15 വര്‍ഷം തടവിലിട്ട മകള്‍ മരിച്ചു; ജപ്പാനില്‍ ദമ്പതികള്‍ അറസ്റ്റില്‍

Posted on: December 28, 2017 6:42 am | Last updated: December 28, 2017 at 12:44 am

ടോക്യോ: തീരെ ചെറിയ മുറിയില്‍ തടവിലിട്ട 33കാരിയായ മകള്‍ തണുത്ത് മരിച്ച സംഭവത്തില്‍ ദമ്പതികളെ ജപ്പാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ മാനസിക രോഗിയാണെന്നും അക്രമാസക്തയാകുമെന്നും കരുതിയാണ് ദമ്പതികള്‍ മകളെ തടങ്കലിലിട്ടത്. മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയ്‌രി കാകിമൊട്ടയുടെ മ്യതദേഹം പോലീസ് കണ്ടെത്തുന്നത്. കടുത്ത പോഷകാഹാരക്കുറവുണ്ടായിരുന്നു ഇവര്‍ക്ക്.

145 സെ.മീ ഉയരമുണ്ടായിരുന്ന കാകിമോട്ടൊക്ക് 19 കി.ഗ്രാം മാത്രമായിരുന്നു ഭാരം. മകള്‍ക്ക് ദിവസത്തില്‍ ഒരു തവണമാത്രമെ ഭക്ഷണം നല്‍കിയിരുന്നുവൊള്ളുവെന്നും മൂന്ന് സ്വകയര്‍ മീറ്റര്‍ മാത്രം വിസ്ത്യതിയുള്ള മുറിയിലാണ് 15 വര്‍ഷമായി തടങ്കലിലിട്ടിരുന്നതെന്നും മാതാപിതാക്കള്‍ പോലീസിനോട് സമ്മതിച്ചു.

മകള്‍ക്ക് 16 വയസ് മുതലാണ് മാനസിക രോഗം പിടിപെട്ടതെന്നും അക്രമസ്വഭാവം കാണിച്ചതിനെത്തുടര്‍ന്നാണ് മുറിയില്‍ അടച്ചിട്ടതെന്നും ഇവര്‍ മൊഴി നല്‍കി. മുറിയില്‍ ക്യാമറ സ്ഥാപിച്ചതിനു പുറമെ താത്ക്കാലിക കക്കൂസും നിര്‍മിച്ചിരുന്നു. പുറത്തെ വെള്ള ടാങ്കില്‍നിന്നുള്ള ഒരു ട്യൂബും മുറിയില്‍ സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മകള്‍ ഡിസംബര്‍ 18ന് മരിച്ചുവെങ്കിലും ശനിയാഴ്ചയാണ് പോലീസിനെ അറിയിച്ചത്. മ്യതദേഹം കുഴിച്ചുമൂടാന്‍ ദമ്പതികള്‍ ശ്രമം നടത്തിയതായി സംശയമുണ്ട്.