മിന്നും ഗോളുമായി നോറം; ആരോസിന് ആവേശ ജയം

Posted on: December 26, 2017 11:43 pm | Last updated: December 26, 2017 at 11:43 pm

ഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ കൗമാരക്കാരുടെ ടീമായ ഇന്ത്യന്‍ ആരോസിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗിനെയാണ് കുട്ടിപ്പട്ടാളം തകര്‍ത്തുവിട്ടത്. സീസണിലെ രണ്ടാം വിജയമാണ് ആരോസ് സ്വന്തമാക്കിയത്. 19ാം മിനുട്ടില്‍ ജിതേന്ദ്ര സിംഗാണ് ഗോളടിക്ക് തുടക്കമിട്ടത്. 86ാം മിനുട്ടില്‍ നോങ്ദാംബ നോറം ലീഡുയര്‍ത്തി. സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്. ഷില്ലോംഗിന്റെ അഞ്ച് താരങ്ങളെ മറികടന്ന താരം വലയിലേക്ക് നിറയൊഴിക്കുമ്പോള്‍ ഗോളിക്ക് നോക്കി നില്‍കകാനേ കഴിഞ്ഞുള്ളൂ.

ഇഞ്ചുറി സമയത്ത് മലയാളി താരം രാഹുല്‍ പ്രവീണ്‍ ഷില്ലോംഗിന്റെ പതനം പൂര്‍ത്തിയാക്കി മൂന്നാം ഗോള്‍ നേടി. മുഖ്യപരിശീലകന്‍ നോര്‍ട്ടണ്‍ ഡിമാറ്റോസിന്റെ അഭാവത്തില്‍, സഹപരിശീലകന്‍ പ്ലൊയ്ഡ് പിന്റോയുടെ കീഴിലാണ് ആരോസ് ഇന്നലെ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ആരോസ് ഗോകുലം കേരള എഫ് സിയോട് പരാജയപ്പെട്ടിരുന്നു. അന്ന് കളിച്ച ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് ആരോസ് ഇന്നലെ ഇറങ്ങിയത്.

ജയത്തോടെ ഗോകുലം കേരളയെ മറികടന്ന് ആരോസ് ലീഗില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമുള്ള ആരോസിന് ആറ് പോയിന്റാണുള്ളത്. ഏഴ് കളികളില്‍ മൂന്ന് ജയവും ഒരു സമനിലമായി പത്ത് പോയിന്റുള്ള ഷില്ലോംഗ് നാലാം സ്ഥാനത്താണ്. 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.