മത്സ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത അഞ്ചു വര്‍ഷത്തിനകമെന്ന് മന്ത്രാലയം

Posted on: December 29, 2017 8:31 pm | Last updated: December 29, 2017 at 8:31 pm

ദോഹ: അഞ്ച് വര്‍ഷത്തിനകം രാജ്യം മത്സ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് നഗരസഭ, പരിസ്ഥിതി മന്ത്രാലയം ഫിഷറീസ് ഡയറക്ടര്‍ വ്യക്തമാക്കി. മീന്‍ വളര്‍ത്തല്‍ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരികയാണ്. പതിനാല് ഫാമുകളുടെ പ്രവര്‍ത്തനത്തിലൂടെ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ദുഹൈമി പറഞ്ഞു. ദേശീയ വികസന പദ്ധതി 2017-2022ന്റെ ഭാഗമായാണ് മത്സ്യകൃഷി വികസിപ്പിക്കുന്നത്. മീനുകളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയും സംരക്ഷിക്കുകയും മാത്രമല്ല സമുദ്ര പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഭക്ഷ്യസുരക്ഷയിലും ഉത്പാദനത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. റാസ് മത്ബക്ക സമുദ്ര ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങാനിരിക്കുന്ന പത്ത് ഫാമുകളിലായി പ്രതിവര്‍ഷം അഞ്ഞൂറ് ടണ്‍ ഉത്പാദന ശേഷിയുണ്ടാകും. അഞ്ച് ഹെക്ടറിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇവ കൂടാതെ വടക്ക്, കിഴക്ക് തീരങ്ങളിലായി ഒഴുകുന്ന കൂടകളില്‍ മൂന്ന് മീന്‍ വളര്‍ത്തല്‍ ഫാമുകളും ആരംഭിക്കും. 90 ഹെക്ടറിലാണ് ഒഴുകുന്ന കൂടുകളില്‍ മീന്‍ വളര്‍ത്തുക.

ഓരോ കൂടുകള്‍ക്കും 25 മുതല്‍ 35 മീറ്റര്‍ ആഴമുണ്ടാകും. മൂന്ന് ഫാമുകളിലായി പ്രതിവര്‍ഷം ആറായിരം ടണ്‍ മീന്‍ ഉത്പാദിപ്പിക്കാനാകും. കൂടാതെ പ്രതിവര്‍ഷം ആയിരം ടണ്‍ ചെമ്മീന്‍ ഉത്പാദനം ലക്ഷ്യമിട്ട് 111 ഹെക്ടറില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മീന്‍ വളര്‍ത്തല്‍ പദ്ധതികളില്‍ ചിലതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഖത്വരി മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതില്‍ മന്ത്രലായം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഭക്ഷ്യസുരക്ഷിതത്വം കൈവരിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന നടപടികളെ പിന്തുണച്ച് നിരവധി ഖത്വരി ഫാമുകള്‍ പച്ചക്കറി ഉത്പാദനം നൂറ് ശതമാനം വര്‍ധിപ്പിച്ചതായും അല്‍ മസ്‌റൂഅ, വക്‌റ, അല്‍ഖോര്‍ കാര്‍ഷിക ചന്തകളില്‍ ശൈത്യകാല വില്‍പ്പനയും സജീവമാണെന്നും അദ്ദേഹം പറഞ്ഞു