ഡോക്ടര്‍മാരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോഗ്യമന്ത്രി

Posted on: December 30, 2017 8:12 pm | Last updated: December 31, 2017 at 12:51 pm

തിരുവനന്തപുരം: ഒത്തുതീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും ഡോക്?ടര്‍മാര്‍ സമരത്തിനിറങ്ങിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരം എന്തിനാണെന്ന് പൊതുജനത്തിന് മുമ്പില്‍ ഇവര്‍ വ്യക്തമാക്കേണ്ടിവരും.

പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യം നേരത്തേ പരിഹരിച്ചതാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റ് കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പുംനല്‍കി. വിദ്യാര്‍ഥികള്‍ ഇതംഗീകരിക്കുകയും പണിമുടക്കില്‍നിന്ന് പിന്തിരിയുന്നതായി പ്രസ്താവന നടത്തുകയും ചെയ്തു.

ആ ആവശ്യങ്ങള്‍ക്കപ്പുറം പുതിയൊരു പ്രശ്‌നവും ഇപ്പോഴില്ല. എന്നിട്ടും സമരത്തിനിറങ്ങിയത് എന്തിനാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനുള്ള നടപടികള്‍ എടുത്തതായും ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് മതിയായ ചികിത്സസൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.