Connect with us

Kasargod

കഥച്ചെപ്പ് തുറന്ന് മുത്തശ്ശിയെത്തി... വിസ്മയച്ചിറകിലേറി കുട്ടിക്കൂട്ടം

Published

|

Last Updated

ചെറുവത്തൂര്‍: വടിയും കുത്തി സമ്മാനപ്പൊതിയുമായെത്തിയ മുത്തശ്ശിയെ കുട്ടിക്കൂട്ടം താളമേളങ്ങളോടെ വരവേറ്റു. അവര്‍ക്കിടയിലിരുന്ന് മുത്തശ്ശി കുട്ടിക്കഥകള്‍ പറഞ്ഞു. അവര്‍ക്ക് പഴയ കാല നന്മകള്‍ പകര്‍ന്നു നല്‍കി.

സര്‍വശിക്ഷാ അഭിയാന്‍, ചെറുവത്തൂര്‍ ബി ആര്‍ സി എന്നിവയുടെ നേതൃത്വത്തില്‍ ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിലാണ് വേറിട്ട കാഴ്ചകള്‍ നിറഞ്ഞത്.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 40 കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തുന്നത്. വിസ്മയക്കൂടാരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഞ്ചേന്ദ്രിയാനുഭവങ്ങള്‍ തിരിച്ചറിയാനും, ജൈവ വൈവിധ്യത്തെ പരിചയപ്പെടുത്താനും വേണ്ടിയാണ് വിസ്മയക്കൂടാരം തയാറാക്കിയത്.

വിവിധ ജീവജാലങ്ങളും ശബ്ദങ്ങളും ചൂടും തണുപ്പുമൊക്കെ അനുഭവിച്ചറിയാനാകും. എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിസ്മയക്കൂടാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ. കെ നാരായണന്‍ ക്യാമ്പ് വിശദീകരണം നടത്തി. ടി വി പി അബ്ദുള്‍ ഖാദര്‍, എം ബാബു, റസാഖ് കേരള, പി വി ഉണ്ണി രാജന്‍, പി വി പ്രസീദ, സി വി ലേഖ, പി വേണുഗോപാലന്‍, പിബാലചന്ദ്രന്‍, സാജന്‍ ബിരിക്കുളം സംസാരിച്ചു. പുത്തിലോട്ട് എയുപി സ്‌കൂള്‍ അധ്യാപിക കെ എന്‍ ചിത്രയാണ് മുത്തശ്ശിയായി കുട്ടികള്‍ക്ക് മുന്നിലെത്തിയത്.

ഭാഷ, ഗണിത, പരിസര പഠനപ്രവര്‍ത്തനങ്ങള്‍ ക്യാംപിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.