പുതുവത്സരാഘോഷം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍

Posted on: December 30, 2017 9:42 am | Last updated: December 30, 2017 at 11:59 am

ബെംഗളൂരു: കര്‍ണാടകയിലെ പുതുവത്സരാഘോഷം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. രാത്രി വൈകിയുള്ള ആഘോഷങ്ങള്‍ യുവാക്കളെ അസാന്മാര്‍ഗിക കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നും ഇത് തടയണമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 31 ന് അര്‍ധരാത്രിക്ക് മുമ്പ് സംസ്ഥാനത്തെ ഹോട്ടലുകള്‍ പൂട്ടണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ ഈ നീക്കത്തിന് തടയിട്ട് ആഭ്യന്തര മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ഒരു സംഘടനക്കും അധികാരമില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. എല്ലാ വര്‍ഷവും ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകള്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്താറുണ്ടെന്നും ഇങ്ങനെ പറയാന്‍ അവര്‍ക്ക് ഒരു അധികാരവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ പുതുവര്‍ഷ രാവില്‍ നടത്താനിരുന്ന നൃത്ത പരിപാടിയില്‍ നിന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍ പിന്മാറിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ തന്നെ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

പുതുവര്‍ഷ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. സണ്ണി ലിയോണ്‍ നൃത്ത പരിപാടി അവതരിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ പുതുവര്‍ഷാഘോഷ പരിപാടിക്കിടെ യുവതികള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷാ വലയത്തിലാണ് ആഘോഷം നടത്തുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.