Connect with us

Gulf

അമിതവേഗം; രാജ്യവ്യാപക ബോധവത്കരണം ജനുവരി ഒന്നുമുതല്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ഡിസംബര്‍ 23 വരെ അമിത വേഗംമൂലമുണ്ടായ അപകടങ്ങളില്‍ 230 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി യു എ ഇ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ എണ്ണം 312 ആയിരുന്നു. വേഗതമൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രാജ്യ വ്യാപകമായുള്ള കാമ്പയിന് ജനുവരി ഒന്നു മുതല്‍ തുടക്കമാകും. “ഡോണ്‍ട് ലെറ്റ് സ്പീഡിംഗ് ടേണ്‍ യു ഇന്‍ ടു എ കില്ലര്‍” എന്നതാണ് കാമ്പയിന്‍ മുദ്രാവാക്യം.

രാജ്യത്തെ സര്‍വകലാശാലകള്‍, കായിക ക്ലബ്ബുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവിടങ്ങളിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെയുണ്ടായ റോഡപകടങ്ങളില്‍ 525 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മരിച്ചവരുടെ എണ്ണം 706 ആയിരുന്നു.

മിക്ക അപകട മരണങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. അമിതവേഗമൂലം രാജ്യത്ത് ഈ വര്‍ഷമുണ്ടായ അപകടങ്ങളുടെ എണ്ണം 1,535 ആണ്. കഴിഞ്ഞ വര്‍ഷമിത് 1,787 ആയിരുന്നു. 2010 മുതലാണ് അമിത വേഗതക്കെതിരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് തുടക്കംകുറിച്ചത്. ഓരോ വര്‍ഷവും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. ഓരോ വര്‍ഷവും ഡ്രൈവര്‍മാരിലേക്ക് കാമ്പയിന്‍ സന്ദേശം എത്തിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നതായും സൈഫ് അല്‍ സഫീന്‍ പറഞ്ഞു. ഈ വര്‍ഷം അമിതവേഗതക്ക് 7.7 മില്യണ്‍ സ്പീഡിംഗ് ടിക്കറ്റുകള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം 8.6 മില്യണായിരുന്നു. മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ സഞ്ചരിച്ചതിന് ദുബൈ പോലീസ് മാത്രം 56,663 പേരില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 2016ല്‍ 92,592 ആയിരുന്നു.

---- facebook comment plugin here -----

Latest