Connect with us

National

മുത്വലാഖ് ബില്‍: രാജ്യസഭയില്‍ സര്‍ക്കാറിന് എളുപ്പമാകില്ല

Published

|

Last Updated

കാര്യമായ ചര്‍ച്ചകളില്ലാതെ ഒരു ദിവസം കൊണ്ട് ലോക്‌സഭ പാസ്സാക്കിയ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ പാസ്സാക്കുന്നത് സര്‍ക്കാറിന് എളുപ്പമാകില്ല. പ്രതിപക്ഷം കൊണ്ടുവരുന്ന ഭേദഗതികള്‍ പാസ്സാക്കിയെടുക്കുന്നതിന് അനിലവിലെ കക്ഷിനില അനുസരിച്ച് പ്രതിപക്ഷത്തിന് അനുകൂലമാകും. ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും 57 അംഗങ്ങളാണ് സഭയിലുള്ളത്. ശേഷിക്കുന്ന 75 ഓളം പേര്‍ ഇടത്, പ്രദേശിക പാര്‍ട്ടി അംഗങ്ങളാണ്. പ്രദേശിക പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലില്‍ ഭേദഗതി ആവശ്യമാണെന്ന് ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.

എ ഐ എ ഡി എം കെ, ആര്‍ ജെ ഡി, ബി ജെ ഡി, മുസ്‌ലിം ലീഗ്, എസ് പി അംഗങ്ങളാണ് ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തത്. ഈ കക്ഷികള്‍ക്ക് പുറമെ ബി എസ് പി അംഗങ്ങളും രാജ്യസഭയില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് ഉറപ്പാണ്. വിഷയം പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രധാനമായും ആവശ്യപ്പെടുന്നത്. ഇക്കാര്യം തന്നെയാകും രാജ്യസഭയിലും ഇരുകക്ഷികളും ഉന്നയിക്കുക. പ്രതിപക്ഷ കക്ഷികള്‍ ഭേദഗതി ആവശ്യപ്പെട്ട് ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ ബില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുകയും ഈ സമ്മേളനത്തില്‍ പാസ്സാക്കിയെടുക്കാനാകാതെ പോകുകയും ചെയ്യും.

രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ ശക്തി ഉപയോഗിച്ച് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാനുള്ള നീക്കം ചെറുക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കുന്നതിന് വേണ്ടി വിവിധ പ്രാദേശിക പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എ ഐ എ ഡി എം കെ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ ലോക്‌സഭയില്‍ നിലപാട് സ്വീകരിക്കാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയും സര്‍ക്കാര്‍ തേടുന്നുണ്ട്. എന്നാല്‍, ബില്ലിലെ കടുത്ത വ്യവസ്ഥകളെ അംഗീകരിച്ച് പിന്തുണക്കാനാകില്ലെന്ന നിലപാട് തന്നെയാണ് പ്രാദേശിക പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്. ചരിത്ര പ്രാധാന്യമേറിയ ബില്ലെന്ന് സര്‍ക്കാര്‍ തന്നെ വിശേഷിപ്പിക്കുമ്പോഴും ചര്‍ച്ചകള്‍ നടത്താതെ ഒരു ദിവസം കൊണ്ടുതന്നെ പാസ്സാക്കിയെടുക്കുകയായിരുന്നു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസ്സാക്കിയത്.