വന്‍കിട കയ്യേറ്റക്കാരെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Posted on: December 29, 2017 10:19 am | Last updated: December 29, 2017 at 10:40 pm

മൂന്നാര്‍: മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് സംഘത്തിന്റെ കൊട്ടക്കമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നുവെന്നും അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നുമാണ് വാര്‍ത്തകള്‍. അതിന്റെ നിജസ്ഥിതി അറിയാനാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. നേരത്തെ ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോഴാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ അന്തിമ വിജ്ഞാപനം ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കൈയേറ്റക്കാരുടെ പ്രശ്‌നങ്ങളും കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. കൈയേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.