നരണിപ്പുഴയുടെ ഓളങ്ങള്‍ വേലായുധനെ ചതിച്ചു

Posted on: December 28, 2017 2:10 pm | Last updated: December 28, 2017 at 11:39 am

ചങ്ങരംകുളം: അഞ്ച് പതിറ്റാണ്ട് കാലമായി നരണിപ്പുഴയുടെ ഓളങ്ങള്‍ വേലായുധന് സുപരിചിതമായിരുന്നു. ആ പുഴ തന്നെ ഒടുവില്‍ വേലായുധനെ ചതിച്ചു. വര്‍ഷങ്ങളായി വേലായുധന്‍ മത്സ്യബന്ധനം നടത്തിയിരുന്നത് ഇതേ പുഴയില്‍ ഇതേ തോണിയിലായിരുന്നു. അവധി ആഘോഷിക്കാനായി ബന്ധുവീടുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കായല്‍ കാണാന്‍ ഇറങ്ങിയപ്പോള്‍ കൂടെ വീട്ടുകാരുമുണ്ടായായിരുന്നു. തോണിയാത്ര നടത്തണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വേലായുധന്‍ എതിര്‍ത്തെങ്കിലും പിന്നീട് കുട്ടികളുടെ ആവശ്യത്തിന് വേലായുധന്‍ വഴങ്ങുകയായിരുന്നു. താന്‍ കിടന്നു വളര്‍ന്ന പുഴയുടെ മടിത്തട്ട് തന്നെ ചതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വേലായുധന്‍ കുട്ടികളെയും തോണിയില്‍ കയറ്റി കായലിലേക്കിറങ്ങി.

ഏകദേശം പത്ത് മീറ്റര്‍ ദൂരം തോണി നീങ്ങിയപ്പോള്‍ വരമ്പത്ത് മോട്ടോര്‍ നന്നാക്കി കൊണ്ടിരിക്കുകയായിരുന്ന നീര്‍ത്താട്ടില്‍ സുബ്രഹ്മണ്യന് തോണിയുടെപോക്ക് ശരിയല്ലെന്ന് തോന്നി. തിരിച്ചു പോരാന്‍ വേലായുധനോട് ഉറക്കെ വിളിച്ചു പറഞ്ഞു സുബ്രഹ്മണ്യന്‍. പൊടുന്നനെയാണ് കറ്റു വീശിയത്. ഈ സമയം തോണിയുടെ വിടവിലൂടെ വെള്ളം അകത്തേക്ക് കയറുകയും പരിഭ്രാന്തരായ കുട്ടികള്‍ വേലായുധന്റെ ചുറ്റും കൂടുകയും ആടിയുലഞ്ഞ് തോണി മറിയുകയുമായിരുന്നു. സ്വന്തം മകളും സഹോദരങ്ങളുടെ മക്കളും ബന്ധുക്കളുടെ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വെള്ളത്തില്‍ മുങ്ങി താഴുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വേലായുധന്‍ തളര്‍ന്നു പോവുകയായിരുന്നു.

ഇതിനിടയില്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും തളര്‍ന്ന് അവശനായ വേലായുധനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.