്‍ 1949മുതല്‍ അംഗമായ ഇസ്‌റാഈലിന് ഉന്നത സ്ഥാനമുണ്ടായിരുന്നുവെന്നും അസോലെ പറഞ്ഞു. യുനെസ്‌കോയില്‍ നിന്ന് പിന്മാറാന്‍ ഒക്‌ടോബറില്‍ നോട്ടീസ് നല്‍കി അമേരിക്കക്കൊപ്പം ഇസ്‌റാഈലും നിരീക്ഷക പദവിയിലിരിക്കാനാണ് താത്പര്യം അറിയിച്ചത്. അടുത്ത വര്‍ഷം 31ഓടെ ഔദ്യോഗികമായി ഇരു രാജ്യങ്ങളുടെയും യുനെസ്‌കൊ അംഗത്വം അവസാനിക്കും.

യുനെസ്‌കൊയുടെ ഇസ്‌റാഈല്‍ വിരുദ്ധ ചായ്‌വും അടിസ്ഥാനപരമായ പരിഷ്‌കരണങ്ങളും ആവശ്യമായതിനാലാണ പിന്‍വാങ്ങുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇസ്‌റാഈല്‍ യുനെസ്‌കൊയില്‍ നിന്ന് പിന്മാറുന്നതായി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ലോക പൈത്യക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലും വിദ്യാഭ്യാസ വികസനത്തിലുമാണ് യുനസ്‌കൊ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജറൂസലമിലെ ഇസ്‌റാഈല്‍ കൈയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യുനെസ്‌കൊ മെയില്‍ പ്രമേയം പാസാക്കിയിരുന്നു.